Saturday, July 24, 2010

മായാത്ത മടക്കയാത്രകള്‍ 1

ഓരോ വേര്‍പാടുകളും എനിക്ക് വേവുന്ന വ്യഥകളാണ് കാലങ്ങളോളം കൂടെ തരാറു. ഇത്തിരി കാലത്തെ പരിചയമുള്ളവര്‍ പോലും അകാലം പിരിയുന്നത് ഉള്ളു ആര്ദ്രമാക്കുന്നത് ഞാനറിയാറുണ്ട്‌. അപ്പോള്‍ പിന്നെ, കളിചിരികളും കിനാവുകളും പാതി വഴിയില്‍ ബാക്കി വെച്ച് പ്രിയപെട്ടവരും പരിചയമുള്ളവരും നമ്മളില്ലാത്ത ലോകത്തേക്ക് പൊടുന്നനെ പിരിയുന്നത് എത്ര കഠിനമായിരിക്കും! ദിവസങ്ങളില്‍ വായിച്ചു കൊണ്ടിരുന്ന പുസ്തകത്തിന്റെ ഉള്ളടക്കം "മരണം" ആയതുകൊണ്ടാണെന്നു തോന്നുന്നു, പിന്നിട്ട കാലങ്ങളില്‍ കടലോളം കണ്ണീരു കൈമാറി കടന്നുപോയവര്‍ ഒന്നൊന്നായി എന്റെ ദിനരാത്രങ്ങളില്‍ കനലുകള്‍ നിറച്ചു കൊണ്ടിരിക്കുന്നത്. ജീവിതം കൊണ്ട് മുറിവേറ്റവരുടെ അവസാനവാക്കെന്ന് എന്റെ സുഹൃത്ത്‌ അടയാളപെടുത്തിയ ആത്മഹത്യയില്‍ അവസാനിച്ചവരും, അകാലമരണമെന്ന അതിര്‍വരമ്പ് അതിജീവീക്കാനാകാതെ ദാരുണവും സ്വാഭാവികവും ആയി കാഴ്ചയ്ക്കപ്പുറം മറഞ്ഞവരും ഓര്‍മകളുടെ തണുത്ത തൂവലുകള്‍ കൊണ്ടെന്നെ അനുദിനം ആര്ദ്രനാക്കുന്നു. ഓര്‍മകള്‍ ഒരു താന്തോന്നിപുഴയാണ് എന്ന് വായിച്ചതെവിടെയാണ്? അത് നേരവും നിലയും നോക്കാതെ അനുനിമിഷം പുറകോട്ടു പായുന്നു. അതെ, ഇടതടവില്ലാതെ..


പുഴവെള്ള പാചിലിനപ്പുറം, അങ്ങേയറ്റം ശാന്തമായ ബാല്യസ്മരണകളില്‍, അവധികാലം ആരവങ്ങളോടെ ആഘോഷിച്ചിരുന്ന അമ്മവീടുണ്ട്. അവിടെ ആകുലതകളേതുമില്ലാതെ കളിതമാശകളില്‍ മുഴുകിയിരുന്ന സമപ്രായക്കാര്‍. മധുരം നിറഞ്ഞ മാമ്പഴക്കാല്തിന്റെ ഓര്‍മയില്‍ കണ്ണീരിന്റെ ഉപ്പുരസവുമായി പെണ്‍കുട്ടി വന്നു നില്‍ക്കുന്നു.. ശ്രീകുട്ടി .. അയല്‍പക്കത്തെ കളിക്കൂട്ടുകാരി. എന്നെക്കാള്‍ ഒരു വയസ്സിനിളപ്പം. അപൂര്‍വ്വം കൈയില്‍ വരുന്ന നാണയത്തുട്ടുകള്‍ കൊണ്ട് ഞങ്ങള്‍ പങ്കിട്ടെടുത്ത നാരങ്ങമിട്ടായി നാവില്‍ നിറയുന്നുണ്ട് . നാട്ടുമാവില്‍ നിന്നും കാറ്റില്‍ പൊഴിയുന്ന മാമ്പഴങ്ങള്‍ക്ക് വേണ്ടി കൂട്ടുകാര്‍ മല്‍പിടുത്തം നടത്തുമ്പോള്‍ കൌശലപൂര്‍വ്വം അത് കൈക്കലാക്കി എനിക്ക് കൈമാറുന്ന കൌതുകം .. ഒരു വൈകുന്നേരം ആരോ പറഞ്ഞു അവള്‍ക്കു പനി ആയതുകൊണ്ട് കളിക്കാന്‍ വരുന്നില്ലെന്ന് . രാത്രി അമ്മയുടെ കൈയില്‍ നിന്നും ചോറുരുള വായിലാക്കുമ്പോള്‍ അവളുടെ അച്ഛന്‍ വന്നു അമ്മാമനെ വിളിച്ചു കൊണ്ട് പോകുന്നു . ഉറക്കം മൂടിയ കുഞ്ഞു കണ്‍പോളകളെ രാവേറെ ആയപ്പോള്‍ ഉണര്‍ത്തിയത് അടുത്ത വീട്ടിലെ ആര്‍ത്തനാദങ്ങള്‍ . അത്രയും പെട്ടെന്ന് അവള്‍ ഞങ്ങളില്‍ നിന്നും കണ്ണുകെട്ടി കളിച്ചു കളിച്ചു കാണാമറയത് പോയിരുന്നു . മരണം ഇത്രയും ക്ഷണികവും ദുര്‍ബലവും അഗാധവുമാനെന്നു അറിയുന്ന പ്രായമായിരുന്നില്ല അത്. എന്നിട്ടും, മാമ്പഴങ്ങള്‍ മൃദുലം പൊഴിയുന്ന നാട്ടുമാവിന്ചോട്ടില്‍ ഞാന്‍ വല്ലാതെ തനിച്ചായതറിഞ്ഞു . കൂട്ടുകാരില്‍ നിന്നും അടര്‍ത്തിയെടുത്തു ദ്രുതം എന്നിലേക്ക്‌ നീളുന്ന മധുരം ഇനിയില്ല .. പാതി മുറിച്ചു പങ്കിട്ട നാരങ്ങമിട്ടായി നിരന്തരം നീറുന്ന നേരായി ഇത്രയും കാലം നേര്‍ക്ക്‌ നേര്‍..


പെയ്തൊഴിഞ്ഞിട്ടും പിന്നെയും ഇറ്റുവീഴുന്ന മഴബാക്കി പോലെയാണ് ചില ഓര്‍മ്മകള്‍ . അരങ്ങൊഴിഞ്ഞിട്ടും അവരെ പറ്റിയുള്ള ചിന്തകള്‍ മനസ്സിന്റെ ചില്ലയില്‍.. ഇലചാര്‍ത്തില്‍.. മെല്ലെ മെല്ലെ ഇറ്റിറ്റു വീണുകൊണ്ടേ ഇരിക്കുന്നു . നീര്‍മണികളിലൊന്നായിരുന്നു ആദ്യത്തെ ആറു ക്ലാസ്സുകളില്‍ എനിക്കൊപ്പം പഠിച്ചിരുന്ന രാധ എന്നാ പെണ്‍കുട്ടി . വര്‍ഷങ്ങള്‍ക്കിപ്പുറവും വെളുത്ത മുഖത്തെ ദൈന്യം നിറയുന്ന മിഴികളും നിഷ്കളങ്കം വിരിയുന്ന ചെറുപുഞ്ചിരികളും ഞാനോര്തുവെയ്കാന്‍ കാരണമെതുമില്ലെങ്കിലും പലപ്പോഴും പഴയ ഓര്‍മകളില്‍ സ്വാസ്ഥ്യം കെടുന്നത്‌ ഞാന്‍ അറിയാറുണ്ട് . നന്നായി പഠിക്കുന്ന കുട്ടിയായിരുന്നു രാധ . യൂണിഫോം ഒന്നും ഇല്ലാതിരുന്ന കാലത്ത് നിറം മങ്ങിയ മുട്ടോളമെത്തുന്ന നീളന്‍ പാവടകളിലാണ് അവളുടെ ഓര്മചിത്രങ്ങള്‍ എന്നിലുള്ളതു . ഒരു പെരുമഴക്കാലത്ത് പുഴവെള്ളം നിറകവിഞോഴുകുന്ന കാഴ്ച കാണാന്‍ കൂട്ടുകാരനോടൊപ്പം പോയപ്പോഴാണ് അവളുടെ ഓല മേഞ്ഞ രണ്ടു മുറി കുഞ്ഞു വീട് കണ്ടത് . പുഴയിരംബം കാത് തോടുന്നത്രയും അരികെ . ഒരു പെരുമഴ കൂടി പിന്നിട്ടാല്‍ ഒരു പക്ഷെ വീടും പ്രളയത്തില്‍ ഒലിച്ചു പോകുമെന്ന് ഞാന്‍ ആകുലപ്പെട്ടു . വിമുഖത ഒന്നുമില്ലാതെ ചായ്പിലേക്ക് ഞങ്ങളെ വിളിച്ചു കയറ്റി , ഏതോ നാട്ടുവേലയ്കു പോയി അപ്പോള്‍ മടങ്ങി വന്ന അമ്മയുടെ കൈയില്‍ നിന്നും ചൂടുള്ളൊരു കട്ടന്‍ ചായയും തന്നാണ് അവള്‍ ഞങ്ങളെ അത്ബുതപെടുതിയത് . പിന്നെയും ആറേഴു മാസങ്ങള്‍ക്ക് ശേഷം ഒരു പരീക്ഷകാലത്ത് മരണം തീനാളമായ് അതിന്റെ എല്ലാ വന്യതയോടും കൂടി അവളെ വന്നു പൊതിഞ്ഞു . നേരം വൈകി പഠിക്കുകയായിരുന്ന അവളുടെ അന്നുടുത്തിരുന്ന നിറം മങ്ങിയ ഏതോ പാവാടയിലേക്ക് നിലത്തു വെച്ച മണ്ണെണ്ണവിളക്ക് തട്ടിമറിയുകയായിരുന്നു . രാവിലെ സ്കൂളില്‍ കേട്ടത് തീപോള്ളലെറ്റു അവള്‍ ആശുപത്രിയിലായെന്നാണ് . ഏതാണ്ട് മുഴുവനും കത്തിക്കരിഞ്ഞുപോയ ഉടലില്‍ നിന്നും മണിക്കൂറുകള്‍ക്കകം ശേഷിച്ച ശ്വാസവും തോര്ന്നുപോയി . മൃദശരീരം കാണാന്‍ മൂകം നിരനിരയായ് ഞങ്ങള്‍ സഹപാഠികള്‍ കുഞ്ഞുവീട്ടിലെത്തുമ്പോള്‍ കഴിഞ്ഞ പെരുമഴക്കാലം മുഴുവന്‍ എന്റെ ഉള്ളില്‍ കോരിച്ചൊരിയുകയായിരുന്നു .. ആര്ത്തലച്ചുവരുന്ന ശബ്ദവീചികള്‍ പുഴയിരമ്പമല്ല .. അതവളുടെ അമ്മയുടെ അണപൊട്ടിയോഴുകുന്ന ആത്മനൊമ്പരങ്ങളായിരുന്നു .. ഉറക്കം കെടുത്തുന്ന പരീക്ഷകളെഴുതാന്‍ ഇനി രാധയ്ക് മണ്ണെണ്ണവിളക്കിന്റെ അരിച്ച വെളിച്ചത്തില്‍ കൂനിയിരിക്കേണ്ടെന്നു വെറുതെ .. വെറുതെ ഞാന്‍ ആശ്വസിച്ചു ..


അബ്ദുള്‍ ഖാദര്‍ ഞങ്ങളുടെ നാട്ടില്‍ വന്നത് മദ്രസ അധ്യാപകനായാണ്. മലപ്പുറത്തെവിടെയോ ഉള്ള ഒരു കുഗ്രാമത്തില്‍ നിന്നും ഞങ്ങളുടെ നാട്ടിലെത്തിയ ചെറുപ്പക്കാരന്‍ മത പണ്ഡിതരുടെ സാമ്പ്രദായിക രൂപഭാവങ്ങളില്‍ നിന്നും പരമ്പരാഗത കെട്ടുപാടുകളില്‍ നിന്നും വേറിട്ട്‌ നിന്നിരുന്നു . ഞാനയാളെ ശ്രദ്ധിക്കുന്നതും പരിചയപെടുന്നതും ഞങ്ങളുടെ നാടിന്പുറത്തെ സാഹിത്യസമ്പന്നമാക്കിയിരുന്ന ലൈബ്രറിയില്‍ വെച്ചായിരുന്നു . വായനയുടെ ഭ്രാന്തു എറ്റവുമേറിയിരുന്ന എന്റെ കാലത്ത് സമാനസ്വഭാവക്കാരോട് അടുക്കാനും എനിക്കറിയാത്ത പുതിയ എഴുത്തുകാരുടെ രചനകളെ പടി അറിയാനും സമയം കണ്ടെത്തിയിരുന്ന കാലത്താണ് അബ്ദുള്‍ ഖാദര്‍ വായനമുറിയിലേക്ക്‌ എം എസിന്റെകേരളം മലയാളികളുടെ മാതൃഭൂമിയുമായി വന്നു കയറിയത് . ഖുറാനും ഇസ്ലാമിക ആത്മീയതയും അടക്കം ചെയ്യേണ്ട കൈകളില്‍ എം എസും ഇടതുപക്ഷ ചിന്തകളുടെ അക്ഷരക്കൂട്ടങ്ങളും ... അത് തന്നെയാകാം അയാളെ വ്യത്യസ്തനാകിയതും . അടുത്തറിഞ്ഞപ്പോള്‍ മനസിലായി സൂര്യന് താഴെയുള്ള ഏകദേശ കാര്യങ്ങളിലും സ്വന്തമായ അഭിപ്രായവും ചിന്തകളും വെച്ച് പുലര്‍ത്തുന്ന ഒരു യുവാവാണ് അബ്ദുള്‍ ഖാദര്‍ എന്ന് . ഇടതുപക്ഷ ആശയങ്ങളോട് അനുഭാവമില്ലാതിരുന്നിട്ടും എം എസ് എന്ത് പറയുന്നു എന്നറിയാനുള്ള ആകാംക്ഷയായിരുന്നു അന്ന് അയാളുടെ കൈയില്‍ കണ്ടത്. ചിന്തകളില്‍ പലപ്പോഴും രണ്ടു ധ്രുവ ങ്ങളില്‍ നില്കുമ്പോഴും ഏതൊക്കെയോ അദൃശ്യരേഖകളില്‍ എന്റെയും അയാളുടെയും രീതികള്‍ ഒരേ നൂല്പാലത്തിലൂടെ നീങ്ങുന്നത്‌ ഞാനറിയാരുണ്ടായിരുന്നു . വാദിച്ചും ജയിച്ചും തോറ്റും കടന്നുപോയ കുറെ സമ്പന്നദിനങ്ങള്‍ .. രണ്ടു മാസം കൂടുമ്പോള്‍ നാലോ അഞ്ചോ ദിനങ്ങള്‍ നാട്ടില്‍ പോയി വന്നിരുന്ന അബ്ദുള്‍ ഖാദര്‍ അത്തവണ മടങ്ങി വന്നില്ല . ഒരാഴ്ചയ്ക് ശേഷമാണ് അയാളിനി മടക്കയാത്രകളില്ലാത്ത മേഘലോകത്തേക്ക് നബിവചനങ്ങളും ചെഗുവേരസൂക്തങ്ങളുമായി പറഞ്ഞയക്കപെട്ടുവെന്നു ഞാനറിയുന്നത്. കൂടുതല്‍ കാര്യങ്ങള്‍ പിന്നീട് മനസിലായി . മതങ്ങളുടെ ഉപജാതികള്‍ തമ്മിലെ ഏതോ അര്‍ത്ഥരഹിതമായ പോരാട്ടത്തിനിടയില്‍ അകപ്പെട്ടുപോയ ഒരനാഥന്റെ നിസ്സഹായമുഖം.. റോഡരുകില്‍ മരിച്ചു കിടന്ന അബ്ദുള്‍ ഖാദരുടെ ശരീരം പിറ്റേന്ന് കാണുമ്പോള്‍ തലയില്‍ അഞ്ചു ഇഞ്ച് ആഴത്തില്‍ കൂര്‍ത്ത ഇരുമ്പ് കമ്പി കുത്തിക്കയറ്റിയിട്ടുണ്ടായിരുന്നുവത്രേ . അനാഥബാല്യത്തിന്റെ അവഗണനകള്‍ നിറഞ്ഞ പൊതുവഴികളിലൂടെ ആരുടെയോകെയോ കാരുണ്യത്തില്‍ യതീം ഖാനയിലെ പ്രാര്‍ഥനാ നിര്‍ഭരമായ അകത്തളങ്ങള്‍ പിന്നിട്ടും ആകുലമായ അപഹര്‍ഷ ചിന്തകളെ അതിജീവിച്ചും , ഒടുവിലതേ പഴയ പൊതുവഴിയില്‍ ആരുമില്ലാതെ ചോരവട്ടത്തില്‍ ചോര്‍ന്നു പോയൊരു ജീവിതം .. അധിനിവേശങ്ങള്‍ അതിജീവിക്കാനുള്ള കെല്പു കെട്ടുപോയ ദേശാന്തരങ്ങളിലെ ജനതയുടെ കഴിവുകേടില്‍ നനയുന്നൊരു മനസുള്ള അയാളുടെ ദുരന്തത്തില്‍ ആരെങ്കിലും ഒരിറ്റു കണ്ണീര്‍ വീഴ്ത്തിയിരിക്കുമോ? കാലങ്ങള്‍ക്കിപ്പുറവും കുറ്റിത്തലമുടിയില്‍ വിരലോടിച്ചു വലിയ കാര്യങ്ങള്‍ ചിന്തിക്കുന്ന ചെറിയ മനുഷ്യന്‍ ലളിതമായി ശാന്തനായ് എന്നോട് തര്‍ക്കത്തില്‍ ഏര്‍പ്പെട്ടുകൊണ്ടിരിക്കുന്നു..

മായാത്ത മടക്കയാത്രകള്‍ 2

പതിനൊന്നു വര്‍ഷങ്ങള്‍ക്കുമുന്‍പ്, കൃത്യമായ് പറഞ്ഞാല്‍ 99 ആഗസ്ത് 15-നാണ് ജോര്‍ജിനെ ഞാന്‍ കാണുന്നതും പരിചയപെടുന്നതും . ഇത്രയും വ്യക്തമായ് ഓര്‍ക്കാന്‍ കാരണം അന്നായിരുന്നു ഞാന്‍ ഈ മണല്നഗരത്തിലെ ആദ്യജോലിയില്‍ പ്രവേശിക്കുന്നത് . ദേ ശ ത്തിന്റെയും സംസ്കാരത്തിന്റെയും ഭാഷയുടെയും വ്യത്യസ്തതകള്‍ വല്ലാതെ വിവശമാക്കിയ ആ ഒരു പകലില്‍ മലയാളത്തിന്റെ ശുദ്ധശബ്ദവുമായി ജോര്‍ജ് എന്റെ മുറിയിലേക്ക് വരികയായിരുന്നു . അറബികളും ഈജിപ്ഷ്യന്സും മൊറോക്കന്സും ആയ സഹപ്രവര്‍ത്തകരുടെ ഇടയില്‍ നട്ടം തിരിയുന്ന ആ ആദ്യദിനത്തില്‍ ഞാന്‍ മഴ പോലെ കേട്ട മാതൃഭാഷ ജോര്‍ജിന്റെതായിരുന്നു . കമ്പനിയുടെ ഇലക്ട്രിക്കല്‍ വര്‍ക്സ് കോണ്‍ട്രാക്ടില്‍ എടുത്തു ചെയ്യുന്ന ജോലിയായിരുന്നു ജോര്‍ജിന്റെത് . അങ്ങനെ ഏതോ മെയിന്റനന്‍സ് വര്‍ക്കുമായ് ബന്ധപ്പെട്ടു എന്റെ മുറിയിലെ പ്ലഗ്ഗ് പോയിന്‍സ് പരിശോധിക്കുമ്പോള്‍ കൂടെയുണ്ടായിരുന്ന സഹായിയോടു കൈമാറിയ മലയാളമാണ് വല്ലാത്ത ആവേശത്തോടെ എന്റെ കാതുകളോപ്പിയെടുത്തത്. പുതിയ ആളായത് കൊണ്ടും കാഴ്ചയില്‍ത്തന്നെ മലയാളിയെന്നു തോന്നിക്കുന്നതു കൊണ്ടുമായിരിക്കും അയാള്‍ എന്റെ അടുത്ത് വന്നു പരിചയപ്പെടാനുള്ള സൌമനസ്യം കാട്ടി . അന്നയാള്‍ പറഞ്ഞത് ഇപ്പോഴും വ്യക്തമായോര്‍കുന്നുണ്ട് ഒരു ആഗസ്ത് 15-നു ഇന്ത്യയ്ക് സ്വാതന്ത്ര്യം കിട്ടി , പക്ഷെ ഈ 15-നു താങ്കളുടെ സ്വാതന്ത്ര്യം അടിയറ വെച്ചു , അല്ലെ എന്ന് . അന്നാ വാക്കുകളുടെ പോരുളെനിക്ക് വ്യക്തമായില്ലെങ്കിലും പിന്നെ ആ പ്രസ്താവത്തിന്റെ അര്‍ത്ഥവ്യാപ്തിയും തീവ്രതയും ഞാനറിഞ്ഞു (ഒരു പക്ഷെ മിക്കവാറും പ്രവാസികള്‍ അറിയുന്ന അര്‍ത്ഥതലങ്ങള്‍ തന്നെ ). പിന്നെ ഞാന്‍ ഇടയ്കിടെ ജോര്‍ജിനെ കാണുക പതിവായ്‌ . ഓഫീസ് വിട്ടു താഴെയെത്തുമ്പോള്‍ ചില ദിവസങ്ങളില്‍ അവിടെയുള്ള ഒരു കഫ്ടീരിയയില്‍ ചായ കുടിക്കുകയായിരികും അയാള്‍. പലപ്പോഴും ഞാനും ഒപ്പമിരുന്നു ഒരു കട്ടന്‍ ചായ കുടിക്കും . ജോര്‍ജ് ഓടിച്ചിരുന്നത് ഒരു പഴയ ടൊയോട്ട പിക്ക് -അപ്പ്‌ ആയിരുന്നു . ചില ദിവസങ്ങളില്‍ എന്നെ ടാക്സി സ്റ്റേഷന്‍ വരെ കൊണ്ട് വിടും . അങ്ങനെയുള്ള പോക്കുവരവുകളിലാണ് അയാള്‍ പലപോഴായി സ്വന്തം ജീവിതം എനിക്ക് മുന്നില്‍ തുറന്നു വെച്ചത് . കഴിഞ്ഞ ആറു വര്‍ഷങ്ങളായ് നാട്ടില്‍ പോകാതെ (പോകാനാകാതെ ) ജോര്‍ജ് ഈ മണല്നഗരത്തിലെ കോണ്‍ക്രീറ്റ് കാടുകള്‍ക്കിടയിലുണ്ട് . ഏഴു വര്‍ഷങ്ങള്‍ക്കു മുന്‍പായിരുന്നു കല്യാണം . ഗള്‍ഫിലേക്ക് അയാള്‍ വരുമ്പോള്‍ ഭാര്യ ആറുമാസം ഗര്‍ഭിണി ആയിരുന്നു . ഒരു വര്‍ഷമെങ്ങിനെയെങ്കിലും തികച്ചു നാട്ടില്‍ പോയി കുഞ്ഞിനേയും ഭാര്യയേയും കണ്ടു വരാമെന്ന് കാത്തിരുന്ന അയാള്‍ക് ജോലി ചെയ്തിരുന്ന ത്രീ സ്റ്റാര്‍ ഹോട്ടലിലെ ഉടമ അവധി നല്‍കിയില്ല . അതിന്റെ പേരിലുണ്ടായ ചെറിയ അപസ്വരങ്ങള്‍ അയാളുടെ ജോലിയെയും ജീവിതത്തെ തന്നെയും ബാധിക്കാന്‍ തുടങ്ങുന്നത് അയാള് പോലും അറിയാതെ ആയിരുന്നു . രണ്ടര വര്‍ഷത്തോളം അടിമയെ പോലെ ജോലി ചെയ്തിട്ടും മുതലാളിയുടെ കഠിനഹൃദയം ഉരുകിയില്ല . ഒടുവില്‍ ഭ്രാന്തു പിടിച്ച അയാള്‍ ഹോട്ടല്‍ ഉടമയുമായി ശാരീരികമായി തന്നെ എറ്റുമുട്ടുന്ന ഒരവസ്ഥ വന്നു . പിന്നെ കേസും ജയിലും കോടതിയുമായി കുറെ മാസങ്ങള്‍ . പാസ്പോര്‍ട്ട് കോടതിയുടെ കസ്ടഡി യില്‍ . ജോര്‍ജ് ലേബര്‍ കോര്ടിനെ സമീപിച്ചു . കാലങ്ങള്‍ കടന്നു പോകുന്നതോടൊപ്പം അയാളുടെ ബാധ്യതകളും ഭീകരമാം വിധം വര്‍ധിച്ചിരുന്നു . ഒരു സുഹൃത്തിന്റെ സഹായത്തോടെയാണ് നാട്ടിലറിയാവുന്ന ഇലക്ട്രിക്കല്‍ ജോലി എറ്റെടുത്തു തുടങ്ങിയത് . പഴയൊരു വണ്ടി വാങ്ങേണ്ടി വന്നു . കേസിന്റെ ഭാഗമായുണ്ടായ ഭീമമായ ഭാരവും പുതിയ സംരംഭത്തിന്റെ പ്രാരാബ്ധങ്ങളും ചേര്‍ന്ന് നാട്ടിലെക്കുള്ള യാത്ര ആറു വര്‍ഷത്തേക്ക് നീണ്ടു നീണ്ടു പോകുകയായിരുന്നു . സ്വന്തം കുഞ്ഞിനെ ഇത്രയും കാലം കാണാന്‍ കഴിയാതെ പോയ ദുരന്തത്തെ പറ്റി പറയുമ്പോള്‍ കഫ്ടീരിയയ്ക്ക് മുന്‍പിലെ കസേരയിലിരുന്നു ലിപ്ടന്‍ ചായ ഊതികുടിക്കുന്ന അയാളുടെ കണ്ണുകള്‍ ആ സാന്ധ്യ പ്രകാശത്തിലും തിളങ്ങുന്നില്ലല്ലോ എന്ന് ഞാനോര്‍ക്കുമായിരുന്നു . ദുരിതങ്ങളുടെ കടലിലൂടെ ഏറെ നീന്തിയ ഒരു മനുഷ്യന്റെ ഒടുങ്ങാത്ത നിശ്ചയ ദാര്‍ദ്ദ്യമാണ്‌ അയാളെ കരയാതിരിപ്പിക്കുന്നതെന്ന് ഞാനെന്തറിഞ്ഞു ! ജോര്‍ജിനെ അവസാനമായി കാണുമ്പോള്‍ പറഞ്ഞത് ജോലി ചെയ്തിരുന്ന ഹോട്ടലില്‍ നിന്നും കിട്ടാനിരുന്ന പൈസയും പിടിച്ചു വെച്ച ആനുകൂല്യങ്ങളും അടുത്ത് തന്നെ കിട്ടുമെന്ന ഘട്ടത്തിലായിട്ടുണ്ട് കേസ് എന്നാണു. നാട്ടിലേക്ക് പോകാനുള്ള തയ്യാറെടുപ്പ് മെല്ലെയെങ്കിലും തുടങ്ങിയിരുന്നു . ദുരിതപര്‍വങ്ങളിലേക്ക് ഇനിയുമൊരു തിരിച്ചു വരവ് അയാള്‍ ആഗ്രഹിക്കുന്നില്ലെന്ന് തോന്നി . ബാക്കിയുള്ള ബാധ്യതകളൊക്കെയും തീര്‍ത്തു കുടുംബത്തിന്റെ സ്വച്ചതയിലേക്ക് ഉടല് പൂഴ്ത്തുകയാണെന്ന സൂചനകള്‍ ... ആ സമയത്തായിരുന്നു ഞങ്ങളുടെ കമ്പനി ഉടമയായ സ്വദേശി അറബി പണിതുകൊണ്ടിരുന്ന പതിമൂന് നില ഹോട്ടലിന്റെ ഇലക്ട്രിക്കല്‍ വര്‍ക്സ് ജോര്‍ജ് ചെയ്തുകൊണ്ടിരുന്നത് . നാടിലേക്ക് മടങ്ങുന്നതിനു മുന്‍പുള്ള അയാളുടെ അവസാനത്തെ ജോലിയായിരുന്നു അത് , അക്ഷരാര്‍ത്ഥത്തില്‍ . ജോര്‍ജ് പക്ഷെ ആ ജോലി മുഴുവനായും അവസാനിപ്പിക്കാതെ തിടുക്കപ്പെട്ടു പ്രിയപെട്ടവരുടെ അരികിലേക്ക് പോവുകയായിരുന്നു .. ശീതീകരിച്ച ശവപെട്ടിയില്‍ ഹൃദയവും കാഴ്ചകളും അടച്ചു , ഒരിക്കലും കാണാന്‍ കഴിയാതെ പോയ ഒരാറ് വയസ്സുകാരനോടുള്ള വാത്സല്യം ചുര മാന്താതെ ഖനീഭവിച്ചു , മാസങ്ങള്‍ മാത്രം സ്പര്ശ ഗന്ദ്ദങ്ങല റിഞ്ഞ പ്രിയതമയുടെ കണ്ണിലെ കനലുകളില്‍ നിന്നും ആത്മാവടര്‍ത്തി ജോര്‍ജ് അവിടെ സാന്ദ്രമൌനത്തില്‍ .... എനിക്ക് വിശ്വസിക്കാന്‍ കഴിയുന്നതിലും എത്രയോ അപ്പുറമായിരുന്നു അത് .. അയാള്‍ക്ക് ഇത്രയും ലളിതമായ് എങ്ങെനെയാണ് ഈ ലോകം വെടിയുവാന്‍ കഴിയുക!.. എട്ടാം നിലയില്‍ നിന്നും താഴേക്കു വീണ പാകിസ്താനി യുവാവ് നാലാം നിലയിലെ പാരപെറ്റില്‍ നില്കുകയായിരുന്ന ജോര്‍ജിന്റെ ദേഹത്ത് വീണു രണ്ടുപേരും കൂടെ നിലത്തേക്ക് തെറിച്ചു വീണപ്പോള്‍ എന്തിനു ജോര്‍ജ് മരണത്തിനു കീഴടങ്ങി ? ദൈവത്തിന്റെ ക്രൂരമായൊരു തമാശ പോലെ തോന്നിച്ച കാര്യം ആ പാകിസ്താനി ഗുരുതരമല്ലാത്ത പരിക്കുകളോടെ രക്ഷപെട്ടെന്നതാണ്. എല്ലാ മരണങ്ങളും നഷ്ടങ്ങള്‍ തന്നെ.. പക്ഷെ എന്തിനു ജോര്‍ജ് .. മറൊരാളുടെ ഒരു നിമിഷാര്‍ദ്ധത്തിലെ ഇടറിയ ചുവടു വെയ്പില്‍ ജോര്‍ജ് എടുതെറിയപ്പെട്ടത്‌ സ്വന്തം കാലടിയിലെ സിമെന്റു തിണ്ണയില്‍ നിന്നും ആറു വര്‍ഷങ്ങള്‍കൊണ്ട്‌ തീവ്രമായി സ്വരുക്കൂട്ടിവെച്ച സ്വപ്നങ്ങളില്‍ നിന്നും തന്നെയായിരുന്നു . ജീവിതം, നിരന്തരവും ദുരിതപൂര്‍ണവുമായ സമരവും വിലാപവും മാത്രമായി, തീനാളങ്ങളില്‍ വെന്തുരുകുകയും കടലിളക്കത്തില്‍ ആഴ്ന്നു പോകുകയും ചെയ്യുന്ന എണ്ണമറ്റ പ്രവാസികളില്‍ ഒരാള്‍ മാത്രമായിരിക്കാം ജോര്‍ജ്. മഖ്‌ടും ഹോസ്പിറ്റലില്‍ സൂക്ഷിച്ചിരുന്ന അയാളുടെ ഉടല്‍, ആദ്യമായി ഒരു പരാജിതന്റെതായി മാറിയതായി എനിക്ക് തോന്നി . വ്യവസ്ഥകളോടും അനീതികളോടും പൊരുതി വേവലാതികളുടെ പെരുമഴയില്‍ നനഞ്ഞു വിവശനാകുമ്പോഴും ജയിക്കാനായ് തന്നെയാണ് എന്റെ ഈ പടപ്പുറപ്പാടെന്ന വീര്യമൊഴിഞ്ഞ ആ ദേഹം കാണാതിരുന്നെന്കിലെന്ന സങ്കടത്തില്‍ ഉള്ളുരുകിയലിഞ്ഞു ഞാന്‍ ആ ആശുപത്രി വളപ്പില്‍...


ജോര്‍ജിനെ പരിചയപെട്ട , നേരത്തെ സൂചിപ്പിച്ച കമ്പനിയില്‍ ഗൃഹാതുരത്വവും അസ്ഥിത്വ ദു:ഖവും പേറി ജീവിതം വിരസവും വിവശവുമായി വാടി ത്തളര്‍ന്നു കൊണ്ടിരുന്ന ആദ്യനാളുകളില്‍ തന്നെയാണ് ഞാന്‍ അഞ്ജലിയെ പരിചയപെടുന്നത്. മുഴുവന്‍ പേര് അഞ്ജലി ഡിസൂസ. ഞങ്ങളുടെ പരസ്യസ്ഥാപനതിന്റെ ഏടവും പ്രധാനപെറ്റ ക്ലയന്റ് ആയിരുന്നു അവള്‍ സെക്രട്ടറി ആയി ജോലി ചെയ്തിരുന്ന സ്ഥാപനം . ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി അഞ്ജലിയുമായി സംസാ രിക്കേണ്ടി വരുമ്പോഴൊക്കെ അവള്‍ ഗോവയില്‍ നിന്നാണെന്നാണ് ഞാന്‍ കരുതിയിരുന്നത്. പേരിലെ ആന്‍ഗ്ലോ സ്പര്‍ശവും ഒഴുക്കുള്ള ഇംഗ്ലീഷും ചേര്‍ന്നെന്നെ തെറ്റിധരിപ്പിക്കുകയായിരുന്നു എന്നറിഞ്ഞപ്പോള്‍ ആശ്വാസവും സന്തോഷവും തോന്നി . ഇംഗ്ലീഷ് പോലെ തന്നെ വൃത്തിയും വേഗതയുമുള്ള മലയാളവും കൈകാര്യം ചെയ്തിരുന്ന തൃശ്ശൂര്‍കാരി ആയിരുന്നു അവള്‍. പഠിച്ചു വളര്‍ന്നത്‌ മമ്മയും അപ്പനും ചേട്ടനും ഒപ്പം ഗള്‍ഫില്‍ തന്ന. വര്‍ഷങ്ങള്‍ക്കു മുന്‍പ് അപ്പന്‍ മരണമടഞ്ഞതിനു ശേഷം, ജോലിയുണ്ടായിരുന്ന മമ്മയുടെ തണലില്‍ ആയിരുന്നു അവരുടെ ജീവിതം. ഈ സ്ഥാപനത്തില്‍ അവള്‍ അപോഴെക്കുമാറേഴു വര്‍ഷമായിരുന്നു . ഈ കാര്യങ്ങളൊക്കെ പലപോഴായി ഔപചാരികതകളുടെ പുറന്തോട് പോയ സംഭാഷണങ്ങളില്‍ നിന്നും അറിയാനിട വന്നതാണ്. ചുരുക്കത്തില്‍, ആ കാലത്തെ എന്റെ നിറം മങ്ങിയ ദുസ്സഹദിനങ്ങളില്‍ അഞ്ജലി ഒരാശ്വാസമായിരുന്നു . ഒരു പക്ഷെ എന്നെ ഒരു വെറും പ്രൊഫഷണല്‍ ആയിട്ടല്ലാതെ മനുഷ്യസഹജമായ അനുഭാവത്തോടെ കാണാന്‍ അവള്‍ക് കഴിഞ്ഞു . തൊഴിലിടത്തില്‍ വിവരണാതീതമായ ദുരിതങ്ങള്‍ അനുഭവിച്ചു കൊണ്ടിരുന്ന ആ അടിമജീവിതത്തില്‍ എന്റെ തന്നെ വീഴ്ചകള്‍ കൊണ്ട് എനിക്ക് കുരുക്കാകുമായിരുന്ന ചില കാര്യങ്ങളില്‍ മന:പൂര്‍വം കണ്ണടച്ച് അഞ്ജലി എന്നെ ഉടമയുടെ പീഡനങ്ങളില്‍ നിന്നും സംരക്ഷിച്ചിരുന്നു. ഒരു വര്‍ഷത്തിനു ശേഷം ആ സ്ഥാപനത്തില്‍ നിന്നും മുക്തി നേടി ഒരു സഹപ്രവര്‍ത്തകന്റെ കൂടെ മറ്റൊന്നില്‍ ചെര്ന്നപോഴും അഞ്ജലിയുടെ സ്ഥാപനം ഞങ്ങളോട് കൂടി പുതിയ സ്ഥാപനതിലെയും ക്ലയന്റ് ആയി മാറി. അവിടെ ജോലി ചെയ്ത നാല് വര്‍ഷങ്ങളും ചേര്‍ത്ത് അഞ്ചു വര്‍ഷങ്ങളോളമുള്ള നിരംതരസമ്പര്‍ക്കം നന്മകളും സ്വാഭാവികതകളും നിറഞ്ഞ എല്ലാ വികാസങ്ങളും പ്രാപിക്കാന്‍ പോന്നതായിരുന്നു. വ്യക്തിപരമായ ചെറിയ അസ്വസ്ഥകളും ആശങ്കകളും പലപോഴായി പറയുന്ന ചില നേരങ്ങളില്‍, ചര്‍ച്ചില്‍ വെച്ച് പരിചയമുള്ളൊരു ചെറുപ്പക്കാരന്‍ പ്രോപോസു ചെയ്ത കാര്യം തമാശയായ് പറഞ്ഞെങ്കിലും അവളതു ആഗ്രഹിക്കുന്നുണ്ടെന്നു തോന്നിയിരുന്നു. അതിനെ പറ്റി ഒന്ന് രണ്ടു തവണ തിരക്കിയെങ്കിലും ദുരൂഹമായ ഏതോ കാരണത്താല്‍ അതൊന്നും നടക്കില്ലെന്നു പറഞ്ഞതോര്‍മയുണ്ട്. പിന്നെ... അഞ്ചു വര്‍ഷങ്ങള്‍ക് മുന്‍പൊരു വ്യാഴാഴ്ച .. വാരാന്ത്യതിന്റെ ചടുലതയും പ്രലോഭാനങ്ങളുമുള്ള ആ വൈകുന്നേരം ഓഫീസ് വിടുന്നതിനു മുന്‍പേ എന്തിനോ അവളെ വിളിച്ചപോള്‍ നാളെ അടുത്ത എമിരേറ്റിലെ കസിന്റെ വീട്ടില്‍ ലഞ്ചിന് പോകുകയാണെന്നും ശനിയാഴ്ച വിളിക്കാമെന്നും പറഞ്ഞു പതിവ് വിഷെസ് നേര്‍ന്നു പിരിഞ്ഞതാണ് നമ്മള്‍. ശനിയാഴ്ച രാവിലെ അഞ്ജലിയുടെ ഓഫീസില്‍ വിളിച്ചപ്പോള്‍ അവളില്ല എന്നാ മറുപടിയാണെന്നാദ്യം തോന്നി. പിന്നെ സ്വയം പരിചയപെടുതിയപ്പോള്‍ നിസ്സംഗമായി അങ്ങേ തലയ്കലുള്ള ആള്‍ പറഞ്ഞത് എങ്ങിനെയാണെന്റെ ബോധമനസ്സ് അംഗീകരിച്ചത്..! പിന്നെ പതുക്കെയറിഞ്ഞു .. ദുരന്തത്തിലേക്ക് ക്ഷണിച്ച ഉച്ചയൂണും റോഡ്‌ ഡിവൈഡറില്‍ തട്ടിത്തെറിച്ച കാറും അഗ്നിനാളങ്ങലായ് മാറിയ അഞ്ചു ജീവനുകളും... വെള്ളിയാഴ്ചയിലെ ആ യാത്ര തിരിച്ചു വരവില്ലാത്തതായിരുന്നു . വഴിയിലെവിടെയോ ഡിവൈഡറില്‍ തട്ടി നിയന്ത്രണം നഷ്ടപെടുന്നതിനു മുന്‍പേ തന്നെ പെട്രോള്‍ ടാങ്കിന്റെ ഭാഗം തീ പിടിച്ചു കഴിഞ്ഞിരുന്നു . ആര്തനാദങ്ങളും അട്ടഹാസങ്ങളുമായി അഞ്ചു മനുഷ്യരെ തീമൂടുന്നത് കണ്ടു നില്‍ക്കാനേ പുറത്തുള്ളവര്‍ക്ക് കഴിഞ്ഞുള്ളു.. അഞ്ജലിയും അമ്മയും രണ്ടു കസിന്‍സും അവിടെ വെച്ചും ചേട്ടന്റെ ഭാര്യ ആശുപത്രിയില്‍ വെച്ചും മരണത്തിനു കീഴടങ്ങി. ചേട്ടന്‍ ഗുരുതരമായ പരിക്കുകളോടെ ദുരന്തം അതിജീവിച്ചു. തിരിച്ചറിയാനാവാത്ത വിധം കത്തികരിഞ്ഞ് പോയിരുന്നു എല്ലാവരുടെയും ശരീരങ്ങള്‍. ഈ വാര്‍ത്തയുടെ നടുക്കത്തില്‍ വിറപൂണ്ടും നിലവിളികള്‍ അടക്കിപിടിച്ചും ഞാന്‍ നില്‍ക്കുമ്പോള്‍ അസാധാരണമായി ഒന്നും സംഭവിക്കാത്തത് പോലെ അന്നേക്കു ചെയ്യാനുള്ള ജോലികള്‍ കേബിനിലേക്ക് ചൊരിയുകയായിരുന്നു എന്റെ സുപീരിയര്‍. അഞ്ജലിയുടെ ഓഫീസില്‍ വീണ്ടും വിളിച്ചപോള്‍ അവര്‍ അന്ന് തന്നെ തീര്‍ക്കേണ്ട മറ്റും ചില പ്രോജെക്ട്സിനെ പറ്റി ആയിരുന്നു സംസാരിക്കുന്നത്. ഏഴു വര്ഷം അവള്‍ അവിടെ ജോലി ചെയ്തിടും ആ ദുരന്തം അവിടെ ആരെയും ബാധിക്കാത്തതെന്തെന്നു ഞാന്‍ കണ്ണീരണിഞ്ഞു… ഈ പ്രോഫെഷണലിസമാണോ നമ്മള്‍ മാതൃകയാക്കേണ്ടത്? ദയാശൂന്യവും മനുഷ്യത്വരഹിതവുമായ ഈ തൊഴില്‍ സംസ്കാരമാണോ മഹത്തരമെന്നു നമ്മളില്‍ പലരും വാചാലരാകുന്നതും കൊട്ടിഘോഷിക്കുന്നതും? മനുഷ്യനെ മനുഷ്യനായി കാണാന്‍ കഴിയുന്ന കണ്ണുകള്‍ നഷ്ടമാകുന്നതാണോ അനുകരണീയമായ നിയമവും നീതിയും ..! എനികറിയില്ല.... ഒന്ന് നെടുവീര്‍പ്പിടാന്‍ പോലുമാകാത്ത വിധം ഞാന്‍ ജോലിതിരക്കുകളില്‍ മൂടപ്പെട്ടു മുങ്ങിത്താണ്‌ പോകുമ്പോള്‍ മോര്‍ച്ചറിയില്‍ കത്തിക്കരിഞ്ഞ വിറകുകൊള്ളി പോലെ അഞ്ജലിയും അവളുടെ പ്രിയപെട്ടവരും.. അഞ്ചു വര്‍ഷങ്ങള്‍ കൊണ്ട് കൈമാറിയ വാകുകളൊക്കെയും സങ്കടങ്ങളുടെ കടലിരമ്പമായ്‌ എനിക്ക് ചുറ്റും വലയം ചെയ്തു.. പക്ഷെ ഞാന്‍ ചെയ്തുകൊണ്ടിരുന്നത് അന്ന് പത്രത്തിലയക്കേണ്ടിയിരുന്ന ജ്വല്ലറിയുടെ പരസ്യത്തിലുപയോഗിച്ച യുവതിയുടെ ചുണ്ടുകള്‍ക്ക് ചായം പോരെന്ന ബോസ്സിന്റെ പരാതി തീര്കുകയായിരുന്നു!

മായാത്ത മടക്കയാത്രകള്‍ 3

പ്രീഡിഗ്രിക്ക് കോളജില്‍ ചേര്‍ന്നപ്പോള്‍ ഒരേ നിരയില്‍ ഇരുന്നവരില്‍ ഒരാളായ ജയന്‍ അവന്റെ കൃശദേഹം കൊണ്ട് പെട്ടെന്ന് ശ്രദ്ധിക്കപ്പെടുന്ന ഒരു കുട്ടി ആയിരുന്നു. ഒരു മാസം കൊണ്ട് പരസ്പരം പരിചയമായപോഴും ഹൃദയത്തിന്റെ വാതിലുകള്‍ ദ്രവിച്ചിരിക്കയാനെന്നവന് പറയാന്‍ മാത്രം സൗഹൃദം പാകമായിരുന്നില്ല. ലൈബ്രറിയില്‍ ഒരുപാട് നേരം ചെലവഴിക്കുമായിരുന്ന അവന്‍ ഇടയ്ക് പുസ്തകത്തില്‍ കുറിച്ചിട്ടിരുന്ന കവിതാശകലങ്ങള്‍ രഹസ്യമായി എന്നെ കാണിക്കാറുണ്ടായിരുന്നു .. നഷ്ടവും വിലാപവും മരണവും മണക്കുന്നവ. ആരും ഒരണുപോലും തിരിച്ചറിയാന്‍ കഴിയാതെ പോകും വിധം അന്തര്മുഖനായിരുന്നു അവന്‍ . എന്റെ നിര്‍ബന്ധങ്ങള്‍ക്ക് വഴങ്ങി കോളജിലെ ചില ജാഥകളിലോക്കെ വരുമായിരുന്നുവെങ്കിലും അവന്റെ മുദ്രാവാക്യങ്ങള്‍ മൌനമായിരുന്നു. പിന്നെയും കുറച്ചു നാളുകള്‍ക്കു ശേഷം കെമിസ്ട്രി ലാബില്‍ വെച്ച് തളര്‍ന്നു വീഴാന്‍ തുടങ്ങിയ അവനെ ഞങ്ങള്‍ താങ്ങിയെടുത്തതും കോളജ് അധികൃതര്‍ ആശുപത്രിയിലാക്കിയതും മായാതെ മനസ്സിലുണ്ട്. കുറെ ദിവസങ്ങള്‍ക്കു ശേഷം ലെറ്റര്‍ ബോക്സില്‍ അവന്റെ കൈപടയില്‍ എനിക്കൊരു കത്തുണ്ടായിരുന്നു. പറയാതെ വെച്ച നേരുകളുടെ ചില നൂല്പാലങ്ങള്‍.. തിരുവനന്തപുരത്ത് ശ്രീചിത്തിര ആശുപത്രിക്കിടക്കയുടെ ഈതറിന്റെ മണമുള്ള അസ്വസ്ഥമായ അക്ഷരങ്ങള്‍.. വാല്‍വുകള്‍ പണിമുടക്കാന്‍ തുടങ്ങിയിട്ട് കാലങ്ങളേറെയായിരുന്നുവത്രേ. ശസ്ത്രക്രിയ അവസാന തുരുമ്പ്.. അവസാനം അനിവാര്യമായ കീറിമുറിക്കലിനു കിടന്നു കൊടുക്കാന്‍ പോകുന്നുവെന്നത് അവന്റെ വിടപറയല്‍ തന്നെയായിരുന്നുവെന്ന് കുറച്ചു ദിവസങ്ങള്‍ക്കുള്ളില്‍ കോളജില്‍ ഔപചാരികമായി സംഘടിപ്പിച്ച ദുഖാചരണം നമ്മെ അറിയിച്ചു . ഒരു ദിവസത്തിന്റെ അവധിയുടെ കാരണമെന്നതിനുമപ്പുറം ആരുടെയെങ്കിലും ദുസ്വപ്നങ്ങളില്‍ പോലും അന്തര്‍മുഖതയുടെ തോടുതിര്‍ത്തു ജയന്‍ വരില്ലെന്നുറപ്പു.. നിരാലംബനായ് നിത്യരോഗത്തില്‍ നീറുന്ന കവിതകളുമായി മാത്രം സങ്ങടം പങ്കിട്ട അവനെ അറിയാന്‍ എനിക്കും കഴിഞ്ഞില്ലല്ലോ..


ബിരുദത്തിനു ശേഷം ബാംഗ്ലൂരില്‍ ഡിപ്ലോമ ചെയ്യുന്ന സംഭവബഹുലമായ കാലഘട്ടത്തിലെ മറക്കാനാകാതൊരു മുഖമാണ് പവിയെട്ടന്റെത് . ഉദ്യാനനഗരത്തിലെ ആദ്യദിനം.. തല ചായ്കാനിടം കിട്ടിയത് ഏറെ അടുപ്പമുള്ളൊരു നാട്ടിലെ നല്ല മനുഷ്യന്റെ താമസ സ്ഥലത്ത് . അദ്ദേഹത്തിന് സ്ഥാപനത്തിലെ ജോലിക്കാരുടെ കൂടെയായിരുന്നു എന്റെയും താമസം എര്പാട് ചെയ്തത്. ആ വൈകുന്നേരം ഞാനാ മൂന്ന് മുറി ലൈന്‍ റുമിലെത്തുമ്പോള്‍ പവിയെട്ടന്‍ അടുക്കളയിലിരുന്നു ചപ്പാത്തി ഉണ്ടാക്കുന്നുണ്ട്. എന്നെക്കാള്‍ അഞ്ചാറു വയസ്സ് കൂടുതലുണ്ടാകും . പിശുക്കില്ലാതെ പുഞ്ചിരിച്ചു കൊണ്ടെഴുന്നെടുറ്റു വന്നെന്റെ കാര്യങ്ങളാരായാന്‍ തുടങ്ങിയ അദ്ദേഹം വാക്കുകള്‍ മുഴുമിപ്പിക്കാന്‍ പറ്റാതെ വിഭ്രമത്തില്‍ പെടുന്നത് ഞാന്‍ കണ്ടു . പിന്നെയുള്ള ദിവസങ്ങളില്‍ വല്ലാതെ വലയ്ക്കുന്ന വിക്ക് കൊണ്ട് അദ്ദേഹം വിവശനാകുന്ന പല സന്ദര്‍ഭങ്ങളിലും ഞാന്‍ സാക്ഷിയായി. നേരത്തെ പറഞ്ഞ സ്ഥാപനമുടമയുടെ അടുത്ത ബന്ധുവായിരുന്നു പവിയെട്ടന്‍. അതിന്റെ പരിഗണനകളും ആനുകൂല്യങ്ങളും ഉണ്ടായിട്ടും ഈ ഒരു വൈകല്യം അദ്ദേഹത്തെ എല്ലാറ്റില്‍ നിന്നും പിന്‍വലിയിപ്പിച്ചിരുന്നു. രുചികരമായ് ഭക്ഷണം പാകം ചെയ്യുന്ന പവിയെട്ടനായിരുന്നു എന്നും അത്താഴമോരുക്കിയിരുന്നത്. ആ പേരില്‍ നേരത്തെ സ്ഥാപനത്തില്‍ നിന്നും ഒഴിവായാല്‍ അത്രയും കുറച്ചു പെരെയല്ലേ അഭിമുഖീകരികേണ്ടി വരുമല്ലോ എന്ന് ഒരു ദിവസം ഒരു സ്വകാര്യദുഃഖത്തില്‍ അദ്ദേഹം നെടുവീര്‍പ്പിടുനത് കേട്ടപോഴാണ് ഈ ശബ്ധവൈകല്യം ആ മനുഷ്യനെ എത്ര മാത്രം ദൈന്യനും അശക്തനും ആക്കി മാറ്റിയിരിക്കുന്നതെന്നത് ഞാനറിഞ്ഞത് . അപൂര്‍വമായി വീണുകിട്ടുന്ന ഒഴിവു നേരങ്ങള്‍ എവിടെയും പോകാതെ റൂമില്‍ ചടച്ചിരിക്കുകയായിരുന്നു അദ്ദേഹം ചെയ്തത്. നിരന്തരമുള്ള നിര്‍ബന്ധത്തില്‍ വഴങ്ങി ചിലപ്പോള്‍ ചില സെകന്ട് ഷോയ്ക്ക് കൂടെ വന്നും, വീണുകിട്ടുന്ന ചില ആഘോഷവേളകളിലെ ലഹരിയുടെ പ്രലോഭനങ്ങളില്‍ നിരവാഹമില്ലാതെ സഹകരിച്ചും ചെറുതെങ്കിലും വ്യക്തമായൊരു പുരോഗതി പവിയെട്ടന്റെ വ്യ്ക്തിത്വവികാസത്തില്‍ ഉണ്ടാകാന്‍ ഞങ്ങളുടെ ഇടപെടലുകള്‍ക്ക് കഴിഞ്ഞു. ഒരു ദിവസം സ്ഥാപനതിലെതിയ ഒരു യുവതിയോട് സംസാരികേണ്ടി വന്നപ്പോള്‍ വാക്കുകള്‍ മുറിഞ്ഞും തറിഞ്ഞും നിലച്ചപ്പോള്‍ വല്ലാത്ത നിരാശയോടെ എന്റെയടുത്തു വന്നു സ്വന്തം നിസ്സഹായത വെളിവാക്കിയതിങ്ങനെയായിരുന്നു; "അവള്‍ കരുതുന്നുണ്ടാകും ഞാന്‍ ശാസ്ത്രീയ സംഗീതവും സ്വരങ്ങളും ഉരുവിടുകയാനെന്നു.. !" ചിരിച്ചു കൊണ്ട് പറഞ്ഞെങ്കിലും ഉള്ളിലെ കരച്ചിലെനിക്ക് കേള്‍കാന്‍ പാകം വാക്കുകള്‍ നനവാര്ന്നതായിരുന്നു. പിന്നെയും കുറെ മാസങ്ങള്‍ക് ശേഷം പവിയെട്ടന്റെ മൃദുലമായ ചപ്പാത്തിയുടെയും എരിവുള്ള മുട്ടക്കറിയുടെയും പ്രലോഭനങ്ങളില്‍ നിന്നും പരിത്യാഗിയായി ഞാനവിടം വിട്ടു. വിവാഹമേ വേണ്ടെന്നു പറഞ്ഞ പവിയെട്ടന്‍ നാനാ ദിശകളില്‍ നിന്നുമുള്ള സമ്മര്‍ദ്ദങ്ങള്‍ അതിജീവികാനാകാതെ കുടുംബജീവിതം തുടങ്ങിയതറിഞ്ഞു ഒരുപാട് സന്തോഷം തോന്നിയിരുന്നു. കുറച്ചു കാലം എല്ലാം ഭദ്രമെന്ന് തോന്നിച്ചെങ്കിലും അയാളുടെ ഉള്ളിലെ നെരിപ്പോടുകള്‍ നീറുക തന്നെയായിരുന്നെന്ന് പിന്നെ നമ്മലറിഞ്ഞു . തീഷ്ണമായ അപകര്‍ഷതാബോധതിന്റെ ഇരുണ്ട തടവറയില്‍ നിന്നും പവിയേട്ടന് ഒരിക്കലും പുറത്തു കടക്കാനായിരുന്നില്ല എന്നത് തന്നെയായിരുന്നു സത്യം. ബാംഗ്ലൂരില്‍ നിന്നും ഒരു രാത്രി നാട്ടിലേക്ക് പോകുന്നെന്നു പറഞ്ഞു ബസില്‍ കയറിയ അദ്ദേഹത്തിന്റെ അഴുകിയ ശവസരീരം മോര്‍ച്ചറിയില്‍ അനാഥമായി കിടക്കുകയായിരുന്നു. പിറ്റേന്ന് പുലര്‍ച്ചെ നാട്ടിലെത്തിയ അദ്ദേഹം നഗരത്തിലെ പ്രസസ്തമായ അമ്പലത്തിലെ ചിറയില്‍ ചാടി മരണത്തിലേക്ക് മുങ്ങാംകുഴിയിടുകയായിരുന്നു. പിറ്റേ ദിവസമാണ് മൃതദേഹം കണ്ടതും തിരിച്ചറിയാനാകാതെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചതും. രണ്ടു ദിവസത്തെ അന്വേഷണങ്ങള്‍ക്ക് ശേഷമാണ് വീടുകാര്‍ അത് വീണ്ടെടുത്തത്. ബാംഗ്ലൂരില്‍ താമസിച്ചിരുന്ന സമയത്ത് കുറച്ചു കാലം കൂടെ കഴിഞ്ഞിരുന്ന ഒരു റൂം മേറ്റ്‌ "ഇയാള്‍ ഒരു പക്ഷെ ആത്മഹത്യ ചെയ്തേക്കും " എന്ന് മുനിയെ പോലെ എന്നോട് പ്രവചിച്ചത് ഈ മരണവാര്‍ത്ത അറിഞ്ഞപ്പോള്‍ ഞാനോര്‍ത്തു . അയാള്‍ പറഞ്ഞതു പോലെ, ആത്മഹത്യയല്ലാതെ പവിയേട്ടന് വഴിയേതുമില്ലായിരുന്നുവോ? മരണത്തിന്റെ നിലയില്ലാക്കയങ്ങളില്‍ നെഞ്ഞുറപ്പോടെ മുങ്ങിതാഴുംപോളെങ്കിലും ആത്മവിശ്വാസക്കുറവിന്റെ അധൈര്യം താന്‍ വെടിഞ്ഞിരിക്കുന്നുവെന്നു
അദ്ദേഹം ഓര്തുകാണുമോ?


വേര്‍പാടുകളുടെ വേദനിപ്പിക്കുന്ന വിരല്‍പാടുകള്‍ ഇനിയുമേറെ. സഹപാഠിയും അയല്‍വാസിയുമായിരുന്ന വിനീഷ്. പഠനം പാതി ഉപേക്ഷിച്ചു കുടുംബം പുലര്‍ത്താന്‍ ബംഗ്ലൂരില്‍ കടയില്‍ ജോലിക്ക് നില്‍കുമ്പോള്‍ നിരന്തരം ഉപദ്രവിച്ച തലവേദനയെ സാമ്പത്തിക പരിമിതികള്‍ കൊണ്ട് അവഗണിച്ചതായിരുന്നു അവന്‍. തലച്ചോറില്‍ അപോഴെക്കും അവന്റെ വിധി വേദനിപ്പികുന്നൊരു മുഴയായി രൂപം പ്രാപിച്ചിരുന്നു. പുലര്‍ച്ചെ വെളുത്ത വസ്ത്രത്തില്‍ പൊതിഞ്ഞു അവന്റെ ഉടല്‍ വീടിലെതിക്കുമ്പോള്‍ പെയ്തു കൊണ്ടിരുന്ന പെരുമഴയുടെ തണുത്ത സ്പര്‍ശം ഓര്‍മകളുടെ നാല്കവലക്ളില്‍ പലപ്പോഴും ഞാന്‍ അറിയുന്നു.


നാട്ടിന്‍പുറത്തെ വായനസാലയിലെ സജീവസാനിധ്യമായിരുന്ന മുരളീധരന്‍ പൊടുന്നനെ ഞങ്ങളെയെല്ലാം ഉപേക്ഷിച്ചത് ഒരു കഷണം കയറിലായിരുന്നു. നാളെ കാണാമെന്നു പറഞ്ഞു പിരിഞ്ഞ അവന്റെ കണ്ണുകളില്‍ മരണം കത്തിനില്കുന്നത് ആരും കണ്ടില്ല. ജീവിതവും പരിസരങ്ങളും വര്‍ണാഭമായിരുന്ന അവന്‍ പിറ്റേന്ന് രാവിലെ പുറത്തേക്കു പോകാന്‍ തയ്യാറായി ഡ്രസ്സ്‌ ചെയ്തു ചെട്ടതിയമ്മയോട് ഭക്ഷണമെടുത്ത്‌ വെയ്കാന്‍ പറഞ്ഞു മുകളിലെ മുറിയില്‍ പോയി തൂങ്ങി മരിക്കുകയായിരുന്നു. എപ്പോഴും കളിതമാശകളില്‍ അഭിരമിച്ചിരുന്ന അവനെ പറ്റിയുള്ള വര്‍ത്തമാനങ്ങള്‍ ഒരുപാടുകാലം ഞങ്ങളുടെ കൂട്ടായ്മയില്‍ നെടുവീര്‍പ്പുകള്‍ ഉണര്‍ത്തിയിരുന്നു. കാതടപ്പിക്കുന്ന ഹൃദയമിടിപ്പുകള്‍ പോലെ ഞങ്ങളിലേക്ക് അവന്റെ ബുള്ളറ്റു കാലങ്ങളോളം കയറിവരുമായിരുന്നു.


കഴിഞ്ഞൊരു കലാപകാലത്ത് കൊലക്കതിക്കിരയായ കൂടുകാരന്‍ അനീഷ്‌ ചോര ഇരമ്പുന്ന ചിന്തയും ഓര്‍മയുമായി ഉള്ളില്‍ നിശബ്ദനാകാതെ എന്നുമുണ്ട്.. നാട്ടിലുണ്ടായിരുന്ന അവസാനകാലങ്ങളിലെ തെരഞ്ഞെടുപ്പു സമയത്തെ ചടുലവും തീഷ്ണവുമായ പ്രവര്‍ത്തനങ്ങളില്‍ അവന്‍ എവിടെയുമുണ്ടായിരുന്നു. ഏതു പാതിരാവിലും അവന്റെ M80 യുടെ അരിച്ച വണ്ടൊച്ച കേള്‍ക്കാനാകും വിധം കരമനിരതന്‍.. ആ കലാപകാലത്ത് അസമയത്ത് ബൈക്കുമെടുത്ത്‌ വീട്ടിലേക്കു പോയ അവന്റെ കഴുത്തറ്റ ശരീരം പുലര്‍ച്ചയോടെ പരിസരത്തുള്ള കാവിനു തൊട്ടുള്ള പൊന്തക്കാടില്‍ കണ്ടെത്തുകയായിരുന്നു. അതിരാവിലെ നാട്ടില്‍ നിന്നും അമ്മയുടെ വിളി.. കൈവാളുകളും ചെറുമഴുകളും കൊലക്കത്തികളും ഉള്ളില്‍ വീശി മിന്നി.. കരളു കീറിമുറിച്ചു കടന്നു വരുന്ന അവന്റെ മുദ്രാവാക്യങ്ങള്‍ നിലവിളികളായി.. ഓര്‍മ്മകള്‍ ചോര പോലെ ചീറ്റിതെറിക്കുന്നു.. പുതിയ പടയണികള്‍.. പ്രതികാരങ്ങള്‍.. അതിജീവനത്തിനുള്ള പ്രതിരോധങ്ങള്‍.. ഏകപക്ഷീയമായ പ്രചണ്ട പ്രചാരണങ്ങല്കിടയില്‍ അറിയാതെ പോകുന്ന അരുണാന്ത്യങ്ങള്‍..


ഒരൊറ്റ മാസത്തെ മധുവിധുകാലം കൊതിതീരാതെ കഴിഞ്ഞു മണല്നഗരത്തിലേക്ക് മടങ്ങി മൂനാഴ്ചകള്‍ക്കകം മഞ്ഞപിത്തത്തിനു മുന്നില്‍ മുട്ടുമടക്കിയ വല്യമ്മാമയുടെ ഏക മകന്‍ കാര്‍ത്തിക് . ദിനരാത്രങ്ങള്‍ പിന്നിട്ടു ചില്ലിട്ട പെട്ടകത്തിലെത്തിയ ഇരുണ്ടു വീര്‍ത്ത ദേഹത്തിനു മുന്നില്‍ കണ്ണീരോടെ നില്‍കുമ്പോള്‍ ഉള്ളില്‍ ഒരു പത്തുവയസ്സുകാരന്‍ കാര്‍ത്തിയേട്ടന്റെ കൂടെ സൈകിളില്‍ നാടും നാട്ടുവഴികളും കാവുകളും ഉത്സവപരംബുകളും ച്ചുട്ടിയടിക്കുന്നുണ്ടായിരുന്നു . മുപ്പതു ദിവസത്തെ ദാമ്പത്യജീവിതം ദാനം ചെയ്ത ദുരന്തത്തിലേക്ക് സജലം നീളുന്ന കണ്ണുകളെ കാണാതെ , മുപ്പതു വര്‍ഷം പ്രാര്‍തഥച്ചരടുകളും കിനാവള്ളികളും കൊണ്ട് പൊതിഞ്ഞു സൂക്ഷിച്ചിട്ടും പളുങ്കുപാത്രം ദുര്‍ബലം വീന്നുടഞ്ഞത് വിശ്വസിക്കാന്‍ കൂട്ടാക്കാത്ത വൃദ്ധ രോദനങ്ങള്‍ കേള്‍കാതെ കാലങ്ങളിപ്പോഴും കടന്നുപോകുന്നില്ല.
തിരിച്ചു വരവില്ലാത്ത എല്ലാ മടക്കയാത്രകളും കാഴ്ചകളിലും ഓര്‍മകളിലും ഉറവ തീര്‍ക്കുന്നവ തന്നെയാണ്. പ്രിയപെട്ടവര്‍ പൊടുന്നനെ പിരിഞ്ഞുപോയവരുടെ നിശബ്ദമായ നിലവിളികള്‍ നിലയ്ക്കുന്നില്ല . പാതി വെന്ത കിനാക്കളും സഫലമാകാത്ത പ്രാര്‍ഥനകളും ചേര്‍ന്നുള്ള ശേഷക്രിയകള്‍ ബാക്കി . ഇതാണവസാനത്തെ ശ്വാസമെന്നറിയാതെ പിന്നെയും സ്വപ്നങ്ങളില്‍ സ്വര്‍ണഗോപുരങ്ങള്‍ തുറക്കുന്നതും കാത്തു വെറും മനുഷ്യരായി നമ്മളോരോരുത്തരും. കിനാവിന്റെ ബീജങ്ങള്‍ പരാഗമേല്‍കാതെ പിടഞ്ഞു വീണ്‌.. വ്യാമോഹങ്ങള്‍ വിളയുന്ന വാക്കുകളുടെ വാതായനങ്ങളടഞ്ഞു.. കാലങ്ങള്‍ കടം കൊണ്ട ശ്വാസങ്ങളൊഴിഞ്ഞു.. മരണത്തിന്റെ മോഹമഞ്ഞയില്‍ മൂകം മടങ്ങിയ പ്രിയപെട്ടവര്‍, പക്ഷെ ഹൃദയത്തിന്റെ വഴിയോരങ്ങളില്‍, അകക്കാ മ്പിലെ അഴിമുഖങ്ങളില്‍, ഓര്‍മകളുടെ ചില്ലകളില്‍ ചിരിച്ചും കളിച്ചും എന്നെ മോഹിപ്പിച്ചു കൊണ്ടിരിക്കുന്നു.
മരണമാണ് ജീവിതത്തെക്കാള്‍ പരമമായ സത്യമെന്നു പറഞ്ഞതാരാണ്? എല്ലാവരും മരിക്കുന്നു, എല്ലാവരും പക്ഷെ ജീവിക്കുന്നില്ല.

Sunday, July 18, 2010

ചില കുടുംബപ്രശ്നങ്ങളും എന്റെ അത്യാഗ്രഹങ്ങളും

എന്റെ ബ്ലോഗിന് "കുടുംബ കലഹം" എന്നോ "ദാമ്പത്യ ദുരിതം" എന്നോ പേര് കൊടുക്കാമെന്നു ആത്മാര്‍ഥമായും ആഗ്രഹിച്ചു പോയ ചില കരാള മുഹൂര്ഥങ്ങളിലൂടെയാണ് എന്റെ കഴിഞ്ഞ കുറച്ചു ദിനരാത്രങ്ങള്‍ കടന്നു പോയത്. കാരണം പറയാം. കൂട്ടുകാരും നാട്ടുകാരും ഒക്കെ ബ്ലോഗുകളില്‍ സജീവമായി ഇടപെടുമ്പോഴും നിലനില്‍ക്കുമ്പോഴും അറിയപ്പെടുമ്പോഴും പലപ്പോഴായി പണ്ട് പാതി നിന്ന് പോയ "വട്ടെഴുത്ത്" (വട്ടുകളെഴുത്തു) പൊടി തട്ടിയെടുക്കണമെന്നോര്ക്കും. പലവിധ കാരണങ്ങളും തടസ്സങ്ങളും നിരന്തരം നിലനില്‍ക്കുന്ന പ്രവാസജീവിതം ആഗ്രഹത്തെ മൂരിനിവര്‍ന്നെഴുന്നെല്‍ക്കാന്‍ വിടാതെ അടക്കിപ്പിടിചിരിക്കയായിരുന്നു. മലയാളം ടൈപ്പു ചെയ്യാനുള്ള വേഗതക്കുറവും അതില്‍ വരുന്ന സാങ്കേതിക പിഴവുകളും അതിജീവിക്കാമെന്ന ആത്മവിസ്വാസത്തില്‍ കാര്യങ്ങള്‍ തുടങ്ങാമെന്ന് തീരുമാനിച്ചു അവസാനം.


ഓഫീസില്‍ നിന്നും വൈകുന്നേരം ഏഴു മണിയോടെ ചോരയും നീരും വറ്റി പുറത്തിറങ്ങി, ചോണനുറുംപുകളെ പോലെ നാലും അഞ്ചും നിരകളില്‍ അരിച്ചു നീങ്ങുന്ന വാഹനങ്ങള്‍ക്കിടയിലൂടെ വെറുതെ കിട്ടുന്ന പിഴകളില്‍ പെടാതെയും, നിയമങ്ങളെയും മര്യാദകളെയും കൊഞ്ഞനം കുത്തി കുതിക്കുന്ന ഭീകരന്മാര്‍ക്കിടയില്‍ ഞെരുങ്ങിപ്പോകാതെയും വണ്ടിയോടിച്ചു ഒരുവിധം പരിക്കുകളില്ലാതെ വാസ സ്ഥലം പൂകി, ലിഫ്റ്റില്‍ അന്യോന്യം നോക്കാതെ, മിണ്ടാതെ, തോട്ടുപോകാതെ റൂമിലെത്തുമ്പോള്‍ ഒരെട്ടുമണി! സഹധര്‍മ്മിണി സസ്നേഹം തയ്യാറാക്കിയ ചൂടാര്‍ന്ന ചായ കുടിച്ചു, മോളോടോന്നു കിന്നരിച്ചു, കുളിച്ചു പുറത്തിറങ്ങുമ്പോള്‍ മണിക്കൂറൊരെണ്ണം കൂടി കടന്നു പോയിരിക്കും. ചാനലുകളില്‍ വാര്താസമയം.. പെണ്ണുങ്ങള്‍ ഫ്രീ ആയി. അത്താഴത്തിന്റെ അവലോകനത്തിനായ് അടുക്കളയിലേക്കു അരങ്ങൊഴിയുമ്പോള്‍ പതുക്കെ നമ്മളുടെ പഴയ മോഹങ്ങള്‍ തല പോക്കും.. ലാപ്ടോപ് പിളര്‍ത്തുന്നു.. മംഗ്ലീഷില്‍ ചില്ലറ അഭ്യാസങ്ങള്‍ തുടങ്ങുമ്പോഴേക്കും അടുക്കളയില്‍ നിന്നും ആദ്യ വിളി: മോള്‍ വസ്ത്രത്തില്‍ വെള്ളം മറിച്ചു. ഒന്ന് മാറ്റിക്കൊടുക്കണേ.. എന്ന് ശാന്തപ്രിയനായ ഞാന്‍.. അതും കഴിഞ്ഞു വീണ്ടും വന്നിരുന്നു കീ ബോര്‍ഡില്‍ വിരലുകള്‍ പതിഞ്ഞു തുടങ്ങുമ്പോഴാകും മോളുടെ വക വല്ല അത്യാഗ്രങ്ങളും.. അലമാരക്ക് മേലെ കൈയെത്താ ദൂരെ വെച്ച വല്ല കളിപ്പാട്ടമോ മുകളിലോട്ടിച്ച ബലൂണോ മറ്റോ .. ഒരു വിധത്തില്‍ അത് സാധിച്ചു കൊടുത്ത് വീണ്ടും തുടങ്ങുമ്പോള്‍ അടുക്കളയില്‍ നിന്നും അടുത്ത അശരീരി.. വേസ്റ്റ് ബോക്സ് നിറഞ്ഞേ, ഒന്ന് ഗാര്‍ബെജു റൂമില്‍ തള്ളണം.. ഓര്‍മകളുടെ സുഗന്ധം ആവാഹിച്ചു എഴുത്തിനിരുന്ന എന്റെ രന്ധ്രങ്ങളില്‍ തുളച്ചു കയറുന്ന ഗാര്‍ബേജ് റൂമിന്റെ പരിസരത്തെ കഠിനവും ക്രൂരവുമായ ഗന്ധവീചികള്‍.. ഒരുവിധം സീറ്റില്‍ വന്നിരുന്നു.. അടുത്ത വിളിക്ക് വായില്‍ അപ്പോള്‍ വരുന്ന ഏതെങ്കിലും വൃത്തികെട്ട ശബ്ദമോ വാക്കുകളോ അറിയാതെ പുറത്തു ചാടും.. പിന്നെ.. ആപ്പീസ് കഴിഞ്ഞും കണവനെ കുരുക്കിയിടുന്ന കുന്ത്രാണ്ടത്തിന്റെ മേല് കയറു പൊട്ടി കവിള് വീര്‍ത്തു...


ത്യാഗനിര്‍ഭരവും സമരപൂര്ണവും യുധസജ്ജവും ആയ ഇത്തരം നിരവധി നിര്‍ണ്ണായക നിമിഷങ്ങള്‍ അതിജീവിച്ചു ഒരുവിധം എന്തൊക്കെയോ എഴുതി വെച്ച്.. പേരിടലിന്റെ കാര്യം ഓര്‍ത്ത്‌ പോയത് അങ്ങനെയാണ്. ഇനിയും എഴുതണമെന്നോക്കെയുണ്ട്.. ഒരന്കത്തിന്റെ ബാല്യം ഇനിയും ആര്‍ജ്ജിച്ചു അടുത്ത പോസ്ടിടണം എന്നൊക്കെയാണ് അത്യാഗ്രഹങ്ങള്‍.. ഇതൊക്കെയാണെങ്കിലും ഓര്‍മ്മകള്‍ ചികഞ്ഞും പാഴ്ക്കിനാവുകളില്‍ അലഞ്ഞും ഞാന്‍ വീണ്ടെടുത്ത വാക്കുകളുടെ മധുരത്തിനിടയില്‍ സുഖമുള്ള എരിവു തിരുകി വെച്ച എന്റെ പ്രിയപ്പെട്ടവള്‍ക്ക് തന്നെയാണ് എന്റെ എല്ലാ വട്ടെഴുത്തുകളും സമര്‍പ്പിക്കുന്നത്.. (സ്.. സ്.. സോപ്പിടലാണേ.. ഇനിയുള്ള കാലത്തും കയറി ചെല്ലുമ്പോള്‍ ചായയും ചോറും വേണ്ടതല്ലേ...)