Monday, May 9, 2011

മരണമാണ് ജീവിതത്തെക്കാള്‍ പരമമായ സത്യമെന്നു പറഞ്ഞതാരാണ്? എല്ലാവരും മരിക്കുന്നു, എല്ലാവരും പക്ഷെ ജീവിക്കുന്നില്ല!

ഏഴാം ക്ലാസ് വരെ പഠിച്ച സ്കൂളിന്റെ പരിസരങ്ങളിലെ അക്കാലത്തെ പ്രധാന ആകര്‍ഷണങ്ങളില്‍ ഒന്ന് വൈകുന്നേരത്തെ ബെല്ലിനു ശേഷം പുറത്തേക്കു ഓടുമ്പോള്‍ ഗേറ്റിനു വെളിയില്‍ "കൊള്ളി" ഐസ് ബോക്സുമായി കുട്ടി-കസ്ടമെര്സിനെ കാത്തിരിക്കുന്ന നാരായണെട്ടനായിരുന്നു. അകന്നതെങ്കിലും ബന്ധത്തിലുള്ളതായത് കൊണ്ട് ചിലപ്പോഴൊക്കെ വക്കു പൊട്ടിയതും കമ്പ് പോയതുമായ ചില ഐസ് കഷണങ്ങള്‍ നാരായണേട്ടന്‍ എനിക്ക് വച്ച് നീട്ടാറുണ്ടായിരുന്നു. അങ്ങിനെ നൂറുകണക്കിന് വിദ്ധ്യാര്തികളുടെ വ്യവഹാരം നടക്കുന്ന ആ കച്ചവടസിരാകേന്ദ്രത്തിലെ മുടിചൂടാമന്നനായ് നാരായണേട്ടന്‍ വിഹരിച്ചിരുന്ന അക്കാലത്തെപ്പോഴോ ആണ് സ്കൂളിനോട് ചേര്‍ന്ന് ഒരു ഇരുനില കെട്ടിടം നിര്‍മ്മിക്കപ്പെടുന്നത്. മുകളിലെ നിലയില്‍ ട്യൂഷന്‍ സെന്ററും താഴെയുള്ള ഭാഗത്ത്‌ സ്റ്റെഷനറി കടയും പലചരക്ക് കടയും ഇലക്ട്രോണിക്സ് റിപ്പയരിങ്ങും ഒക്കെയായി ഞങ്ങളുടെ നാട്ടിന്‍പുറവും നാഗരികമായ നേര്‍ത്ത ചില നിറച്ചാര്‍ത്തുകള്‍ കൊണ്ട് അല്പസ്വല്പം പരിഷ്കൃതമാകാന്‍ തുടങ്ങുന്ന കാലം. മുകളിലെ ട്യൂഷന്‍ സെന്ററില്‍ വരുന്ന പെണ്‍കുട്ടികളെ വെറുതെ കണ്ടു കൊതി തീര്‍ക്കാന്‍ പരിഷ്കാരികളായ ചെറുപ്പക്കാര്‍ സദാസമയവും ജാഗരൂകരായ്‌ സ്കൂള്‍ പരിസരങ്ങളില്‍ നിറയാന്‍ തുടങ്ങിയപ്പോള്‍ ശുഷ്ക്കമായിരുന്ന ആ ഗ്രാമം ഒട്ടൊക്കെ സജീവമാകാന്‍ തുടങ്ങിയിരുന്നു.

നാരായണെട്ടന് ചുറ്റും കൊള്ളി ഐസിന് വേണ്ടി കലപില കൂട്ടിയ പിള്ളേരൊക്കെ നിഷ്കരുണം, എണ്ണമറ്റ മിട്ടായികളടങ്ങിയ ഭരണികളും വര്‍ണ്ണാഭമായ സ്റ്റെഷനറിത്തരങ്ങളും മാടി വിളിക്കുന്ന പുത്തന്‍കടയിലേക്ക് ചേക്കേറാന്‍ തുടങ്ങി. നാല് മണിക്ക് സ്കൂള്‍ വിട്ടാല്‍ അടുത്ത നിമിഷങ്ങളില്‍ ഈ സ്റ്റെഷനറി കട ജനനിബിടമാകും.. ഒരു മായാജാലവിദ്യക്കാരന്റെ കൈവഴക്കത്തോടെ ഒരു ഡസന്‍ മിട്ടായിഭരണികളില്‍ നിന്നും ഒരന്‍പതു പിള്ളേര്‍ക്കെങ്കിലും ഒരേ സമയം മധുരം കൈമാറുന്ന ചുറുചുറുക്കുള്ള ചെറുപ്പക്കാരനായ കടയുടമ ആ കാലത്ത് എനിക്കൊരു വിസ്മയമായിരുന്നു. ആവശ്യക്കാരുടെ അതിബാഹുല്യത്തില്‍ രൂപം കൊള്ളുന്ന തളളും ബഹളവും കൊണ്ട് മിട്ടായിഭരണികള്‍ നിലകൊള്ളുന്ന മുന്‍നിരയിലേക്ക് ഇടിച്ചു കയറാനുള്ള കെല്‍പ്പില്ലാതെ പലപ്പോഴും ഇച്ഛാഭംഗത്തോടെ പിന്നാമ്പുറങ്ങളില്‍ നില്‍ക്കും. കാക്കത്തൊള്ളായിരം കൈകളില്‍ ആ മനുഷ്യന്‍ കൈമാറുന്ന കൌതുകങ്ങള്‍... പിന്നെയും കാലം കഴിഞ്ഞ് നാലാളുടെ മുന്‍പില്‍ നേര്‍ക്ക്‌ നിന്ന് കാര്യം ബോധിപ്പിക്കാനുള്ള കെല്‍പ്പോക്കെ വന്നതിനു ശേഷമെപ്പോഴോ ആയിരിക്കണം പലരെയും അറിഞ്ഞത് പോലെ ആ കടയുടമയുടെ പേര് രാജേട്ടന്‍ എന്നാണെന്നും മറ്റുമൊക്കെ അറിയുന്നത്. കൊള്ളിഐസിനും നാരങ്ങമിട്ടായിക്കും തല്ലു കൂടുന്നവരുടെ കൂട്ടത്തില്‍ നിന്നും ട്യൂഷന്‍ സെന്ററിന്റെ സൌന്ദര്യാരാധകരുടെ കൌമാരക്കൂട്ടത്തിലെക്കുള്ള എന്റെ "വളര്‍ച്ച" കൃത്യമായി അറിഞ്ഞ ഒരാള്‍ ഒരു പക്ഷെ രാജേട്ടന്‍ ആയിരിക്കണം. ഇതിനിടയില്‍ എപ്പോഴോ ഞങ്ങളുടെ നാട്ടിലെ എല്ലാ ചെറുപ്പക്കാരും ഒരാചാരം പോലെ തുടര്‍ന്നിരുന്ന വിസാ കാത്തിരിപ്പിനൊടുവില്‍ രാജേട്ടനും ഗള്‍ഫിലെ മണല്കാടുകളിലെവിടെയോ വിസ്മൃതിയിലായി. ജിവിതത്തിന്റെ അനിവാര്യ സന്ധിഗ്ദതയില്‍ വീടും നാടും നന്മകളും കൈമോശം വന്ന് അലയുന്നതിനിടയില്‍ അപൂര്‍വമായ അവധിക്കാലങ്ങളില്‍ ഞാന്‍ പഴയ തട്ടകത്തിലെത്തുംപോള്‍ ചിലപ്പോഴൊക്കെ രാജേട്ടനും തന്റെ അവധി ദിനങ്ങളില്‍ അവിടെയുണ്ടാകാറുണ്ടായിരുന്നു. കാലമേല്പിച്ച പരിക്കുകളില്‍ ഞെരുങ്ങി ബന്ധങ്ങളുടെ ഊഷ്മളത ഊറിപ്പോകുന്നത്‌ നേരിട്ടനുഭവിച്ചുകൊണ്ടേയിരുന്നത്കൊണ്ട് രാജേട്ടനെ പഴയൊരു പരിചയക്കാരന്‍ എന്ന 'അപരിചിതത്തില്‍' അസ്വാഭാവികത ഇല്ലാതെ വെറുമൊരു കുശലാന്വേഷണത്തില്‍ പരസ്പരം ഒതുക്കാന്‍ കഴിഞ്ഞു.

പിന്നെയും വര്‍ഷങ്ങള്‍ക്കു ശേഷം ഓര്‍മകളുടെ വേലിയിറക്കത്തില്‍ ഉള്ളിലെ നനവാര്‍ന്ന മണല്‍ത്തിട്ടയില്‍ രാജേട്ടന്റെ മുഖം തെളിയുന്നത് കഴിഞ്ഞ ആഴ്ചയിലൊരു ദിവസം അനീഷേട്ടന്‍ വിളിച്ചു പറയുമ്പോഴാണ്. ഖത്തറില്‍ വെച്ച് ജീവന്റെ നെട്ടോട്ടത്തിനു ഒരു മുളം കയറില്‍ കുരുക്കി സ്വയം ഒരു സഡന്‍ ബ്രേക്ക്! പതിവ് പോലെ അഭ്യൂഹങ്ങളും നിഗമനങ്ങളും വിലയിരുത്തലുകളും ചുറ്റിലും പടരുന്നുണ്ടായിരിക്കണം. എന്ത് തന്നെയായാലും, കളിചിരി പ്രായം മാറാത്ത മൂന്ന് കുഞ്ഞുങ്ങളും നിരാലംബയായ ഭാര്യയും അനാഥമായ ജീവിതങ്ങളും കണ്ണീരും വിലാപവും നെടുവീര്‍പ്പുകളും മാത്രം ബാക്കിയാവുന്നു..

എണ്ണമറ്റ കുഞ്ഞുകൈത്തടങ്ങളില്‍ അതിദ്രുതം മധുരം കൈമാറുന്ന നീണ്ടു മെലിഞ്ഞൊരു താടിക്കാരന്‍ ഉള്ളില്‍ വീണ്ടും ആര്‍ദ്രമായൊരു കൌതുകമായി നനയുന്നു. പാരീസ് മിട്ടായിയും മസാലനാരങ്ങക്കഷണവും മധുരവും പുളിപ്പുമായി രന്ദ്രങ്ങളിലെവിടെയോ അനിയന്ത്രിതമായി അയവിറക്കപ്പെടുന്നു. ഓര്‍മകള്‍ക്ക് ഗന്ധവും രുചിയുമുന്ടെന്ന തിരിച്ചറിവ് വേദനയാകുന്നു. മരണത്തിന്റെ തണുപ്പ് പതിയെ മരവിപ്പായി, പിന്നെ മറവിയുടെ മഹാഗര്‍ത്തങ്ങളില്‍ മറയുന്നത് വരെ നേര്‍ത്ത നെടുവീര്‍പ്പുകലായ്.
ആദരാഞ്ജലികള്‍..