Thursday, November 18, 2010

അന്നാണ്

അന്നാണ്,
പുറത്തു മഴക്കാറ്റും ഉള്ളില്‍ വിഷക്കെട്ടും നിറഞ്ഞാടിയ അന്നാണ് അവളെ ആദ്യമായി കണ്ടത്.
കത്തുന്ന കാമനകള്‍ കണ്ണിലൊളിപ്പിച്ചു വെചെന്റെ പ്രാണന്റെ കോശങ്ങളില്‍ പടര്‍ന്നു കയറിയവള്‍..
കൌതുകങ്ങളുടെ കടലറകളിലേക്ക് കരലാളനകളോടെ കൂട്ടിക്കൊണ്ടു പോയവള്‍..
അന്നാണ്,
അരുതാത്തതെന്തോ കണ്ടെന്ന ആധിയില്‍ ഉറക്കം പൊട്ടിയുണര്‍ന്ന അന്നാണ്അവളീ കൂടാരത്തിന്റെ ഇരുള്‍ നിലങ്ങളില്‍ നിഴലായിറങ്ങി വന്നത്..
പ്രണയം ഇത്രമേല്‍ പൊള്ളുന്നതെന്ന് മോഹാരവങ്ങളോടെ കൊതിപ്പിച്ചവള്‍..
സ്പര്‍ശഗന്ധങ്ങളുടെ തീഷ്ണതയില്‍ ഉടലുകളിലുറവപൊട്ടിയൊഴുകുമെന്നുറപ്പിച്ചവള്‍..
അന്നാണ്,
പിന്നെ, നിലാവ് പോലോഴുകുന്ന പുഴയുടെ കിനാവ്‌ കേട്ട് കിടന്ന തീരത്ത് വെച്ച് അന്നാണവളെന്റെ നെഞ്ചിന്മിടിപ്പ് തല്ലിക്കെടുത്തിയത്..
ഹൃദയം വെറും വാക്കുകളാല്‍ നൂറായി നുറുക്കിക്കളയാമെന്നെന്നെ വിസ്മയിപ്പിച്ചവള്‍..
കിനാവള്ളികള്‍ കൊണ്ട് കുരുക്കിട്ടു കൈഅറപ്പില്ലാതെ കൊന്നുതൂക്കാമെന്നു കണ്ണ് മിഴിപ്പിച്ചവള്‍..
...........
അന്നാണ്, ഉടലങ്ങോളം സ്വര്‍ണപൂരിതം മണ്ഡപം വിട്ടേതോ മഹാസൌധത്തിലേക്കവള്‍ ചേക്കേറിയത്. കൈവിരലുകള്‍ക്കൊടുവിലൊരു വിരല്‍ പിണച്ചവനെ കെറുവോടെ ഞാന്‍ കൂര്‍ത്തു നോക്കിയത്..
അവന്‍,
ജീവിതം അത്രമേലൊന്നുമമൂല്യമല്ലെന്ന പുച്ചമെന്റെ ചുണ്ടില്‍ തിരുകി വെച്ചവന്‍..
പ്രിയമെന്ന് തോന്നുന്ന കാഴ്ച്ചകളൊക്കെയും അനാവൃതമെന്ന നിനവിന്റെ മുനയൊടിച്ചവന്‍..
അറിയാനിരിക്കുന്നതുമാരോ അറിഞ്ഞതെന്നറിയാതെ കരിഞ്ഞ വെറും മുറിവുകള്‍ തേടുന്നവന്‍..
...........
അന്നാണ് ഞാന്‍ ആദ്യമായി ഉള്ളറിഞ്ഞ് ചിരിച്ചതെന്നറിഞ്ഞത് പിന്നെയാണ്...
പിന്നെയും പിന്നെ...

Thursday, August 26, 2010

മലര്‍വാടിയിലെ പൂച്ചക്കുട്ടി

അളിയനു ആരോ കൊടുത്ത ഒരു കപ്ള്‍ ഫ്രീ എന്ട്രി ടികറ്റ് കൈയില്‍ കിട്ടിയപ്പോഴും മലര്‍വാടി ആര്‍ട്സ് ക്ലബ് കാണണമെന്ന് കരുതിയതല്ല. കഴിഞ്ഞ വെള്ളിയാഴ്ച ടിവി ചാനെല്‍സ് മാറ്റിമാറ്റി കൈ കഴച്ചപ്പോള്‍ സഹധര്‍മിണിയാണ് വെറുതെ കിടന്ന ആ ടിക്കറ്റ്‌ എടുത്തു കാണിച്ചു ഒന്ന് പോയി നോക്കിയാലോ എന്ന് ഉദ്ബോധിപ്പിച്ചത്. അറുപതു ദിര്‍ഹംസ് വെറുതെ കളയെണ്ടെന്നു കരുതി പോകാന്‍ തീരുമാനിച്ചു. ഹയാത് റീജെന്സിയിലെ ഗലേരിയയില്‍ വൈകുന്നേരം എഴുമണിയാകുംബോഴേക്കും എത്തി മണിക്കൂറിനു പത്തു ദിര്‍ഹംസ് ചാര്‍ജു ചെയ്യുന്ന ഹയാത് പാര്‍ക്കിങ്ങില്‍ വണ്ടി നിര്‍ത്തി. രണ്ടര മണിക്കൂര്‍ കൊണ്ട് ഒരു വിധം വിനീത്ശ്രീനിവാസന്‍ ഞങ്ങളെ വെറുതെ വിട്ടു. (തുടക്കക്കാരന്‍ എന്ന പരിഗണന കൊടുത്താല്‍ ആവറേജ് എന്ന് വേണമെങ്കില്‍ മാര്‍ക്ക് കൊടുക്കാവുന്ന സാധനം).

പടം കഴിഞ്ഞു പാര്‍ക്കിങ്ങില്‍ എത്തി വണ്ടി സ്റ്റാര്‍ട്ട്‌ ചെയ്യുമ്പോള്‍ അസാധാരണമായി ഒരു കടകട ശബ്ദം! ആരോ പുറകില്‍ നിന്നിടിച്ചോ എന്ന് കരുതി വണ്ടി ഓഫ് ചെയ്തപ്പോള്‍ ശബ്ദവും നിന്നു. വീണ്ടും സ്റ്റാര്‍ട്ട്‌ ചെയ്തപ്പോള്‍ അതെ ശബ്ദം. കൂടെ എന്തോ കരയുന്ന ശബ്ദവും.. പുറത്തിറങ്ങിയപ്പോള്‍ ദയനീയമായൊരു മ്യാവൂമ്യാവൂ നിലവിളി. വണ്ടിക്കടിയില്‍ നോക്കിയപ്പോള്‍ ഒന്നും കാണാനില്ല. ബോണട്ടു തുറന്നുനോക്കിയപ്പോഴുണ്ട് ഒരു പാവം പൂച്ചക്കുട്ടി ദയനീയമായി കരയുന്നു. സംഭവിച്ചതെന്താണെന്ന് വെച്ചാല്‍, വണ്ടിയുടെ എഞ്ചിന്‍റെ താഴെ ഏസിയുടെ അടുത്തു ഒരു ചെറിയ പ്ലാറ്റ്ഫോം ഉള്ളതില്‍ ചൂടില്‍ നിന്നും രക്ഷകിട്ടാന്‍ പുള്ളിക്കാരന്‍ കയറി കിടന്നതാണ്. പെട്ടെന്ന് വണ്ടി സ്റ്റാര്‍ട്ട്‌ ചെയ്തപ്പോള്‍ എഞ്ചിന്‍റെ പ്രഷറില്‍ അത് ഉള്ളിലേക്ക് വലിചെടുക്കപ്പെട്ടു കുടുങ്ങിക്കിടക്കുകയാണ്. ഇപ്പോള്‍ വണ്ടി സ്റ്റാര്‍ട്ട്‌ ചെയ്തു പുറത്തെടുക്കാന്‍ പറ്റാത്ത അവസ്ഥ. സമയം പോകുംതോറും പാര്‍കിംഗ് ഫീസ്‌ കൂടിക്കൊണ്ടിരിക്കുന്ന ആശങ്ക. പുറത്തെ അസഹനീയമായ ഉഷ്ണത്തില്‍ മോള് അസ്വസ്ഥയാകാന്‍ തുടങ്ങി. ഗേറ്റിലുള്ള ആഫ്രിക്കന്‍ സെക്കുരിറ്റി സ്റ്റാഫിനോട് സംഭവം പറഞ്ഞപ്പോള്‍ മറുപടി അസാധാരണമായി ഒരു വിലാപശബ്ദം! ആ പൂച്ചക്കുട്ടി അയാളുടെ കാബിനില്‍ ചെല്ലും ചെലവും കൊടുത്ത് വളരുകയായിരുന്നുവത്രേ. "എന്‍റെ പൂച്ച.. എന്‍റെ പൂച്ച.." എന്ന് ആ തടിച്ച ശരീരത്തില്‍ നിന്നും വാക്കുകള്‍ വിതുമ്പുന്നത് കണ്ടപ്പോള്‍, അന്ന് വരെ കറുത്തു വീര്‍ത്തു മൊട്ടത്തലയുമായി ഭീകരഭീമാകാരരൂപത്തില്‍ പലപ്പോഴും ഭയപ്പെടുത്തിയിരുന്ന ഒരു വര്‍ഗ്ഗം ഇത്രമാത്രം ആര്‍ദ്രഹൃദയരോ എന്ന് ഞാന്‍ അതിശയപ്പെട്ടു നിന്നു.

സമയം അപ്പോഴേക്കും അര്‍ദ്ധരാത്രി പിന്നിട്ടിരുന്നു. പലരെയും വിളിച്ചതില്‍ (അസുഖമായതുകൊണ്ട് മാത്രം) കള്ളു കുടിക്കാതെ പച്ചയ്ക്ക് നില്‍ക്കുകയായിരുന്ന ഒരു കസിന്‍ അവന്‍റെ വണ്ടിയുമായി അപ്പോഴേക്കും എത്തിച്ചേര്‍ന്നു. റികവറി ട്രക്ക് വന്നു വര്‍ക്ക് ഷോപ്പിലേക്ക് എന്‍റെ വണ്ടി പൊക്കിയെടുത്തു കൊണ്ട് പോകുന്നത്, കല്യാണപ്പെണ്ണിറങ്ങിപോകുന്ന വീട്ടിലെ ഉമ്മറത്ത് ഗദ്ഗദകണ്ടനായ് നില്‍ക്കുന്ന പിതാവിനെ പോലെ ആഫ്രിക്കന്‍ വളര്‍ത്തച്ചന്‍ നോക്കിനിന്നു. എന്‍റെത് അറുപതു ദിര്‍ഹവും റികവറി ട്രക്കിന്‍റെത് പത്തു ദിര്‍ഹവും ചേര്‍ത്ത് എഴുപതു ദിര്‍ഹം പാര്‍ക്കിംഗ് ഫീസ്‌ അവിടെ അടച്ചു.

മുന്‍പില്‍ റികവറിട്രക്കിനു മുകളില്‍ എന്‍റെ പ്രിയപ്പെട്ട കറുത്ത ടൊയോട പ്രാഡോ ചെരിഞ്ഞ ആനയെപോലെ വീര്യമോഴിഞ്ഞു കിടക്കുന്നത് പുറകില്‍ പിന്തുടരുകയായിരുന്ന കസിന്‍റെ വണ്ടിയിലിരുന്നു ഞാന്‍ വിഷമത്തോടെ നോക്കിയിരികുകയായിരുന്നു. ഒരു പത്തു മിനുട്ടോളം മുന്നോട്ടു പോയിക്കാണും. ദുബായി ഹോസ്പിറ്റലിനു മുന്നിലെത്തുംബോഴുണ്ട് വണ്ടിക്കടിയില്‍ നിന്നും പൂച്ചക്കുട്ടി ട്രക്കിന്‍റെ പ്ലാട്ഫോമിലേക്ക് ചാടിയിറങ്ങുന്നു. എന്ജിനുള്ളിലെ അസംഖ്യം അവയവങ്ങള്‍ക്കിടയില്‍ നിന്നും എങ്ങിനെയോ പുറത്തേക്കുള്ള വഴി കണ്ടെത്തിയ പൂച്ചക്കുട്ടി വേവലാതികളോടെ പുറത്തേക്ക് ചാടാന്‍ തയ്യാറായി നില്‍ക്കുന്നു. ട്രക്ക്ഡ്രൈവറെ ഫോണില്‍ വിളിച്ചു അടുത്തെവിടെയെങ്കിലും പാര്‍ക്ക് ചെയ്യാന്‍ പറഞ്ഞു. അതിനും മുന്‍പ് അത് വാഹങ്ങള്‍ ചീറിപായുന്ന റോഡില്‍ തുള്ളി ചമ്മന്തി ആകാതിരുന്നാല്‍ മതിയായിരുന്നെന്ന് ഭാര്യ ആകുലപ്പെട്ടു. ട്രക്ക് നിര്‍ത്തിയപ്പോഴും മുഖത്തു ചോരപ്പാടുകളോടെ പൂച്ചക്കുട്ടി ഭയവെപ്രാളത്തില്‍ അങ്ങിങ്ങ് പാഞ്ഞു നടന്നു. പിന്നെ മെല്ലെ ചാടിയിറങ്ങി കെട്ടിടങ്ങള്‍ക്കിടയില്‍ അപ്രത്യക്ഷമായി.

ട്രകിനു മുകളില്‍ നിന്നും വണ്ടി ഇറക്കുന്നതിനു മുന്‍പേ സ്റ്റാര്‍ട്ട്‌ ചെയ്തു നോക്കിയപ്പോഴാണ് അടുത്ത ദുരിതം. എഞ്ചിന്‍ സ്റ്റാര്‍ട്ട്‌ ആകുന്നില്ല. പൂച്ചയുടെ മരണവെപ്രാളത്തിനിടയില്‍ എന്തോ എവിടെയോ തകരാര്‍ സംഭവിച്ചിരിക്കുന്നു. സമയം പുലര്‍ച്ചെ രണ്ടു മണി. ഇനി എന്തെങ്കിലും ചെയ്യണമെങ്കില്‍ നേരം പുലരണം. വര്ക് ഷോപ്പിനു സമീപം ഓഫ് ലോഡ് ചെയ്തു റിക്കവരിക്കാരന്‍ ദിര്‍ഹംസ് നൂറ്റമ്പതും കൊണ്ട് പോയി.

പിറ്റേന്ന് വര്ക് ഷോപ്പില്‍ പര്ശോധനകളൊക്കെ കഴിഞ്ഞു, വായില്‍ കൊള്ളാത്ത ഏതൊക്കെയോ സാമഗ്രികളുടെ പേരും അതൊക്കെ മാറ്റണമെന്നും മെകാനിക് പറയുമ്പോള്‍ "പടച്ചോന്‍ നിരീച്ചത് നടക്കെട്ടെട ചങ്ങായീ" എന്ന് പാടുകയല്ലാതെ വേറെ വഴിയില്ലായിരുന്നല്ലോ എനിക്ക്. അങ്ങനെ അവിടുത്തെ ബില്‍ നാനൂറു ദിര്‍ഹംസ്. അറുപതു ദിര്‍ഹംസിന്‍റെ ഫ്രീ ടികറ്റ് വസൂലാക്കാന്‍ പോയിട്ട് ആകെ മൊത്തം ചെലവു എഴുപതു പ്ലസ് നൂറ്റമ്പത് പ്ലസ് നാനൂറു സമം അറുന്നൂറ്റി ഇരുപതു ദിര്‍ഹംസ്! സമയനഷ്ടം.. മനോദുഖം.. ഇത്യാദി ഇനങ്ങള്‍ വേറെ. വിനീത് ശ്രീനിവാസനും.. പൂച്ചക്കുട്ടിയും.. ആഫ്രികന്‍ തടിയനും.. എല്ലാം കുംബിടിയുടെ ആള്‍ക്കാരാ...

"Cats are intended to teach us that not everything in nature has a function". Garrison Keillor

Thursday, August 19, 2010

ഒരു നാള്‍ ഉണരും..

അനീതി നിയമമാകുംപോള്‍ പ്രതിരോധം നമ്മുടെ കടമയായി മാറുന്നു എന്ന് പറഞ്ഞത് ചെഗുവേരയാണ്. പുതുതലമുറ പക്ഷെ പ്രതിരോധമോ പ്രതിഷേധമോ പോലും മറന്നു പ്രതികരണ ശേഷി പാടെ നഷ്ടപ്പെട്ട് പകച്ചു നില്‍ക്കുന്ന ആസുരകാലത്തിലൂടെയാണ് നമ്മള്‍ കടന്നു പോകുന്നത്. സൃഷ്ടിപരമായ സംവേദനക്ഷമത കൈമോശം വന്ന സമകാലിക യുവത്വത്തിന്റെ നിഷ്ക്രിയത്വം ഭയാനകമാം വിധം വളരുന്നു. കാണേണ്ടതൊന്നും കാണുകയും കേള്‍ക്കെണ്ടാതൊന്നും കേള്‍ക്കുകയും ചെയ്യാത്ത ഒരു തലമുറ നമ്മുടെ ക്യാംപസ്സുകളില്‍ വളര്‍ന്നു പുറത്തിറങ്ങിക്കൊണ്ടിരിക്കുന്നു. അതുകൊണ്ടുതന്നെ നമ്മുടെ സര്‍വകലാശാലകളെ സര്‍വതോന്മുഖമായ നേതൃ ശക്തിയുടെ ഉറവകളായി പ്രതീക്ഷയോടെ കണ്ടവരുടെ കിനാവുകള്‍ മുറിപ്പെടാതെ വയ്യ.

നല്ല പൌരന്മാരെ സൃഷ്ടിക്കുകയാണ് നല്ല വിധ്യാഭ്യാസപധതിയുടെ ആത്യന്തിക ലക്‌ഷ്യം. ആ നിലക്ക്, കലാലയങ്ങള്‍ ലക്ഷണമൊത്ത പൌരന്മാരെ ഉണ്ടാക്കിയെടുക്കുന്ന നിര്‍ണ്ണായകമായ പൊതു ഇടമാണ്. നല്ല മനുഷ്യര്‍ എന്ന വാക്ക് കൊണ്ട് അര്‍ത്ഥമാക്കപ്പെടുന്നത്, ആട്ടിത്തെളിച്ചുകൊണ്ടുപോകപ്പെടുന്ന നാല്‍ക്കാലികളുടെ നിശബ്ദമായ വിധേയത്വമല്ല. മറിച്ചു, സ്വന്തം ജീവിത പരിതസ്ഥിതികളോട് ക്രിയാത്മകമായി പ്രതികരിക്കാനും നാം ജീവിക്കുന്ന സംസ്ക്കാരത്തിന്റെ ധാര്‍മിക നഷ്ടങ്ങള്ക്കെതിരെ നിലയുറപ്പിക്കാനും, കരുത്തും ആജ്‌ഞാശക്തിയും ഉള്ളൊരു സമൂഹത്തെയാണ് എന്റെ സംകല്‍പ്പത്തിലെ ക്യാമ്പസ് പ്രതിനിധീകരിക്കുന്നത്. സങ്കടകരമെന്നു പറയട്ടെ, ഇന്നത്തെ കലാലയങ്ങള്‍ ഈ സ്വപ്നവുമായി പൊരുത്തപ്പെടുന്നതല്ല. ഈ തിരിച്ചറിവിന്റെ പശ്ചാത്തലത്തില്‍ വേണം നമ്മുടെ വിധ്യാഭ്യാസമെഖലയും യുവത്വവും സമൂഹം തന്നെയും നേരിടുന്ന പ്രശ്നങ്ങളെ നോക്കികാണാന്‍.

ജീവിതം പരസ്പരം പിന്നിലാക്കാനുള്ള ഒരു മത്സരമാണിന്നു എന്നുള്ളത് നമുക്കറിയാവുന്ന കാര്യം മാത്രം. സമൂഹത്തിലെ ഈ മൂല്യച്യുതി കലാലയങ്ങളിലെക്കും കടന്നുവന്നതോടെ, ഈ മത്സരങ്ങള്‍ ആവേശപൂര്‍വ്വം നടത്താനുള്ള ഒരു വേദി മാത്രമായി നമ്മുടെ ക്യാംപസ്സുകള്‍ ചെറുതായിരിക്കുന്നു. ഫിനിഷിംഗ് പോയിന്റില്‍ ഒരു ജോലി മാത്രമാണ് ലക്ഷ്യമാക്കപ്പെടുന്നത്. ക്യാമസ് റിക്രൂട്മെന്റും പ്ലയ്സ്മെന്റും മല്ട്ടിനാഷണല്‍കമ്പനികളും യു. എസും പ്രലോഭിപ്പിച്ചുകൊണ്ടേ ഇരിക്കുന്ന ആ അത്ലെടിക് ട്രാക്കിനപ്പുരത്തെക്കുള്ള എല്ലാ ജീവിത വീക്ഷണങ്ങളും വ്യര്‍ത്ഥമെന്നോ വിഡിത്തമെന്നോ വിളിക്കപ്പെടുന്നു. സര്‍ഗ്ഗപരമായ ഏതൊരു പടപ്പുറപ്പാടും തുടക്കത്തില്‍ തന്നെ തോല്പ്പിക്കപ്പെടുന്നു. അനീതികള്‍ക്കെതിരെ പ്രതികരിക്കാന്‍ ചോരശേഷിപ്പും എല്ലുറപ്പും ഉള്ള ചുരുക്കം ചിലര്‍ ക്രിമിനലുകലായ് മുദ്രകുത്തപ്പെടുന്നു. ഒരു ചില്ലുമതില്‍ തകര്‍ക്കപ്പെടുന്നതു മാസങ്ങളോളം വിഷ്വലൈസ് ചെയ്യപ്പെടുകയും അതിലേക്കു നയിച്ച അടിസ്ഥാനപ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടാതിരിക്കാന്‍ ബന്ധപ്പെട്ടവരൂം മാധ്യമങ്ങളും ജാഗരൂകരായതും നാം കണ്ട കാഴ്ചകളാണ്. സ്വന്തം ശരീരഭാഷ പോലും അസ്വാഭാവികമാക്കുന്ന രീതിയില്‍ ക്യാമറക്കണ്ണുകളുടെ നിരീക്ഷണവലയത്തില്‍ അസ്വസ്ഥമാകുന്ന യുവത്വം ഒരു വിഷയമേ അല്ലാതാവുകയും തകര്‍ക്കപ്പെടുന്ന ക്യാമറകള്‍ അക്രമസമരങ്ങളുടെ ഏറ്റവും വലിയ ജാമിതീയകമാവുകയും ചെയ്യുന്ന കാലം ആരുടെ അപനിര്‍മ്മിതിയാണ്‌? വിദ്യാര്‍ഥിയുടെ സ്വത്വം തന്നെ മാര്‍ക്കുകളുടെ വെറും അങ്കഗണിതത്തിലേക്ക് ലഘൂകരിക്കപെടുമ്പോള്‍ അവനു മുന്നില്‍ മറ്റു മാര്‍ഗങ്ങളില്ലാതാവുന്നു. മാര്‍ക്കും റാങ്കും മ്ലേച്ചമാണെന്നല്ല. എന്നാല്‍ അവ സ്വാര്‍ഥതയുടെ കുടില സമസ്യകള്‍ പൂരിപ്പിക്കുന്നതിനുമപ്പുറം സമൂഹത്തിനു ഉപയുക്തമാകനമെന്കില്‍ വിദ്യാര്‍ഥി സിലബസ്സിന്റെ ഇത്തിരി വൃത്തം ഭേദിക്കാന്‍ കഴിവുളളവനായിരിക്കണം. നമ്മുടെ ദുരന്തം ഇവിടെ ആരംഭിക്കുന്നു. നമ്മുടെ വിദ്യാര്‍ഥികള്‍, മക്കളോ ശിഷ്യരോ ആകട്ടെ, അബദ്ധത്തില്‍ പോലും സിലബസ്സിന് പുറത്തേക്ക് വഴിതെറ്റിപ്പോകാതിരിക്കാന്‍ ബന്ധപ്പെട്ടവര്‍ ജാഗരൂകരാണ്. റാങ്കിലേക്ക് മാത്രം വഴികാണിക്കപ്പെടുന്ന വിദ്യാര്‍ഥി സ്വയമേവ സിലബസ്സിന്റെ മതില്‍ ചാടുമെന്നു പ്രതീക്ഷിക്കാന്‍ വായല്ലോ. (ചുരുക്കം ചില ഉദാഹരണങ്ങള്‍ ഉണ്ടാകാമെങ്കിലും). ഇങ്ങനെ കൊട്ടിഘോഷിക്കപ്പെടുന്ന മഹത്തായ വിജയങ്ങള്‍ പോലും ധീഷണാപരമായ അടിമത്തത്തിന്റെ ഉല്‍പന്നമായിരിക്കാനുള്ള വലിയ സാധ്യതയിലേക്ക്‌ നമ്മളിനിയും പകച്ചുണര്‍ന്നിട്ടുണ്ടെന്നു കരുതാമോ?

കാമ്പസ്സില്‍ ഒരു പ്രതിഷേധശബ്ധവും ഉയരാന്‍ പാടില്ല എന്നുള്ളത് ത്രസിച്ചുനില്‍ക്കുന്ന കൌമാരത്തിന്മേല്‍ അനാരോഗ്യകരമായ മൂക്കുകയറിടലാനെന്നുള്ളത് കാമ്പസ് രാഷ്ട്രീയത്തിനും സംഘടനാപ്രവര്തനത്തിനും എതിരെ നിരന്തരം ശബ്ദിക്കുന്ന വിമര്‍ശകര്‍ക്കും ചില മാധ്യമങ്ങള്‍ക്കും അറിയാത്തതല്ല. ജനാധിപത്യപരമായ അവസരങ്ങള്‍ നിഷേധിക്കപ്പെടുന്ന ഇത്തരം ഇടങ്ങളില്‍ അരാഷ്ട്രീയ വാദത്തിന്റെ ഉപോല്‍പ്പന്നമായി ആരാജകത്തം തല ഉയര്‍ത്തുന്നതും അരങ്ങു വാഴുന്നതും കണ്ടില്ലെന്നു നടിക്കുന്നത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങളാണ് സൃഷ്ടിക്കുന്നത്. കേവല ഇടതുപക്ഷവിരുധതയുടെ ഭാഗമായി ചില മാധ്യമങ്ങള്‍ പേരെടുത്തു ചില വിദ്യാര്‍ഥിപ്രസ്ഥാനങ്ങളെ അപകീര്‍ത്തിപ്പെടുത്തുന്നത് ഒറ്റപ്പെട്ട അക്രമസമരങ്ങളെ പൊതുവല്‍ക്കരിച്ച്ചുകൊണ്ടാണ്. ഇതേ പ്രസ്ഥാനത്തിന്റെ നാല്‍പ്പതോളം പ്രവര്‍ത്തകര്‍ കൊലക്കത്തിക്കിരയായത് മറച്ചുപിടിച്ചുകൊണ്ടും, ആ പ്രസ്ഥാനത്തിന്റെ എതിരാളികളാരും തന്നെ നേരിട്ടുള്ള ആക്രമണങ്ങളില്‍ ഇന്നേവരെ ഉന്മൂലനം ചെയ്യപ്പെട്ടിട്ടില്ലെന്നുമുള്ള വസ്തുത അറിയില്ലെന്ന് നടിച്ചും കലാലയരാഷ്ട്രീയം സമം സംഘര്‍ഷഭരിതം എന്ന ലളിതസമവാക്യത്തിലേക്ക് പൊതുസമൂഹത്തെ നയിക്കുന്നതില്‍ ഇക്കൂട്ടര്‍ ഒരു പരിധി വരെ അപകടകരമായി വിജയിച്ചിരിക്കുന്നു. കലാലയ രാഷ്ട്രീയം ആവശ്യമില്ലെന്നു പറയുന്നവര്‍ ഭംഗ്യന്തരേണ പറയുന്നത് മൃഗീയ സ്വാധീനമുള്ള വിദ്യാര്‍ഥിസംഘടനകളിലൂടെ നവതലമുറയ്ക്ക് കൈവരാവുന്ന പൊതുഇടതുപക്ഷഅവബോധം തങ്ങളുടെ ഹിടെന്‍ അജണ്ടകള്‍ക്ക് വിഘാതമെന്നാണ്. ഇതിനുമപ്പുറം ക്രിയാത്മകമായ ഏതൊരു നീക്കവും മുളയിലെ നുള്ളുന്ന തരത്തില്‍ "പഠിക്കാന്‍ വരുന്നവര്‍ അത് മാത്രം ചെയ്‌താല്‍ മതിയെന്ന" ശാസന അധികൃതരുടെ അധികാരചിഹ്നത്തിന്റെ ഭീഷണി ആയി തലയ്ക്കു മുകളില്‍ തൂക്കിവെച്ചിട്ടുമുണ്ട്.

ഇന്ന് നമ്മുടെ ക്യാംപസ്സുകള്‍ സര്‍ഗ്ഗാത്മകമായ യാതൊരു പ്രവര്‍ത്തനത്തിനും വേദിയാകുന്നില്ല എന്നുള്ളത് ദുഖകരമാണ്. ക്യാമ്പസ്സിനു പുറത്തെ ജീവിതത്തെക്കുറിച്ച്, അവിടെ നടക്കുന്ന സംഭവവികാസങ്ങളെ കുറിച്ച്, മറ്റു ചലനങ്ങളെ കുറിച്ച് കൂട്ടായ ആശയസംവാദം നടത്താന്‍ ഒരു വേദിയും ഇന്നില്ല. സമ്പന്നതയുടെ പൊന്നിന്‍തിളക്കമുള്ള നാഗരിക ആര്‍ഭാടങ്ങള്‍ക്കും കെട്ടുകാഴ്ച്ചകള്‍ക്കുമകലെ പ്രാന്തദേശങ്ങളില്‍ വെറുതെ തീര്‍ന്നുപോകുന്ന ഇരുണ്ടു നേര്‍ത്ത ജീവിതങ്ങളും ദുരിതങ്ങളും നമ്മുടെ കലാലയങ്ങളുടെ ആകുലതകളെ അല്ലാതായിട്ടു കാലങ്ങലായിരിക്കുന്നു. പിന്നെ നാമെങ്ങിനെ പൊള്ളുന്ന ജീവിതത്തെ കുറിച്ച് സ്വന്തം ദര്‍ശനം രൂപപ്പെടുത്തും? എങ്ങിനെ രാഷ്ട്രപുനര്‍നിര്‍മാണത്തെ കുറിച്ച് ഗൌരവതരമായുള്ള ചിന്തകള്‍ ആര്ജ്ജിക്കും? ഇന്ത്യന്‍ യുവത്വത്തിന്റെ സ്വപ്നസദൃശമായ കരുത്തുള്ള ചങ്ങലയിലെ കണ്ണികളാവും?

പരീക്ഷാ പേപ്പറുകളിലെക്കുള്ള തയ്യാറെടുപ്പുകള്‍ക്കപ്പുറത്തു, സര്‍ഗാത്മകമായ കഴിവുകള്‍ വളര്‍ത്തിയെടുക്കാനോ ചുറ്റുപാടുകളോട് നിശിതമായി പ്രതികരിക്കാനോ സംവിധാനമില്ലാത്ത ക്യാമ്പസ് വന്ധ്യമാണെന്നു ഞാന്‍ പറയും. സര്‍ഗശക്തിയും നേത്രുപാടവവും ഉള്ള യുവതീയുവാക്കള്‍ നിര്‍വീര്യമാക്കപെടുന്ന ഒരന്തരീക്ഷമാണ് നിര്‍ഭാഗ്യവശാല്‍ നമ്മുടെ ക്യാംപസ്സുകളില്‍ നിലനില്‍ക്കുന്നത്. പ്രതിഭയുടെ മൌനം ക്രൂരമായി അവഗണിക്കപ്പെടുകയും പ്രകടനപരതയുടെ ശബ്ദകോലാഹലം മാത്രം അന്ഗീകരിക്കപ്പെടുകയും ചെയ്യുന്ന ഒരു വ്യവസ്ഥിതി എന്റെ സ്വപ്നത്തിലെവിടെയും ഇല്ല. ആരുടെയെങ്കിലും (ദു)സ്വപ്നങ്ങളില്‍ അതുണ്ടായിരുന്നോ എന്നറിയില്ല. "പ്രകടനപരത" എന്ന പദം ചെറിയൊരു വിശദീകരണം അര്‍ഹിക്കുന്നുണ്ട്. അകംശൂന്യമായ പുറംമോടികളോടാണ് നമ്മുടെ തലമുറയ്ക്ക് പ്രിയം. പ്രവര്തനങ്ങളെക്കാളേറെ അതിന്റെ പ്രചാരണങ്ങള്‍ക്കും അതിലപ്പുറം വിവാദങ്ങള്‍ക്കുമല്ലേ നമ്മള്‍ ഊര്‍ജ്ജം ചെലവഴിക്കുന്നത്? കലര്‍പ്പില്ലാത്ത സര്‍ഗശേഷിയും പ്രതിരോധങ്ങളിലെ ആത്മാര്‍ഥതയും നമുക്ക് കണ്ടെത്താന്‍ സാധിക്കാതെ വരുന്നതും ഇതിന്റെയൊക്കെ പരിണിതഫലങ്ങലാണ്.

ജീവിതത്തിന്റെ വസന്തം നാം ചെലവഴിക്കുന്ന കലാലയങ്ങള്‍ എന്തുകൊണ്ട് സ്വപ്നങ്ങളുടെ വിതാനത്തിലേക്ക്‌ സഞ്ചരിക്കുന്നില്ല? ഊഷ്മളത ചോര്‍ന്നുപോയ അധ്യാപക വിദ്യാര്‍ഥി ബന്ധം ഒരു വലിയ കാരണമാണ്. ഗാഡമായ ഗുരു ശിഷ്യ ബന്ധങ്ങള്‍ ഇന്ന് കേട്ട് കേള്‍വി മാത്രമാണ്. കച്ചവടം മാത്രം ലക്ഷ്യവും യോഗ്യതയും ആയവരുടെ കൈകളില്‍ നിന്നും മഹത്തായ നമ്മുടെ കലാലയങ്ങളുടെ നിയന്ത്രണം തിരിച്ചു പിടിക്കുക എന്നത് ആധുനിക സാഹചര്യങ്ങളുടെ അടിയൊഴുക്കുകളില്‍ പെട്ട് എങ്ങുമെത്താതെ പോകാനേ തരമുള്ളൂ. റാങ്കിനും മാര്‍ക്കിനും അപ്പുറം ജീവിതം ബാക്കിയുണ്ടെന്ന് തോന്നിപ്പിക്കുന്ന ചിന്തകള്‍ ഉദ്ദീപിപ്പിക്കുന്ന ഇടങ്ങളും സംവാദങ്ങളും സംഘര്‍ഷങ്ങളും തിരിച്ചു കൊണ്ട് വരാന്‍ ആരാണ് മുന്‍കൈ എടുക്കുന്നത് എന്ന് ഞാന്‍ ആശയോടെ കാത്തിരിക്കുന്നു. അടുത്ത തലമുറയുടെ ക്യാമ്പസ്സ് ജീവസ്സുറ്റതാക്കാന്‍, മൃത ധമനികളില്‍ ജീവരക്തം ഒഴുക്കാന്‍, അരാഷ്ട്രീയതയുടെ അരാജകത്വം തകര്‍ത്തുടയ്ക്കാന്‍ ഒരു പടപ്പുറപ്പാട് നിശ്ചയമായും അകക്കണ്ണില്‍ ആര്‍ത്തലച്ചു വരുന്നുണ്ട്. കിനാവുകളൊക്കെയും ഉറക്കത്തിലെ സാന്ത്വനങ്ങള്‍ മാത്രമാണെന്നു നെടുവീര്‍പ്പിടാന്‍ ഇപ്പോള്‍.. ഇപ്പോളെനിക്ക് വയ്യ.

പ്രതീക്ഷിക്കാന്‍ ഇനിയൊന്നുമില്ലെന്ന നഷ്ടബോധം ഒരിക്കലുമില്ല. സുഖകരമായൊരു ആലസ്യത്തോടെ നമ്മുടെ തലമുറ മയങ്ങുക മാത്രമാണ്. ഈ മയക്കം ഒരു നാള്‍ ഉണരും എന്ന പ്രതീക്ഷയാണെന്നു ആശ്വസിക്കാം, ഏറെക്കുറെ യുക്തിഭദ്രമായിത്തന്നെ. എല്ലാം ശരിയാവുമെന്നു ഉള്ളിലാരോ മന്ത്രിക്കുന്നുണ്ട്‌. തീര്‍ച്ചയായും ഞാന്‍ അങ്ങിനെ വിശ്വസിക്കാന്‍ ആഗ്രഹിക്കുന്നു.

"ഘനമൂകമനസ്സില്‍ ചാരനിറം പൂണ്ട മഹാശൂന്യത മാത്രം..
കണ്ണിനു പിന്നില്‍, കാതിനു പിന്നില്‍ കതകുകള്‍ മുറുകിയടഞ്ഞുകിടപ്പൂ..."
N. N. Kakkad

Sunday, August 8, 2010

ചിരി ചൊരിയും ചില ചരിതങ്ങള്‍

പ്രവാസിയുടെ ദൈനംദിന ജീവിതം കടന്നു പോകുന്നത് ഓര്‍മകളുടെ പിന്ബലത്തിലാണ്. മണലാരണ്യത്തില്‍ വര്‍ഷങ്ങള്‍ ജീവിതം ഉഷ്ണിച്ചു തീര്‍ത്തവര്‍ക്ക് പോലും ഓര്മകളെന്നത് കാലങ്ങള്‍ക്കപ്പുറം കടല് കടന്ന ആ ഒരു ദിനത്തിനും പുറകിലുള്ളതാണ്. ഗള്‍ഫ് ജീവിതത്തിലെ മടുപ്പിക്കുന്ന നൈരന്തര്യം അനുഭവങ്ങളുടെ ആര്‍ദ്രപ്രതലം പോലും തരിശുഭൂമിയാക്കി മാറ്റുന്നു. ചെറിയൊരു ശതമാനം പ്രവാസികളെ മാറ്റി നിര്‍ത്തിയാല്‍ ഭൂരിപക്ഷത്തിനും പ്രസാദാത്മകമായ നന്മകളുടെ അനുഭവഭാക്കാകാന്‍ കഴിയാറില്ലെന്നതാണ് വാസ്തവം. അതുകൊണ്ട് തന്നെയാണ് ഒത്തുകൂടാന്‍ കിട്ടുന്ന അപൂര്‍വ്വം വേളകളില്‍ ഓരോരുത്തരും പഴയ നാട്ടുവഴികളുടെ നനവിലേക്കും കാമ്പസിന്റെ കൌതുകങ്ങളിലെക്കും വായനശാലകളിലെ സായന്തനങ്ങളിലേക്കും പിന്നെയും പിന്നെയും മടങ്ങിപ്പോകുന്നത്‌. കൊര്‍പ്പരെറ്റ് ലോകത്തിന്റെ ജാഡശാട്യങ്ങളില്ലാതെ നിഷ്കളങ്കമായ ഗൃഹാതുരത്വത്തിലെക്കും നിര്‍ലോഭമായ നര്മങ്ങളിലേക്കും നിരന്തരം സഞ്ചരിക്കുന്ന ഒരു ശരാശരി പ്രവാസിയുടെ പഴഞ്ചന്‍ ഓര്‍മ്മകള്‍ എന്നെയും വലയം ചെയ്തു എപ്പോഴുമുണ്ട്. ചിന്തകളില്‍ ചിരി ബാക്കിവെച്ചു പോയ ചില "ചരിത്ര സംഭവങ്ങള്‍" വെറുതെ കുത്തിക്കുറിക്കുന്നു..ഈ പറയുന്നത് എന്റെ കാഞ്ഞങ്ങാട്ടുകാരന്‍ കൂട്ടുകാരന്‍ കൈമാറിയ ഒരു സംഭവകഥയാണു. ചില്ലറ അശ്ലീലം പോലെ തോന്നുമെങ്കിലും മലയാളിയുടെ മാത്രമായ ഒരു വിചിത്രവിചാരധാര അത് വിവരിക്കുന്നുവെന്നു തോന്നുന്നു. സദാചാരവാദികള്‍ സദയം ക്ഷമിക്കുക.സ്ഥലം കാഞ്ഞങ്ങാട്. കാലം ചുരുങ്ങിയത് ഒരു പതിനഞ്ചു വര്‍ഷമെങ്കിലും പഴക്കം. സ്ഥലത്തെ പ്രമുഖ വ്യാപാര സ്ഥാപനം ഒരു ജ്വല്ലറി കൂടി തുറക്കാന്‍ ഒരുങ്ങുന്നു. അന്നത്തെ പ്രമുഖ ചലച്ചിത്ര നടി ശിവകാമി ആണ് റിബണ്‍ മുറിക്കുന്നത്. തമിഴിലെ നിത്യപ്രണയനായകനോടോത്തൊക്കെ അഭിനയിച്ചു പ്രശസ്തിയുടെ കൊടുമുടിയില്‍ നില്‍ക്കുന്ന സമയത്താണ് നടിയുടെ നഗര സന്ദര്ശനം. നാട്ടുകാര്‍ ആ സുദിനത്തിന് വേണ്ടി കാത്തിരുന്നു. ഒടുവില്‍ മംഗലാപുരത്തു നിന്നും റോഡ്‌ മാര്‍ഗം നഗരത്തില്‍ പുലര്‍ച്ചെ എത്തിയ നടിക്കു നഗരത്തിലെ കിട്ടാവുന്ന മുന്തിയ ഹോട്ടലില്‍ റൂമെടുത്തു കൊടുത്ത് സംഘാടകര്‍ ഒന്‍പതുമണിക്കുള്ള ഉദ്ഘാടനത്തിനുള്ള ഒരുക്കത്തിനായ് തിരക്കിലേക്ക് മടങ്ങി. ശിവകാമി ശേഷിച്ച ക്ഷീണം കൂടി ഉറങ്ങിത്തീര്‍ത്തു കുളി തേവാ രങ്ങള്‍ക്ക് ശേഷം ജ്വല്ലറിയിലെത്തി ഉദ്ഘാടിച്ചു മടങ്ങിപ്പോയി.കാഞ്ഞങ്ങാടിനെ ഇളക്കിമറിച്ച ചരിത്രസംഭവം ഉണ്ടാകുന്നത് നടി മടങ്ങി പോയതിനു ശേഷമാണ്. ശിവകാമിയുടെ മുറി വൃത്തിയാക്കാന്‍ പോയ ക്ലീനിംഗ് ബോയ്‌, ആണ് എത്രയോ ചെറുപ്പക്കാരുടെ ഉറക്കം കെടുത്തിയ ആ ഉടലില്‍ നിന്നും ഊരിയിട്ട ഒരു അടിവസ്ത്രം ബാത്ത് റൂമിലെ ഹേങ്ങരില്‍ അനാഥമായി അവശേഷിക്കുന്നത് കണ്ടത്. തിരക്കിനിടയില്‍ ശിവകാമി എടുക്കാന്‍ മറന്നതായിരുന്നു അത്. ദിവ്യവും പാവനവുമായ ഒരു കാഴ്ച്ചയുടെ സകലമാന അനുഭൂതികളോടും കൂടി സഹപ്രവര്‍ത്തകരെ ആ വിശേഷം അറിയിക്കാന്‍ അവനോടി. വര്‍ത്തമാനം കൈമാറി കൈമാറി ആ നാട് മുഴുവന്‍ "സംഗതി" അറിഞ്ഞു. പിന്നെ കാണുന്നത് അതുവരെയും അത്രയൊന്നും ആള്സഞാരമില്ലാതിരുന്ന ആ ഹോടെലിലേക്ക് നാട്ടുകാരുടെ പ്രവാഹമായിരുന്നുവത്രേ. നാട്ടുകാര്‍ വരി വരി ആയി ആ മുറിയില്‍ എത്തിനോക്കി നിഗൂഡമായ ഒരാനന്ദ ത്തോടെ മടങ്ങി വരുമ്പോള്‍ പുതിയ ആളുകള്‍ കേട്ടറിഞ്ഞു അവിടേക്ക് എത്തിക്കൊണ്ടിരിക്കുന്നുണ്ടായിരുന്നു. ലോഡ്ജുമുറിയില്‍ അപമൃത്യു വരിച്ച ജഡത്തെ കാണാനെന്ന പോലെ അനസ്യൂതം പ്രവഹിച്ച ജനത്തിന്റെ വരവ് നിലച്ചത് ശിവകാമിയുടെ അടിവസ്ത്രം ഹോടെലധികൃതര്‍ എങ്ങോട്ടോ മാറ്റിയതിനു ശേഷം മാത്രമായിരുന്നു!വിചിത്രമായ ഭാവനകളുടെ വികൃതികളിലൂടെ ഇക്കിളി പൂണ്ടു രസിക്കുന്ന ഒരു ജനതയുടെ ചിരിപ്പിക്കുന്നൊരു രൂപകമാണിതെന്നു തോന്നുന്നു. എത്രയോ കാലം ഇതോര്‍ത്ത് ഞാന്‍ ചിരിച്ചിട്ടുണ്ട്. കുളിമുറിയില്‍ ഇളകിയാടുന്ന ലോലമായൊരു അടിവസ്ത്രവും ആസക്തി ഒളിച്ചു വെച്ച് അത് കാണാന്‍ അനുസരണയോടെ ക്യു നില്‍ക്കുന്നൊരു ആള്‍ക്കൂട്ടവും ഭാവനയില്‍ സൃഷ്ടിച്ചു നോക്കൂ.. നിങ്ങളും ചിരിക്കും. ഇതൊന്നുമറിയാതെ പാവം ശിവകാമി അടുത്ത ലോകെഷന്‍ ലക്ഷ്യമാക്കി യാത്ര ചെയ്യുമ്പോള്‍ അവരുടെ ഒരു സ്ഥാവരജംഗമാവസ്തു ഇവിടെയൊരു നാട്ടില്‍ ക്രമസമാധാനപ്രശ്നമായി അലങ്കോലപ്പെട്ടു തൂങ്ങിയാടുകയായിരുന്നു!..........................................................................................................................................................പെണ്ണുകാണല്‍ ചടങ്ങു ഒരുപാട് തമാശകള്‍ക്ക് സ്കോപ്പുള്ള ഒരേര്‍പ്പാടാണ്. സ്വയം ഒരു പെണ്ണുകാണല്‍ ചടങ്ങിലെ നായകനാകാന്‍ കഴിയാതെ പോയ ലേശം നഷ്ടബോധമോക്കെ അതുകൊണ്ടുതന്നെ ഉള്ളില്‍ കൊണ്ട് നടക്കുന്നുമുണ്ട്. എന്റെ ചേച്ചിയെ പെണ്ണുകാണാന്‍ വന്നിരുന്ന ചെറുപ്പക്കാരുടെ വിറയും വേവലാതിയും പൂണ്ട മുഖങ്ങള്‍ ഓര്‍മയിലുണ്ട്. അതിനുശേഷം ഒരു കൂട്ടുകാരന് വേണ്ടി പെണ്ണ് കാണാന്‍ ഞങ്ങള്‍ കുറച്ചു ചെറുപ്പക്കാര്‍ വിനോദയാത്ര നടത്തിയ സംഭവം പലപ്പോഴും ചിന്തകളില്‍ ചിരി തീര്‍ക്കുന്നതായിരുന്നു. അതൊരു മകരമാസത്തില്‍, ശബരിമല തീര്‍ഥാടന കാലമായിരുന്നു. വടകരയിലെ ഒരു ഉള്‍നാടന്‍ ഗ്രാമത്തില്‍ ആണ് പെണ്ണിന്റെ വീട്. സുഹൃത്തിന്റെ അമ്ബാസിടെര്‍ കാറില്‍ ഏഴു പേര്‍ തിക്കിനിരചിരുന്നു ഒരുവിധം വഴിയൊക്കെ തേടിപ്പിടിച്ചു അവിടെയെത്തി. പെണ്‍കുട്ടിയുടെ അച്ഛന്‍ കറുത്ത മുണ്ടുടുത്ത് താടിയൊക്കെ വെച്ച് ശബരിമല യിലേക്ക് പോകാനുള്ള വ്രതത്തിലാണ്. മാന്യമായി സ്വീകരിച്ചിരുത്തി ഞങ്ങളോട് വിശേഷങ്ങളൊക്കെ അച്ഛന്‍ ചോദിക്കാന്‍ തുടങ്ങി. ഞങ്ങളുടെ കൂട്ടത്തില്‍ ഏറ്റവും മുതിര്‍ന്ന സിദ്ധാര്‍ഥന്‍ ആണ് ആധികാരികമായി കാര്യങ്ങളൊക്കെ സംസാരിക്കുന്നത്. മുതിര്‍ന്നതെന്ന് പറഞ്ഞാല്‍ മുതുക്കനോന്നുമല്ല. കഷ്ടിച്ച് ഒരു മുപ്പതു വയസ്സ് കാണും. കൂട്ടത്തില്‍ ആരും കല്യാണം കഴിച്ചിട്ടുള്ളതല്ല. സിദ്ധാര്‍ഥന്‍ തന്റെ ലോകവിവരവും കാര്യപ്രാപ്തിയും പെണ്ണിന്റെ അച്ഛനെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ മുഴുവനായും അറിയിക്കാനുള്ള യത്നത്തിലാണ്. സമയം വെറുതെ പോകുന്നത് കണ്ട ആരോ മെല്ലെ പെണ്ണിനെ കണ്ടില്ലല്ലോ എന്ന് ഓര്‍മ്മിപ്പിച്ചു. ആ ചോദ്യത്തിന് വേണ്ടി കാത്തിരിക്കയായിരുന്ന പിതാവ് താന്‍ ശബരിമല വൃതതിലായത് കൊണ്ട് പെണ്‍കുട്ടി തൊട്ടപ്പുറത്തുള്ള തന്റെ അനുജന്റെ വീട്ടിലാനുള്ളതെന്നു നമ്മളെ അറിയിച്ചു. സിദ്ധാര്‍ഥനൊഴികേ ബാക്കി എല്ലാവര്ക്കും കാര്യം മനസ്സിലായി. ലോകവിവരമേറെ ഉണ്ടെങ്കിലും സിദ്ധാര്‍ഥന്റെ കാര്യവിവരം വളരെ പരിമിതമായിരുന്നു എന്ന് അന്ന് മനസ്സിലായത്‌, അയാള്‍ പെണ്‍കുട്ടിയോട് വരാന്‍ പറഞ്ഞോളൂ എന്ന് അച്ഛനോട് അഭ്യര്‍ഥിച്ചപ്പോഴാണ്. താനിവിടെ സ്വാമിയായത് കാരണമാണ് മകള്‍ക്ക് തല്‍കാലം ഇങ്ങോട്ട് വരാന്‍ പറ്റാത്തത്. ഒന്നവിടം വരെ പോയി കാണാം എന്നയാള്‍ മറുപടി പറഞ്ഞപോഴും അതൊക്കെ ബുദ്ധിമുട്ടല്ലേ, കുട്ടിയോട് ഇവിടെ വരെ വരാന്പറഞ്ഞുകൂടെ എന്ന് സിദ്ധാര്‍ഥന്‍ പിടിമുറുക്കി. കൂട്ടത്തിലൊരാള്‍ മേശയ്ക്കടിയില്‍ വെച്ച് കാലമര്‍ത്തി ചവിട്ടിയിട്ടും പുള്ളിയ്ക്ക് കാര്യം മനസ്സിലായില്ല. ആ നിര്‍ണ്ണായകസമയത് കൂടെ ഉള്ള മറ്റൊരാള്‍ കയറി രംഗത്തിന്റെ നിയന്ത്രണം ഏറ്റെടുത്തു. പെണ്‍കുട്ടിയെ അവിടെ പോയി കാണാമെന്നു പറഞ്ഞു കാര്യങ്ങള്‍ അധികം കുഴയാതെ രക്ഷപ്പെടുത്തി. പെണ്ണ് കണ്ടു ചായയും കുടിച്ചു കാറില്‍ കയറിയ ഞങ്ങള്‍ സിദ്ധാര്‍ത്ഥനെ തല്ലിക്കൊല്ലാനുള്ള ആവെശത്തോടെ അവനു മേല്‍ ചാടി വീണു!കൂടെ ജോലി ചെയ്യുന്ന തൃശ്ശൂര്‍ സ്വദേശി സുഹൃത്ത് പറഞ്ഞ രണ്ടു പെണ്ണ് കാണല്‍ സന്ദര്‍ഭങ്ങള്‍ കൂടി ഓര്‍മയില്‍ വരുന്നു. ഒന്ന്, കാര്യമായിട്ടൊന്നുമില്ല; കാണാന്‍ പോയ ചെറുക്കന്‍ അകത്തു നിന്നും പെണ്ണിറങ്ങി വന്നപ്പോള്‍ വെപ്രാളത്തില്‍ അറിയാതെ എഴുന്നേറ്റു നിന്ന് ബഹുമാനം പ്രകടിപ്പിച്ചു പോയത്രേ. മറ്റൊരു പുള്ളി പെണ്ണിനോട് ചോദിക്കാനുള്ള ചോദ്യങ്ങളൊക്കെ പ്രിപയെര്‍ ചെയ്തിട്ട് പോയതായിരുന്നു. പെണ്‍വീട്ടിലെ ചടങ്ങിലെ വേവലാതിയില്‍ എല്ലാം തകിടം മറിഞ്ഞു വാക്കുകള്‍ മുറിഞ്ഞു. പേരെന്താണ്?.. അവളുത്തരം പറഞ്ഞു. ഏതു വരെ പഠിച്ചു? അതിനുമുത്തരം കിട്ടി.. ഇനി... മനപ്പാഠം പഠിച്ച ചോദ്യങ്ങള്‍ ഓര്‍മയില്‍ നിന്നും ഓടിയോളിച്ച്ചു. അടുത്ത ചോദ്യം അവനറിയാതെ നാവില്‍ നിന്നും വെളിയിലേക്ക് വഴുതി വീണു: എവിടെയാണ് വീട്?!!........ അനന്തരം പെണ്‍കുട്ടി അകത്തളങ്ങളില്‍ അപ്രത്യക്ഷമായി എന്ന് കിംവദന്തി.സുഹൃത്തും ബന്ധുവുമായ ഒരുത്തന്‍ താന്‍ പെണ്ണ് കാണാന്‍ പോയ കഥ പറഞ്ഞു കണ്ണീരു തൂകിയിട്ടുണ്ട്. ഇപ്പോള്‍ ഗള്‍ഫില്‍ ജോലി ചെയ്യുന്ന അവന്‍ അവധിക്കു നാട്ടിലെത്തുംപോഴേക്കും വീട്ടുകാര്‍ ജാതകപ്പൊരുത്തം ഉള്ള നാലഞ്ചു പെണ്‍കുട്ടികളെ കണ്ടു വെച്ചിരുന്നു. അതില്‍ ഏറ്റവും സുന്ദരിയെന്നു അവന്റെ സഹോദരിയും മറ്റു വീട്ടുകാരും വാനോളം പുകഴ്ത്തിയ പെണ്‍കുട്ടിയെ കാണാന്‍ നാവോളം വെള്ളവുമായി ഇറങ്ങിത്തിരിച്ചതായിരുന്നു അവന്‍. പെണ്‍വീട്ടിലെ സ്വീകരണമുറിയില്‍ നിയുക്തവധു ചായയുമായി ലജ്ജാവതിയായി ഇറങ്ങിവന്നപ്പോള്‍ ഞെട്ടിയത് എന്റെ സുഹുത്തു! നാട്ടില്‍ ചില്ലറ പുഷ്പ്പത്തരങ്ങളുമായി കറങ്ങിനടന്ന കാലത്തിന്റെ നേരറിവുള്ളൊരു ദൃക്സാക്ഷി ആയിരുന്നു ആ പെണ്‍കുട്ടി. ചങ്ങാതിക്ക് നഗരത്തിലെ ഒരു ട്രാവല്‍ എജെന്‍സിയില്‍ ജോലിയുള്ള കാലത്ത് അടുപ്പത്തിലായ ഒരു കോളേജുകുമാരിയുടെ ഏറ്റവും അടുത്ത കൂട്ടുകാരി ആയിരുന്നു ആ പെണ്‍കുട്ടി. ഈ കുട്ടി പല നിര്‍ണ്ണായകസമയത്തും ഹംസമായി രക്ഷകയും സംരക്ഷകയും ഒക്കെയായി അവതരിക്കുകയും ചെയ്തിട്ടുണ്ട്. "ചെക്കനെ" കണ്ട പെണ്ണും സിനിമയിലെന്ന പോലെ ഞെട്ടി. എന്റെ കൂട്ടുകാരനപ്പോള്‍ ഓര്‍ത്തത് ആ കലികാലത്ത് മറ്റവളുടെ പിന്നാലെ പോയിരുന്നില്ലെങ്കില്‍ ഇപ്പോള്‍ ഈ തളിര് പോലുള്ള പെണ്ണിന്റെ മുന്‍പില്‍ തല താഴ്ത്തി ഇരിക്കേണ്ടി വരില്ലായിരുന്നില്ലല്ലോ ഈശ്വരാ എന്നായിരുന്നു. മറ്റവളാണെങ്കില്‍ കെട്ടുകഴിഞ്ഞു ഒന്ന് പെറ്റെണീറ്റ് തടിച്ചു വീര്‍ത്തു അമ്മച്ചിയെ പോലെയാണിപ്പോള്‍. അതൊക്കെയോര്‍ത്തു സങ്ങടപ്പെട്ടും ചിന്താകുലനായും മുഖമുയര്‍ത്താതെ ഇരുന്നപ്പോള്‍ ഏതോ കാര്‍ന്നോരുടെ വക പല്ലില്ലാത്തൊരു പുളിച്ച തമാശ. ചെറുക്കന്‍ വലിയ നാണക്കാരനാണെന്നു തോനുന്നല്ലോ എന്ന്! ഇങ്ങനെയൊരു ത്രിശന്കുവില്‍ പെട്ടില്ലായിരുന്നെങ്കില്‍ കാണിച്ചുതരാമായിരുന്നു എന്ന് മനസ്സില്‍ പിറുപിറുക്കലല്ലാതെ വേറെന്തു വഴി. ഒരുവിധം അവിടുന്ന് രക്ഷപ്പെട്ടു പുറത്തിറങ്ങിയപ്പോള്‍ പെങ്ങളുടെ വക ചൊറിച്ചില്‍. പെണ്ണിനെ വല്ലാതെ പിടിചൂന്നു മുഖം കണ്ടാലറിയാം.. അല്ലേട.. അച്ഛനാണെങ്കില്‍ അതിനുമപ്പുറം കടന്നു കല്യാണപാര്‍ടി വരുമ്പോള്‍ ബസ് പെണ്ണ് വീടിന്റെ അടുത്തു വരെ കൊണ്ട് നിര്‍ത്താമെന്ന് ഉച്ചത്തില്‍ ചിന്തിക്കുകയായിരുന്നു. കാറില്‍ മടങ്ങുന്ന വഴിയില്‍, ഉപമകള്‍ കൊണ്ട് പെണ്ണിന്റെ മൂടുന്നതിനിടയില്‍ ഒരു ശ്വാസത്തിന്റെ ഇടവേള കിട്ടിയപ്പോള്‍ കൂട്ടുകാരന്‍ ഒറ്റവാക്കില്‍ പറഞ്ഞു കളഞ്ഞു: പെണ്ണിനെ എനിക്കിഷ്ടപ്പെട്ടില്ല. അച്ഛന്റെയും സഹോദരിയുടെയും മുഖം കണ്ടപ്പോള്‍ അവന്‍ വീണ്ടും ഞെട്ടി: വേവലാതിക്കിടയില്‍ അറിയാതെ പറഞ്ഞത് "താങ്കളെന്റെ അച്ഛനല്ല" എന്നോ മറ്റോ ആണോ ഇനി ഈശ്വരാ.. ?! അത്രയും അവിശ്വ സനീയമായിരുന്നു അവരുടെ മുഖം! നിനക്കിനി ഐശ്വര്യ റായിയെ കൊണ്ടുതരാമെടാ എന്ന പെങ്ങളുടെ ആക്രോശവും, വിശ്വാമിത്രനെ ഇളക്കാന്‍ വരുന്ന മേനകയെ നമുക്ക് കാണാമെന്ന അച്ഛന്റെ ഭീഷണിയും കേട്ടില്ലെന്നു നടിച്ചു അവന്‍ കണ്ണുമടച്ചു കാറിലിരുന്നോര്‍ക്കുകയായിരുന്നു: പ്രേമം അന്ധമാണെന്നു പറഞ്ഞതാരാണ്? ആരായാലും തൊഴണം. അങ്ങനെയല്ലെങ്കില്‍ കരിവിളക്കു പോലുള്ള ഒരെണ്ണത്തിന്റെ കണ്ണും കവിളും വര്‍ണ്ണിച്ചു നടക്കുന്ന കാലത്ത് തൊട്ടപ്പുറത്ത് വെറുതെ ഫ്രീ ആയി നടന്ന ഈ നിലവിളക്കിനെ കാണാതെ പോകുമായിരുന്നോ?!..........................................................................................................................................................മരണവും മരണവീടും മരണവിവരവും എപ്പോഴും ശോകമൂകവും ആര്ദ്രസാന്ദ്രവും ആയിരിക്കും. എന്നിരുന്നാലും ചിലപ്പോഴെങ്കിലും ചെറിയ ചിരികള്‍ സമ്മാനിച്ച ചില മരണ മുഹൂര്‍ത്തങ്ങളും അപൂര്‍വമായി ഉണ്ടാകാറുണ്ട്. അതിലൊന്ന് ഓര്‍മയില്‍ തങ്ങി നില്‍ക്കുന്നത് ഒരു മരണവിവരം അറിയിക്കാന്‍ പോയപ്പോള്‍ ഉണ്ടായ ചെറിയൊരു സംഭവമാണ്. അയല്പ്പക്കഗ്രാമങ്ങളില്‍ വിവരം പറയാന്‍ പോയ ചെറു സംഘത്തിലെ ഏറ്റവും മുതിര്ന്നതും ഫലിതപ്രിയനുമായ കൃഷ്ണേട്ടന്‍ തനിക്കു തോന്നുന്ന കാര്യങ്ങള്‍ വെട്ടിത്തുറന്നു പറഞ്ഞു, കേള്‍ക്കുന്ന ആളുകളെ അമ്പരപ്പിക്കുന്ന സ്വഭാവക്കാരനായിരുന്നു. മരിച്ച ആളുടെ ഒരിത്തിരി അകന്ന ബന്ധുവായ ഒരു ശാന്തചേച്ചിയുടെ വീട്ടില്‍ രാത്രി വൈകി വിവരമറിയിക്കാനെത്തുംപോള്‍ ആ വീട് ഉറക്കത്തിലായിരുന്നു. ബെല്ലടിച്ചപ്പോള്‍ വാതില്‍ തുറന്നത് ഉറക്കച്ചടവോടെ ശാന്തചേച്ചി. അസമയത് പ്രതീക്ഷിക്കാത്ത ആളുകളെ മുന്നില്‍ കണ്ടപ്പോള്‍ സ്വാഭാവികമായും അവരുടെ മുഖത്തു പരിഭ്രമം.. അടുത്ത ബന്ധുവോന്നുമല്ലാത്തത് കൊണ്ട് ലാഘവത്തോടെ വന്ന കാര്യം പറഞ്ഞു. വാര്‍ത്ത അത്രയൊന്നും ഞെട്ടലുളവാക്കുന്നതല്ലാതിരുന്നിട്ടും അനിയന്ത്രിതമായൊരു വായുസഞ്ചാരം ആ സ്ത്രീയുടെ ഉടലങ്ങോളം പാഞ്ഞു പോയിരിക്കാം.. തൊട്ടടുത്ത നിമിഷം രാത്രിയുടെ ശാന്തതയില്‍ അവരില്‍ നിന്നും ശബ്ദസഹിതം ഒരു അധോവായു കൈവിട്ടു പുറത്തേക്കു പറന്നു. വാതില്പടിക്കടുത്തു നില്‍ക്കുകയായിരുന്ന അവര്‍ ജാള്യത മറക്കാനെന്നോണം ദ്രവിച്ച വിജാഗിരിയുള്ള വാതില്‍ ഒരു തവണ അകത്തോട്ടും പുറത്തോട്ടും അടച്ചു തുറന്നു. കുടല്മാലകള്‍ക്കും ചെറുവന്‍കുടലുകള്‍ക്കും ഇടയിലെവിടെയോ ആന്തരാവയവങ്ങള്‍ സ്ഥലകാലബോധമില്ലാതെ നിര്‍ദയം ഉത്പാദിപ്പിച്ചു വിട്ട ആ ഒരു നാണക്കേട്‌ അങ്ങനെയൊക്കെ ഇല്ലാതായെന്ന് ഒട്ടൊക്കെ ആശ്വസിച്ചു നിന്ന ശാന്തചേച്ചിയുടെ വിയര്‍ത്തു തുടങ്ങിയ മുഖത്തേക്ക് കൃഷ്ണേട്ടന്റെ ചോദ്യം മിന്നല് പോലെ പതിച്ചു: അല്ല ശാന്തേ, ഒച്ച നീ വാതില് കൊണ്ട് മറച്ചു.. ഈ നാറ്റം നീ എങ്ങനെ ഇല്ലാതാക്കും?!.....


ഒരു കൂട്ടുകാരന്‍ മരണം അറിയിക്കാന്‍ പോയി ചമ്മിയ കാര്യം പറഞ്ഞു പലപ്പോഴും ചിരിച്ചിട്ടുണ്ട്. അല്പം അകലെയുള്ള ഒരു സ്ഥലത്തെ ഏതോ ഒരു ബാലനെ ആണ് കണ്ടു കാര്യം പറയേണ്ടത്. പൊതുവേ എല്ലാ നാട്ടിലും കുറെയേറെ ബാലന്‍മാര്‍ ഉണ്ടാകും എന്നറിയാവുന്നതു കൊണ്ട് അറ്റകൈയ്ക്ക് ഉപയോഗിക്കേണ്ട ഒരു അടയാളവാക്കും കൂടെ പറഞ്ഞു കൊടുത്തു മരണവീട്ടിലെ നിര്‍ദെശകന്‍. അവിടെ ആ നാല്‍കവലയില്‍ വണ്ടി നിര്‍ത്തി ആദ്യം കണ്ട ആളെ സമീപിച്ചു ഇങ്ങനെയൊരു ബാലനെ അറിയുമോ എന്ന് ആരാഞ്ഞു. കൂടുതല്‍ ഐടന്റിട്ടി ക്വോസ്റ്യന്‍സ് വരാന്‍ തുടങ്ങിയപ്പോള്‍ കണ്ഫുഷ്യന്‍ വേണ്ടെന്നു വെച്ച് അവസാനത്തേക്ക് വെച്ച ക്ളൂ അപ്പോള്‍ തന്നെ എടുത്തുപയോഗിച്ചു പുള്ളിക്കാരന്‍. "കീരി ബാലന്‍ എന്നാണു അങ്ങേരു അറിയപ്പെടുന്നതത്രേ.." ... ലേശം ഞെട്ടിക്കൊണ്ടു ഒന്ന് സൂക്ഷിച്ചു നോക്കി അയാള്‍ വന്ന വിവരം ആരായുമ്പോഴും കൂട്ടുകാരന് അപകടം മണത്തില്ല. ഇന്നെയാളുടെ മരണവിവരം അറിയിക്കാനാണ് ഇങ്ങനെയൊരു കീരി ബാലനെ തേടി ഇറങ്ങിയതെന്നൊക്കെ വിവരിക്കുമ്പോള്‍ മൂക്ക് വിറച്ചു കൊണ്ട് അയാള്‍ മെല്ലെ ചീറ്റി.. വിട്ടോ.. ഞാനങ്ങു എത്തിയേക്കാം.. ! വിവരം പറയാന്‍ പോയത് വിവരക്കേടായി മാറിയെന്നു അയാളുടെ മൂകിന്‍തുമ്പിലെ വിയര്‍പ്പുകണങ്ങള്‍ അവനെ അറിയിച്ചത് അപ്പോഴാണ്‌....!..........................................................................................................................................................ചമ്മലുകള്‍ വായ്നോട്ടത്തിന്റെ അനിവാര്യവും അഭിവാജ്യവുമായൊരു ഘടകമാണ്. പൂവാല ചര്ത്രത്തില്‍ രേഖപ്പെടുത്തിയ ചമ്മല്‍ മുഹൂര്തങ്ങള്‍ക്ക് കൈയും കണക്കുമുണ്ടാകില്ലെന്നുരപ്പു. പത്താം ക്ലാസ്സിലെ ആദ്യ അദ്യയന ദിനങ്ങളിലെ വിനോടങ്ങളിലോന്നു കൂട്ടുകാരുമൊത്ത് ഹൈ സ്കൂളില്‍ പുതുതായി ചേര്‍ന്നവരില്‍ കാണാന്‍ തരക്കേടില്ലാത്ത മുഖങ്ങളെ തിരയുക എന്നതായിരുന്നു. നിര്‍ദോഷമായ ഈ നെരംപോക്കുകളിലൂടെ കടന്നു പോയിരുന്ന ഒരു ദിവസം സുധീര്‍ എന്ന സുഹൃത്ത് ഞങ്ങളുടെ ഗങ്ങിന്റെ അടുത്തു ഓടിക്കിതച്ചു വന്നു അല്‍പ്പം മുന്‍പ് പുതുതായി കണ്ടെത്തിയ ഒരു സുന്ദരമുഖത്തെക്കുരിച്ചു കിതപ്പാറാതെ വര്‍ണ്ണന തുടങ്ങി. എന്റെ കൂടെയുണ്ടായിരുന്ന ബാബുവും ബിജുവുമൊക്കെ സമയം ഒട്ടും കളയാതെ സുധീര്‍ പറഞ്ഞ ക്ലാസിലേക്ക് വെച്ച് പിടിച്ചു. കുന്നിന്‍ നെറുകയിലുള്ള പത്താം ക്ലാസ്സിന്റെ ബ്ലോക്കില്‍ നിന്നും ഏറ്റവും താഴെ കിടക്കുന്ന എട്ടാം ക്ലാസ് ബ്ലോക്കില്‍ നിമിഷങ്ങള്‍ കൊണ്ടെത്തിയ ഞങ്ങള്‍ക്ക് മുന്‍പില്‍ സുധീറിന്റെ ചൂണ്ടുവിരല്‍ അവന്‍ സുന്ദരിയെ കണ്ട ബുക്ക്‌ സ്റൊരിനു നേരെ നീണ്ടു. അവിടെ പെണ്‍കുട്ടികളുടെ ചെറിയൊരു കൂട്ടത്തില്‍ തിളങ്ങി നിന്ന ആ മുഖത്തിന്റെ ഉടമയെ കണ്ടതും ഞാന്‍ പിന്നോട്ട് വലിഞ്ഞു സുധീറിനെ വലിച്ചു പുരകിലോട്ടിട്ടു. ആര്‍ത്തിയോടെ ഞങ്ങളുടെ കൂടെ, ഞങ്ങളെക്കാളും മുന്‍പേ അവിടേക്ക് പാഞ്ഞുവന്ന ബാബുവിന്റെ സഹോദരി ആയിരുന്നു അത്! അയല്വാസിയായിരുന്നത് കൊണ്ട് എനിക്കറിയാമായിരുന്നെങ്കിലും മറ്റു കൂട്ടുകാര്‍ക്കു അതുവരെയും അജ്ഞാതമായിരുന്നു ഈ കാര്യം. വളിച്ച മുഖങ്ങളുമായി തിരിച്ചു കുന്നു കയറി സ്വന്തം ക്ലാസ്സ് മുരികളിലെത്താന്‍ അന്ന് പതിവിലും ക്ലേശിച്ചു എല്ലാവരും.ഇതേ പോലൊരു സിറ്റ്വേഷന്‍ അഭിമുകീകരിച്ച രണ്ടു പേരെ കുറിച്ച് എന്റെ നാട്ടിലെ സായാഹ്ന്നസംവാദങ്ങളില്‍ ഒരുപാട് തവണ കേട്ടിട്ടുണ്ട്. കാഞ്ഞിരക്കണ്ടി ജബ്ബാറും കണ്ണംകോട്ടു ശിവനും ആത്മസുഹൃത്തുക്കളാണ്. ഇരുവരും നാല്പ്പതുകളിലാണെങ്കിലും മനസ്സില്‍ യുവത്വം ത്രസിച്ചു തന്നെ. അതുകൊണ്ട് തന്നെ വൃത്തിയായി വായ്നോട്ടത്തിനുള്ള അവസരങ്ങളൊന്നും നഷ്ടപ്പെടുത്താറില്ല. ഒരു ദിവസം ജന്ഗ്ഷനിലേക്ക് നീളുന്ന കൈവഴിയിലൂടെ ശിവനും ജബ്ബാറും നടന്നുവരുമ്പോള്‍ അകലെ നിന്നും ഒരു പച്ചപ്പാവാടക്കാരി നടന്നടുക്കുന്നുണ്ട്. ആ അകലത്തില്‍ തന്നെ അവളുടെ ശരീരഘടനയും ആകാരസൌഭാഗവും അങ്ങലാവണ്യവും ഇരുകൂട്ടുകാര്‍ക്കും അവ്യക്തമായെങ്കിലും മനസ്സിലാകുന്നുണ്ട്. പെണ്‍കുട്ടി മന്ദം മന്ദം നടന്നു വരികയാണ്. ജബ്ബാര്‍ തന്റെ ഉള്ളിലുളവാകുന്ന കോരിത്തരിപ്പുകള്‍ നെടുവീര്‍പ്പിലൂടെ പുറത്തെടുത്തു. ഡാ.. ശിവാ.. ആ വരുന്ന കൊച്ചിന്റെ കുണുങ്ങിക്കുലുക്കിയുള്ള നടത്തം കണ്ടോ. കാര്യം ശിവനും സമ്മതിച്ചു. മൊത്തത്തില്‍ ഒരാനച്ചന്തം. അനുനിമിഷം അരികിലെക്കൊഴുകിവരുന്ന ആ അരയന്നത്തെ ജബ്ബാര്‍ മിഴികളാല്‍ തഴുകാനും വര്‍ണ്ണനകളാല്‍ മൂടാനും തുടങ്ങി. മുടിയിഴകള്‍.. കണ്ണുകള്‍.. മൂക്ക്.. ചുണ്ട്.. കഴുത്തു... പച്ചപ്പാവാടക്കാരി ഇപ്പോള്‍ വ്യക്തമായും തിരിച്ചറിയാവുന്നത്രയും അരികെ.. അടുത്ത അവയവത്തിന്റെ ഉപമകളിലേക്ക് സാവേസം കടക്കാന്‍ തുടങ്ങുന്ന ജബ്ബാറിനെ ശിവന്‍ ദയനീയമായി തടഞ്ഞുകൊണ്ട്‌ പറഞ്ഞു: എടാ ജബ്ബാറെ, അതെന്റെ മരുമോളാനെടാ.. തിരിച്ചെടുക്കാന്‍ കഴിയാതെ വിധം വാക്കുകളുടെ അതിര്‍വരമ്പുകള്‍ കടന്നു കുതിച്ചു പോയ ജബ്ബാര്‍ ഒരു നിമിഷം പകച്ചു പോയിരുന്നിരിക്കാം. മനോനില നിമിഷാര്ദം കൊണ്ട് വീണ്ടെടുത്ത ജബ്ബാര്‍ നാല് കാലില്‍ വിദഗ്ദമായി സുരക്ഷിതമായി ലാന്റു ചെയ്തു കൊണ്ട് ശിവന്റെ ചുമലില്‍ തരക്കേടില്ലാത്തൊരു തട്ട്. എന്നിട്ടിങ്ങനെ മൊഴിഞ്ഞു: കണ്ണംകോട്ടങ്ങു മലേംകാട്ടിലോന്നുമല്ലല്ലോ.. നിന്റെ മരുമോളാന്നെനിക്കറീന്നതല്ലേ.. അവള് നല്ല മോളാ കേട്ടാ .. നീ അവളെ നല്ലെടുത്തു തന്നെ പറഞ്ഞയക്കണം.. നല്ല ചെറുക്കനെ തന്നെ നോക്കണം.. എന്നിങ്ങനെയൊക്കെ ഉപദേശിച്ചുകൊണ്ട് ജബ്ബാര്‍ പെട്ടെന്ന് തന്നെ തന്റെ വികടദോഷമുള്ള പൂവാലരൂപത്തില്‍ നിന്നും കാര്യബോധമുള്ളൊരു കാരണവരിലേക്ക് മെയ് വഴക്കത്തോടെ പരകായപ്രവേശം നടത്തി!................................................................................................................................................ഹൃദയം തുറന്നു ചിരിക്കാനുള്ള നല്ല നിമിഷങ്ങള്‍ അനുദിനം ഇല്ലാതായികൊണ്ടിരിക്കുന്നു. എവിടെയും അശാന്തിയും പ്രതിസന്ധികളും ദുരിതങ്ങളും നമ്മളെ പൊതിഞ്ഞിരിക്കുന്നു. ഇതിനിടയില്‍ വീണുകിട്ടുന്ന നന്മകളും നര്മങ്ങളും നിറഞ്ഞ ഇത്തിരി നിമിഷങ്ങള്‍ കാണാനോ കാത്തിരിക്കാനോ ആര്‍ക്കും സാവകാശമില്ലാതായിരിക്കുന്നു. എല്ലാം പിടിച്ചടക്കാനുള്ള അശ്വമേധങള്‍ക്കിടയില് നാം അറിയാതെ പോകുന്ന പച്ചയായ നേരുകളുടെ നനവുകള്‍ വെറുതെ കിടന്നു വറ്റിവരളുന്നു. അന്യോന്യം ക്രോധപൂര്വം വിന്യസിപ്പിചെടുക്കുന്ന ആസുരതയ്ക്കിടയില്‍ നിഷ്കളങ്ങമായൊരു പുഞ്ചിരിയുടെ ഇടം അത്രമേല്‍ ചെറുതാണ്. പുതുതലമുറയുടെ കാലടികള്‍ക്ക് ചുറ്റും കൃത്യമായി അതിരുകളും ആസക്തിയും നിറച്ചു വരയ്ക്കപെട്ട ഒരു കോര്പരട്റ്റ് വൃത്തമുണ്ട്. അതിന്റെ ഇത്തിരി വട്ടം ഭേദിച്ച്, നിര്‍ദോഷമായ പുഞ്ചിരികള്‍ വിരിയിക്കപെടുന്ന ആള്‍ക്കൂട്ടസാന്നിധ്യത്തിലേക്ക് പ്ലേ സ്റ്റേഷനും ബ്ലാക്ബെറിയും ഐപാടും ഇത്തിരി നേരത്തേക്കെങ്കിലും കൈഒഴിഞ്ഞു വരുന്ന ചിലരെങ്കിലും അവശേഷിക്കുന്നുണ്ടാകാം. അവര്‍ക്ക് വേണ്ടിയെങ്കിലും ഞാന്‍ ഓര്‍മ്മകള്‍ കൊണ്ട് ഇക്കിളിപ്പെട്ടു വെറുതെ ചിരിക്കട്ടെ.

“You don't stop laughing because you grow old. You grow old because you stop laughing.”
Michael Pritchard

Saturday, July 24, 2010

മായാത്ത മടക്കയാത്രകള്‍ 1

ഓരോ വേര്‍പാടുകളും എനിക്ക് വേവുന്ന വ്യഥകളാണ് കാലങ്ങളോളം കൂടെ തരാറു. ഇത്തിരി കാലത്തെ പരിചയമുള്ളവര്‍ പോലും അകാലം പിരിയുന്നത് ഉള്ളു ആര്ദ്രമാക്കുന്നത് ഞാനറിയാറുണ്ട്‌. അപ്പോള്‍ പിന്നെ, കളിചിരികളും കിനാവുകളും പാതി വഴിയില്‍ ബാക്കി വെച്ച് പ്രിയപെട്ടവരും പരിചയമുള്ളവരും നമ്മളില്ലാത്ത ലോകത്തേക്ക് പൊടുന്നനെ പിരിയുന്നത് എത്ര കഠിനമായിരിക്കും! ദിവസങ്ങളില്‍ വായിച്ചു കൊണ്ടിരുന്ന പുസ്തകത്തിന്റെ ഉള്ളടക്കം "മരണം" ആയതുകൊണ്ടാണെന്നു തോന്നുന്നു, പിന്നിട്ട കാലങ്ങളില്‍ കടലോളം കണ്ണീരു കൈമാറി കടന്നുപോയവര്‍ ഒന്നൊന്നായി എന്റെ ദിനരാത്രങ്ങളില്‍ കനലുകള്‍ നിറച്ചു കൊണ്ടിരിക്കുന്നത്. ജീവിതം കൊണ്ട് മുറിവേറ്റവരുടെ അവസാനവാക്കെന്ന് എന്റെ സുഹൃത്ത്‌ അടയാളപെടുത്തിയ ആത്മഹത്യയില്‍ അവസാനിച്ചവരും, അകാലമരണമെന്ന അതിര്‍വരമ്പ് അതിജീവീക്കാനാകാതെ ദാരുണവും സ്വാഭാവികവും ആയി കാഴ്ചയ്ക്കപ്പുറം മറഞ്ഞവരും ഓര്‍മകളുടെ തണുത്ത തൂവലുകള്‍ കൊണ്ടെന്നെ അനുദിനം ആര്ദ്രനാക്കുന്നു. ഓര്‍മകള്‍ ഒരു താന്തോന്നിപുഴയാണ് എന്ന് വായിച്ചതെവിടെയാണ്? അത് നേരവും നിലയും നോക്കാതെ അനുനിമിഷം പുറകോട്ടു പായുന്നു. അതെ, ഇടതടവില്ലാതെ..


പുഴവെള്ള പാചിലിനപ്പുറം, അങ്ങേയറ്റം ശാന്തമായ ബാല്യസ്മരണകളില്‍, അവധികാലം ആരവങ്ങളോടെ ആഘോഷിച്ചിരുന്ന അമ്മവീടുണ്ട്. അവിടെ ആകുലതകളേതുമില്ലാതെ കളിതമാശകളില്‍ മുഴുകിയിരുന്ന സമപ്രായക്കാര്‍. മധുരം നിറഞ്ഞ മാമ്പഴക്കാല്തിന്റെ ഓര്‍മയില്‍ കണ്ണീരിന്റെ ഉപ്പുരസവുമായി പെണ്‍കുട്ടി വന്നു നില്‍ക്കുന്നു.. ശ്രീകുട്ടി .. അയല്‍പക്കത്തെ കളിക്കൂട്ടുകാരി. എന്നെക്കാള്‍ ഒരു വയസ്സിനിളപ്പം. അപൂര്‍വ്വം കൈയില്‍ വരുന്ന നാണയത്തുട്ടുകള്‍ കൊണ്ട് ഞങ്ങള്‍ പങ്കിട്ടെടുത്ത നാരങ്ങമിട്ടായി നാവില്‍ നിറയുന്നുണ്ട് . നാട്ടുമാവില്‍ നിന്നും കാറ്റില്‍ പൊഴിയുന്ന മാമ്പഴങ്ങള്‍ക്ക് വേണ്ടി കൂട്ടുകാര്‍ മല്‍പിടുത്തം നടത്തുമ്പോള്‍ കൌശലപൂര്‍വ്വം അത് കൈക്കലാക്കി എനിക്ക് കൈമാറുന്ന കൌതുകം .. ഒരു വൈകുന്നേരം ആരോ പറഞ്ഞു അവള്‍ക്കു പനി ആയതുകൊണ്ട് കളിക്കാന്‍ വരുന്നില്ലെന്ന് . രാത്രി അമ്മയുടെ കൈയില്‍ നിന്നും ചോറുരുള വായിലാക്കുമ്പോള്‍ അവളുടെ അച്ഛന്‍ വന്നു അമ്മാമനെ വിളിച്ചു കൊണ്ട് പോകുന്നു . ഉറക്കം മൂടിയ കുഞ്ഞു കണ്‍പോളകളെ രാവേറെ ആയപ്പോള്‍ ഉണര്‍ത്തിയത് അടുത്ത വീട്ടിലെ ആര്‍ത്തനാദങ്ങള്‍ . അത്രയും പെട്ടെന്ന് അവള്‍ ഞങ്ങളില്‍ നിന്നും കണ്ണുകെട്ടി കളിച്ചു കളിച്ചു കാണാമറയത് പോയിരുന്നു . മരണം ഇത്രയും ക്ഷണികവും ദുര്‍ബലവും അഗാധവുമാനെന്നു അറിയുന്ന പ്രായമായിരുന്നില്ല അത്. എന്നിട്ടും, മാമ്പഴങ്ങള്‍ മൃദുലം പൊഴിയുന്ന നാട്ടുമാവിന്ചോട്ടില്‍ ഞാന്‍ വല്ലാതെ തനിച്ചായതറിഞ്ഞു . കൂട്ടുകാരില്‍ നിന്നും അടര്‍ത്തിയെടുത്തു ദ്രുതം എന്നിലേക്ക്‌ നീളുന്ന മധുരം ഇനിയില്ല .. പാതി മുറിച്ചു പങ്കിട്ട നാരങ്ങമിട്ടായി നിരന്തരം നീറുന്ന നേരായി ഇത്രയും കാലം നേര്‍ക്ക്‌ നേര്‍..


പെയ്തൊഴിഞ്ഞിട്ടും പിന്നെയും ഇറ്റുവീഴുന്ന മഴബാക്കി പോലെയാണ് ചില ഓര്‍മ്മകള്‍ . അരങ്ങൊഴിഞ്ഞിട്ടും അവരെ പറ്റിയുള്ള ചിന്തകള്‍ മനസ്സിന്റെ ചില്ലയില്‍.. ഇലചാര്‍ത്തില്‍.. മെല്ലെ മെല്ലെ ഇറ്റിറ്റു വീണുകൊണ്ടേ ഇരിക്കുന്നു . നീര്‍മണികളിലൊന്നായിരുന്നു ആദ്യത്തെ ആറു ക്ലാസ്സുകളില്‍ എനിക്കൊപ്പം പഠിച്ചിരുന്ന രാധ എന്നാ പെണ്‍കുട്ടി . വര്‍ഷങ്ങള്‍ക്കിപ്പുറവും വെളുത്ത മുഖത്തെ ദൈന്യം നിറയുന്ന മിഴികളും നിഷ്കളങ്കം വിരിയുന്ന ചെറുപുഞ്ചിരികളും ഞാനോര്തുവെയ്കാന്‍ കാരണമെതുമില്ലെങ്കിലും പലപ്പോഴും പഴയ ഓര്‍മകളില്‍ സ്വാസ്ഥ്യം കെടുന്നത്‌ ഞാന്‍ അറിയാറുണ്ട് . നന്നായി പഠിക്കുന്ന കുട്ടിയായിരുന്നു രാധ . യൂണിഫോം ഒന്നും ഇല്ലാതിരുന്ന കാലത്ത് നിറം മങ്ങിയ മുട്ടോളമെത്തുന്ന നീളന്‍ പാവടകളിലാണ് അവളുടെ ഓര്മചിത്രങ്ങള്‍ എന്നിലുള്ളതു . ഒരു പെരുമഴക്കാലത്ത് പുഴവെള്ളം നിറകവിഞോഴുകുന്ന കാഴ്ച കാണാന്‍ കൂട്ടുകാരനോടൊപ്പം പോയപ്പോഴാണ് അവളുടെ ഓല മേഞ്ഞ രണ്ടു മുറി കുഞ്ഞു വീട് കണ്ടത് . പുഴയിരംബം കാത് തോടുന്നത്രയും അരികെ . ഒരു പെരുമഴ കൂടി പിന്നിട്ടാല്‍ ഒരു പക്ഷെ വീടും പ്രളയത്തില്‍ ഒലിച്ചു പോകുമെന്ന് ഞാന്‍ ആകുലപ്പെട്ടു . വിമുഖത ഒന്നുമില്ലാതെ ചായ്പിലേക്ക് ഞങ്ങളെ വിളിച്ചു കയറ്റി , ഏതോ നാട്ടുവേലയ്കു പോയി അപ്പോള്‍ മടങ്ങി വന്ന അമ്മയുടെ കൈയില്‍ നിന്നും ചൂടുള്ളൊരു കട്ടന്‍ ചായയും തന്നാണ് അവള്‍ ഞങ്ങളെ അത്ബുതപെടുതിയത് . പിന്നെയും ആറേഴു മാസങ്ങള്‍ക്ക് ശേഷം ഒരു പരീക്ഷകാലത്ത് മരണം തീനാളമായ് അതിന്റെ എല്ലാ വന്യതയോടും കൂടി അവളെ വന്നു പൊതിഞ്ഞു . നേരം വൈകി പഠിക്കുകയായിരുന്ന അവളുടെ അന്നുടുത്തിരുന്ന നിറം മങ്ങിയ ഏതോ പാവാടയിലേക്ക് നിലത്തു വെച്ച മണ്ണെണ്ണവിളക്ക് തട്ടിമറിയുകയായിരുന്നു . രാവിലെ സ്കൂളില്‍ കേട്ടത് തീപോള്ളലെറ്റു അവള്‍ ആശുപത്രിയിലായെന്നാണ് . ഏതാണ്ട് മുഴുവനും കത്തിക്കരിഞ്ഞുപോയ ഉടലില്‍ നിന്നും മണിക്കൂറുകള്‍ക്കകം ശേഷിച്ച ശ്വാസവും തോര്ന്നുപോയി . മൃദശരീരം കാണാന്‍ മൂകം നിരനിരയായ് ഞങ്ങള്‍ സഹപാഠികള്‍ കുഞ്ഞുവീട്ടിലെത്തുമ്പോള്‍ കഴിഞ്ഞ പെരുമഴക്കാലം മുഴുവന്‍ എന്റെ ഉള്ളില്‍ കോരിച്ചൊരിയുകയായിരുന്നു .. ആര്ത്തലച്ചുവരുന്ന ശബ്ദവീചികള്‍ പുഴയിരമ്പമല്ല .. അതവളുടെ അമ്മയുടെ അണപൊട്ടിയോഴുകുന്ന ആത്മനൊമ്പരങ്ങളായിരുന്നു .. ഉറക്കം കെടുത്തുന്ന പരീക്ഷകളെഴുതാന്‍ ഇനി രാധയ്ക് മണ്ണെണ്ണവിളക്കിന്റെ അരിച്ച വെളിച്ചത്തില്‍ കൂനിയിരിക്കേണ്ടെന്നു വെറുതെ .. വെറുതെ ഞാന്‍ ആശ്വസിച്ചു ..


അബ്ദുള്‍ ഖാദര്‍ ഞങ്ങളുടെ നാട്ടില്‍ വന്നത് മദ്രസ അധ്യാപകനായാണ്. മലപ്പുറത്തെവിടെയോ ഉള്ള ഒരു കുഗ്രാമത്തില്‍ നിന്നും ഞങ്ങളുടെ നാട്ടിലെത്തിയ ചെറുപ്പക്കാരന്‍ മത പണ്ഡിതരുടെ സാമ്പ്രദായിക രൂപഭാവങ്ങളില്‍ നിന്നും പരമ്പരാഗത കെട്ടുപാടുകളില്‍ നിന്നും വേറിട്ട്‌ നിന്നിരുന്നു . ഞാനയാളെ ശ്രദ്ധിക്കുന്നതും പരിചയപെടുന്നതും ഞങ്ങളുടെ നാടിന്പുറത്തെ സാഹിത്യസമ്പന്നമാക്കിയിരുന്ന ലൈബ്രറിയില്‍ വെച്ചായിരുന്നു . വായനയുടെ ഭ്രാന്തു എറ്റവുമേറിയിരുന്ന എന്റെ കാലത്ത് സമാനസ്വഭാവക്കാരോട് അടുക്കാനും എനിക്കറിയാത്ത പുതിയ എഴുത്തുകാരുടെ രചനകളെ പടി അറിയാനും സമയം കണ്ടെത്തിയിരുന്ന കാലത്താണ് അബ്ദുള്‍ ഖാദര്‍ വായനമുറിയിലേക്ക്‌ എം എസിന്റെകേരളം മലയാളികളുടെ മാതൃഭൂമിയുമായി വന്നു കയറിയത് . ഖുറാനും ഇസ്ലാമിക ആത്മീയതയും അടക്കം ചെയ്യേണ്ട കൈകളില്‍ എം എസും ഇടതുപക്ഷ ചിന്തകളുടെ അക്ഷരക്കൂട്ടങ്ങളും ... അത് തന്നെയാകാം അയാളെ വ്യത്യസ്തനാകിയതും . അടുത്തറിഞ്ഞപ്പോള്‍ മനസിലായി സൂര്യന് താഴെയുള്ള ഏകദേശ കാര്യങ്ങളിലും സ്വന്തമായ അഭിപ്രായവും ചിന്തകളും വെച്ച് പുലര്‍ത്തുന്ന ഒരു യുവാവാണ് അബ്ദുള്‍ ഖാദര്‍ എന്ന് . ഇടതുപക്ഷ ആശയങ്ങളോട് അനുഭാവമില്ലാതിരുന്നിട്ടും എം എസ് എന്ത് പറയുന്നു എന്നറിയാനുള്ള ആകാംക്ഷയായിരുന്നു അന്ന് അയാളുടെ കൈയില്‍ കണ്ടത്. ചിന്തകളില്‍ പലപ്പോഴും രണ്ടു ധ്രുവ ങ്ങളില്‍ നില്കുമ്പോഴും ഏതൊക്കെയോ അദൃശ്യരേഖകളില്‍ എന്റെയും അയാളുടെയും രീതികള്‍ ഒരേ നൂല്പാലത്തിലൂടെ നീങ്ങുന്നത്‌ ഞാനറിയാരുണ്ടായിരുന്നു . വാദിച്ചും ജയിച്ചും തോറ്റും കടന്നുപോയ കുറെ സമ്പന്നദിനങ്ങള്‍ .. രണ്ടു മാസം കൂടുമ്പോള്‍ നാലോ അഞ്ചോ ദിനങ്ങള്‍ നാട്ടില്‍ പോയി വന്നിരുന്ന അബ്ദുള്‍ ഖാദര്‍ അത്തവണ മടങ്ങി വന്നില്ല . ഒരാഴ്ചയ്ക് ശേഷമാണ് അയാളിനി മടക്കയാത്രകളില്ലാത്ത മേഘലോകത്തേക്ക് നബിവചനങ്ങളും ചെഗുവേരസൂക്തങ്ങളുമായി പറഞ്ഞയക്കപെട്ടുവെന്നു ഞാനറിയുന്നത്. കൂടുതല്‍ കാര്യങ്ങള്‍ പിന്നീട് മനസിലായി . മതങ്ങളുടെ ഉപജാതികള്‍ തമ്മിലെ ഏതോ അര്‍ത്ഥരഹിതമായ പോരാട്ടത്തിനിടയില്‍ അകപ്പെട്ടുപോയ ഒരനാഥന്റെ നിസ്സഹായമുഖം.. റോഡരുകില്‍ മരിച്ചു കിടന്ന അബ്ദുള്‍ ഖാദരുടെ ശരീരം പിറ്റേന്ന് കാണുമ്പോള്‍ തലയില്‍ അഞ്ചു ഇഞ്ച് ആഴത്തില്‍ കൂര്‍ത്ത ഇരുമ്പ് കമ്പി കുത്തിക്കയറ്റിയിട്ടുണ്ടായിരുന്നുവത്രേ . അനാഥബാല്യത്തിന്റെ അവഗണനകള്‍ നിറഞ്ഞ പൊതുവഴികളിലൂടെ ആരുടെയോകെയോ കാരുണ്യത്തില്‍ യതീം ഖാനയിലെ പ്രാര്‍ഥനാ നിര്‍ഭരമായ അകത്തളങ്ങള്‍ പിന്നിട്ടും ആകുലമായ അപഹര്‍ഷ ചിന്തകളെ അതിജീവിച്ചും , ഒടുവിലതേ പഴയ പൊതുവഴിയില്‍ ആരുമില്ലാതെ ചോരവട്ടത്തില്‍ ചോര്‍ന്നു പോയൊരു ജീവിതം .. അധിനിവേശങ്ങള്‍ അതിജീവിക്കാനുള്ള കെല്പു കെട്ടുപോയ ദേശാന്തരങ്ങളിലെ ജനതയുടെ കഴിവുകേടില്‍ നനയുന്നൊരു മനസുള്ള അയാളുടെ ദുരന്തത്തില്‍ ആരെങ്കിലും ഒരിറ്റു കണ്ണീര്‍ വീഴ്ത്തിയിരിക്കുമോ? കാലങ്ങള്‍ക്കിപ്പുറവും കുറ്റിത്തലമുടിയില്‍ വിരലോടിച്ചു വലിയ കാര്യങ്ങള്‍ ചിന്തിക്കുന്ന ചെറിയ മനുഷ്യന്‍ ലളിതമായി ശാന്തനായ് എന്നോട് തര്‍ക്കത്തില്‍ ഏര്‍പ്പെട്ടുകൊണ്ടിരിക്കുന്നു..

മായാത്ത മടക്കയാത്രകള്‍ 2

പതിനൊന്നു വര്‍ഷങ്ങള്‍ക്കുമുന്‍പ്, കൃത്യമായ് പറഞ്ഞാല്‍ 99 ആഗസ്ത് 15-നാണ് ജോര്‍ജിനെ ഞാന്‍ കാണുന്നതും പരിചയപെടുന്നതും . ഇത്രയും വ്യക്തമായ് ഓര്‍ക്കാന്‍ കാരണം അന്നായിരുന്നു ഞാന്‍ ഈ മണല്നഗരത്തിലെ ആദ്യജോലിയില്‍ പ്രവേശിക്കുന്നത് . ദേ ശ ത്തിന്റെയും സംസ്കാരത്തിന്റെയും ഭാഷയുടെയും വ്യത്യസ്തതകള്‍ വല്ലാതെ വിവശമാക്കിയ ആ ഒരു പകലില്‍ മലയാളത്തിന്റെ ശുദ്ധശബ്ദവുമായി ജോര്‍ജ് എന്റെ മുറിയിലേക്ക് വരികയായിരുന്നു . അറബികളും ഈജിപ്ഷ്യന്സും മൊറോക്കന്സും ആയ സഹപ്രവര്‍ത്തകരുടെ ഇടയില്‍ നട്ടം തിരിയുന്ന ആ ആദ്യദിനത്തില്‍ ഞാന്‍ മഴ പോലെ കേട്ട മാതൃഭാഷ ജോര്‍ജിന്റെതായിരുന്നു . കമ്പനിയുടെ ഇലക്ട്രിക്കല്‍ വര്‍ക്സ് കോണ്‍ട്രാക്ടില്‍ എടുത്തു ചെയ്യുന്ന ജോലിയായിരുന്നു ജോര്‍ജിന്റെത് . അങ്ങനെ ഏതോ മെയിന്റനന്‍സ് വര്‍ക്കുമായ് ബന്ധപ്പെട്ടു എന്റെ മുറിയിലെ പ്ലഗ്ഗ് പോയിന്‍സ് പരിശോധിക്കുമ്പോള്‍ കൂടെയുണ്ടായിരുന്ന സഹായിയോടു കൈമാറിയ മലയാളമാണ് വല്ലാത്ത ആവേശത്തോടെ എന്റെ കാതുകളോപ്പിയെടുത്തത്. പുതിയ ആളായത് കൊണ്ടും കാഴ്ചയില്‍ത്തന്നെ മലയാളിയെന്നു തോന്നിക്കുന്നതു കൊണ്ടുമായിരിക്കും അയാള്‍ എന്റെ അടുത്ത് വന്നു പരിചയപ്പെടാനുള്ള സൌമനസ്യം കാട്ടി . അന്നയാള്‍ പറഞ്ഞത് ഇപ്പോഴും വ്യക്തമായോര്‍കുന്നുണ്ട് ഒരു ആഗസ്ത് 15-നു ഇന്ത്യയ്ക് സ്വാതന്ത്ര്യം കിട്ടി , പക്ഷെ ഈ 15-നു താങ്കളുടെ സ്വാതന്ത്ര്യം അടിയറ വെച്ചു , അല്ലെ എന്ന് . അന്നാ വാക്കുകളുടെ പോരുളെനിക്ക് വ്യക്തമായില്ലെങ്കിലും പിന്നെ ആ പ്രസ്താവത്തിന്റെ അര്‍ത്ഥവ്യാപ്തിയും തീവ്രതയും ഞാനറിഞ്ഞു (ഒരു പക്ഷെ മിക്കവാറും പ്രവാസികള്‍ അറിയുന്ന അര്‍ത്ഥതലങ്ങള്‍ തന്നെ ). പിന്നെ ഞാന്‍ ഇടയ്കിടെ ജോര്‍ജിനെ കാണുക പതിവായ്‌ . ഓഫീസ് വിട്ടു താഴെയെത്തുമ്പോള്‍ ചില ദിവസങ്ങളില്‍ അവിടെയുള്ള ഒരു കഫ്ടീരിയയില്‍ ചായ കുടിക്കുകയായിരികും അയാള്‍. പലപ്പോഴും ഞാനും ഒപ്പമിരുന്നു ഒരു കട്ടന്‍ ചായ കുടിക്കും . ജോര്‍ജ് ഓടിച്ചിരുന്നത് ഒരു പഴയ ടൊയോട്ട പിക്ക് -അപ്പ്‌ ആയിരുന്നു . ചില ദിവസങ്ങളില്‍ എന്നെ ടാക്സി സ്റ്റേഷന്‍ വരെ കൊണ്ട് വിടും . അങ്ങനെയുള്ള പോക്കുവരവുകളിലാണ് അയാള്‍ പലപോഴായി സ്വന്തം ജീവിതം എനിക്ക് മുന്നില്‍ തുറന്നു വെച്ചത് . കഴിഞ്ഞ ആറു വര്‍ഷങ്ങളായ് നാട്ടില്‍ പോകാതെ (പോകാനാകാതെ ) ജോര്‍ജ് ഈ മണല്നഗരത്തിലെ കോണ്‍ക്രീറ്റ് കാടുകള്‍ക്കിടയിലുണ്ട് . ഏഴു വര്‍ഷങ്ങള്‍ക്കു മുന്‍പായിരുന്നു കല്യാണം . ഗള്‍ഫിലേക്ക് അയാള്‍ വരുമ്പോള്‍ ഭാര്യ ആറുമാസം ഗര്‍ഭിണി ആയിരുന്നു . ഒരു വര്‍ഷമെങ്ങിനെയെങ്കിലും തികച്ചു നാട്ടില്‍ പോയി കുഞ്ഞിനേയും ഭാര്യയേയും കണ്ടു വരാമെന്ന് കാത്തിരുന്ന അയാള്‍ക് ജോലി ചെയ്തിരുന്ന ത്രീ സ്റ്റാര്‍ ഹോട്ടലിലെ ഉടമ അവധി നല്‍കിയില്ല . അതിന്റെ പേരിലുണ്ടായ ചെറിയ അപസ്വരങ്ങള്‍ അയാളുടെ ജോലിയെയും ജീവിതത്തെ തന്നെയും ബാധിക്കാന്‍ തുടങ്ങുന്നത് അയാള് പോലും അറിയാതെ ആയിരുന്നു . രണ്ടര വര്‍ഷത്തോളം അടിമയെ പോലെ ജോലി ചെയ്തിട്ടും മുതലാളിയുടെ കഠിനഹൃദയം ഉരുകിയില്ല . ഒടുവില്‍ ഭ്രാന്തു പിടിച്ച അയാള്‍ ഹോട്ടല്‍ ഉടമയുമായി ശാരീരികമായി തന്നെ എറ്റുമുട്ടുന്ന ഒരവസ്ഥ വന്നു . പിന്നെ കേസും ജയിലും കോടതിയുമായി കുറെ മാസങ്ങള്‍ . പാസ്പോര്‍ട്ട് കോടതിയുടെ കസ്ടഡി യില്‍ . ജോര്‍ജ് ലേബര്‍ കോര്ടിനെ സമീപിച്ചു . കാലങ്ങള്‍ കടന്നു പോകുന്നതോടൊപ്പം അയാളുടെ ബാധ്യതകളും ഭീകരമാം വിധം വര്‍ധിച്ചിരുന്നു . ഒരു സുഹൃത്തിന്റെ സഹായത്തോടെയാണ് നാട്ടിലറിയാവുന്ന ഇലക്ട്രിക്കല്‍ ജോലി എറ്റെടുത്തു തുടങ്ങിയത് . പഴയൊരു വണ്ടി വാങ്ങേണ്ടി വന്നു . കേസിന്റെ ഭാഗമായുണ്ടായ ഭീമമായ ഭാരവും പുതിയ സംരംഭത്തിന്റെ പ്രാരാബ്ധങ്ങളും ചേര്‍ന്ന് നാട്ടിലെക്കുള്ള യാത്ര ആറു വര്‍ഷത്തേക്ക് നീണ്ടു നീണ്ടു പോകുകയായിരുന്നു . സ്വന്തം കുഞ്ഞിനെ ഇത്രയും കാലം കാണാന്‍ കഴിയാതെ പോയ ദുരന്തത്തെ പറ്റി പറയുമ്പോള്‍ കഫ്ടീരിയയ്ക്ക് മുന്‍പിലെ കസേരയിലിരുന്നു ലിപ്ടന്‍ ചായ ഊതികുടിക്കുന്ന അയാളുടെ കണ്ണുകള്‍ ആ സാന്ധ്യ പ്രകാശത്തിലും തിളങ്ങുന്നില്ലല്ലോ എന്ന് ഞാനോര്‍ക്കുമായിരുന്നു . ദുരിതങ്ങളുടെ കടലിലൂടെ ഏറെ നീന്തിയ ഒരു മനുഷ്യന്റെ ഒടുങ്ങാത്ത നിശ്ചയ ദാര്‍ദ്ദ്യമാണ്‌ അയാളെ കരയാതിരിപ്പിക്കുന്നതെന്ന് ഞാനെന്തറിഞ്ഞു ! ജോര്‍ജിനെ അവസാനമായി കാണുമ്പോള്‍ പറഞ്ഞത് ജോലി ചെയ്തിരുന്ന ഹോട്ടലില്‍ നിന്നും കിട്ടാനിരുന്ന പൈസയും പിടിച്ചു വെച്ച ആനുകൂല്യങ്ങളും അടുത്ത് തന്നെ കിട്ടുമെന്ന ഘട്ടത്തിലായിട്ടുണ്ട് കേസ് എന്നാണു. നാട്ടിലേക്ക് പോകാനുള്ള തയ്യാറെടുപ്പ് മെല്ലെയെങ്കിലും തുടങ്ങിയിരുന്നു . ദുരിതപര്‍വങ്ങളിലേക്ക് ഇനിയുമൊരു തിരിച്ചു വരവ് അയാള്‍ ആഗ്രഹിക്കുന്നില്ലെന്ന് തോന്നി . ബാക്കിയുള്ള ബാധ്യതകളൊക്കെയും തീര്‍ത്തു കുടുംബത്തിന്റെ സ്വച്ചതയിലേക്ക് ഉടല് പൂഴ്ത്തുകയാണെന്ന സൂചനകള്‍ ... ആ സമയത്തായിരുന്നു ഞങ്ങളുടെ കമ്പനി ഉടമയായ സ്വദേശി അറബി പണിതുകൊണ്ടിരുന്ന പതിമൂന് നില ഹോട്ടലിന്റെ ഇലക്ട്രിക്കല്‍ വര്‍ക്സ് ജോര്‍ജ് ചെയ്തുകൊണ്ടിരുന്നത് . നാടിലേക്ക് മടങ്ങുന്നതിനു മുന്‍പുള്ള അയാളുടെ അവസാനത്തെ ജോലിയായിരുന്നു അത് , അക്ഷരാര്‍ത്ഥത്തില്‍ . ജോര്‍ജ് പക്ഷെ ആ ജോലി മുഴുവനായും അവസാനിപ്പിക്കാതെ തിടുക്കപ്പെട്ടു പ്രിയപെട്ടവരുടെ അരികിലേക്ക് പോവുകയായിരുന്നു .. ശീതീകരിച്ച ശവപെട്ടിയില്‍ ഹൃദയവും കാഴ്ചകളും അടച്ചു , ഒരിക്കലും കാണാന്‍ കഴിയാതെ പോയ ഒരാറ് വയസ്സുകാരനോടുള്ള വാത്സല്യം ചുര മാന്താതെ ഖനീഭവിച്ചു , മാസങ്ങള്‍ മാത്രം സ്പര്ശ ഗന്ദ്ദങ്ങല റിഞ്ഞ പ്രിയതമയുടെ കണ്ണിലെ കനലുകളില്‍ നിന്നും ആത്മാവടര്‍ത്തി ജോര്‍ജ് അവിടെ സാന്ദ്രമൌനത്തില്‍ .... എനിക്ക് വിശ്വസിക്കാന്‍ കഴിയുന്നതിലും എത്രയോ അപ്പുറമായിരുന്നു അത് .. അയാള്‍ക്ക് ഇത്രയും ലളിതമായ് എങ്ങെനെയാണ് ഈ ലോകം വെടിയുവാന്‍ കഴിയുക!.. എട്ടാം നിലയില്‍ നിന്നും താഴേക്കു വീണ പാകിസ്താനി യുവാവ് നാലാം നിലയിലെ പാരപെറ്റില്‍ നില്കുകയായിരുന്ന ജോര്‍ജിന്റെ ദേഹത്ത് വീണു രണ്ടുപേരും കൂടെ നിലത്തേക്ക് തെറിച്ചു വീണപ്പോള്‍ എന്തിനു ജോര്‍ജ് മരണത്തിനു കീഴടങ്ങി ? ദൈവത്തിന്റെ ക്രൂരമായൊരു തമാശ പോലെ തോന്നിച്ച കാര്യം ആ പാകിസ്താനി ഗുരുതരമല്ലാത്ത പരിക്കുകളോടെ രക്ഷപെട്ടെന്നതാണ്. എല്ലാ മരണങ്ങളും നഷ്ടങ്ങള്‍ തന്നെ.. പക്ഷെ എന്തിനു ജോര്‍ജ് .. മറൊരാളുടെ ഒരു നിമിഷാര്‍ദ്ധത്തിലെ ഇടറിയ ചുവടു വെയ്പില്‍ ജോര്‍ജ് എടുതെറിയപ്പെട്ടത്‌ സ്വന്തം കാലടിയിലെ സിമെന്റു തിണ്ണയില്‍ നിന്നും ആറു വര്‍ഷങ്ങള്‍കൊണ്ട്‌ തീവ്രമായി സ്വരുക്കൂട്ടിവെച്ച സ്വപ്നങ്ങളില്‍ നിന്നും തന്നെയായിരുന്നു . ജീവിതം, നിരന്തരവും ദുരിതപൂര്‍ണവുമായ സമരവും വിലാപവും മാത്രമായി, തീനാളങ്ങളില്‍ വെന്തുരുകുകയും കടലിളക്കത്തില്‍ ആഴ്ന്നു പോകുകയും ചെയ്യുന്ന എണ്ണമറ്റ പ്രവാസികളില്‍ ഒരാള്‍ മാത്രമായിരിക്കാം ജോര്‍ജ്. മഖ്‌ടും ഹോസ്പിറ്റലില്‍ സൂക്ഷിച്ചിരുന്ന അയാളുടെ ഉടല്‍, ആദ്യമായി ഒരു പരാജിതന്റെതായി മാറിയതായി എനിക്ക് തോന്നി . വ്യവസ്ഥകളോടും അനീതികളോടും പൊരുതി വേവലാതികളുടെ പെരുമഴയില്‍ നനഞ്ഞു വിവശനാകുമ്പോഴും ജയിക്കാനായ് തന്നെയാണ് എന്റെ ഈ പടപ്പുറപ്പാടെന്ന വീര്യമൊഴിഞ്ഞ ആ ദേഹം കാണാതിരുന്നെന്കിലെന്ന സങ്കടത്തില്‍ ഉള്ളുരുകിയലിഞ്ഞു ഞാന്‍ ആ ആശുപത്രി വളപ്പില്‍...


ജോര്‍ജിനെ പരിചയപെട്ട , നേരത്തെ സൂചിപ്പിച്ച കമ്പനിയില്‍ ഗൃഹാതുരത്വവും അസ്ഥിത്വ ദു:ഖവും പേറി ജീവിതം വിരസവും വിവശവുമായി വാടി ത്തളര്‍ന്നു കൊണ്ടിരുന്ന ആദ്യനാളുകളില്‍ തന്നെയാണ് ഞാന്‍ അഞ്ജലിയെ പരിചയപെടുന്നത്. മുഴുവന്‍ പേര് അഞ്ജലി ഡിസൂസ. ഞങ്ങളുടെ പരസ്യസ്ഥാപനതിന്റെ ഏടവും പ്രധാനപെറ്റ ക്ലയന്റ് ആയിരുന്നു അവള്‍ സെക്രട്ടറി ആയി ജോലി ചെയ്തിരുന്ന സ്ഥാപനം . ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി അഞ്ജലിയുമായി സംസാ രിക്കേണ്ടി വരുമ്പോഴൊക്കെ അവള്‍ ഗോവയില്‍ നിന്നാണെന്നാണ് ഞാന്‍ കരുതിയിരുന്നത്. പേരിലെ ആന്‍ഗ്ലോ സ്പര്‍ശവും ഒഴുക്കുള്ള ഇംഗ്ലീഷും ചേര്‍ന്നെന്നെ തെറ്റിധരിപ്പിക്കുകയായിരുന്നു എന്നറിഞ്ഞപ്പോള്‍ ആശ്വാസവും സന്തോഷവും തോന്നി . ഇംഗ്ലീഷ് പോലെ തന്നെ വൃത്തിയും വേഗതയുമുള്ള മലയാളവും കൈകാര്യം ചെയ്തിരുന്ന തൃശ്ശൂര്‍കാരി ആയിരുന്നു അവള്‍. പഠിച്ചു വളര്‍ന്നത്‌ മമ്മയും അപ്പനും ചേട്ടനും ഒപ്പം ഗള്‍ഫില്‍ തന്ന. വര്‍ഷങ്ങള്‍ക്കു മുന്‍പ് അപ്പന്‍ മരണമടഞ്ഞതിനു ശേഷം, ജോലിയുണ്ടായിരുന്ന മമ്മയുടെ തണലില്‍ ആയിരുന്നു അവരുടെ ജീവിതം. ഈ സ്ഥാപനത്തില്‍ അവള്‍ അപോഴെക്കുമാറേഴു വര്‍ഷമായിരുന്നു . ഈ കാര്യങ്ങളൊക്കെ പലപോഴായി ഔപചാരികതകളുടെ പുറന്തോട് പോയ സംഭാഷണങ്ങളില്‍ നിന്നും അറിയാനിട വന്നതാണ്. ചുരുക്കത്തില്‍, ആ കാലത്തെ എന്റെ നിറം മങ്ങിയ ദുസ്സഹദിനങ്ങളില്‍ അഞ്ജലി ഒരാശ്വാസമായിരുന്നു . ഒരു പക്ഷെ എന്നെ ഒരു വെറും പ്രൊഫഷണല്‍ ആയിട്ടല്ലാതെ മനുഷ്യസഹജമായ അനുഭാവത്തോടെ കാണാന്‍ അവള്‍ക് കഴിഞ്ഞു . തൊഴിലിടത്തില്‍ വിവരണാതീതമായ ദുരിതങ്ങള്‍ അനുഭവിച്ചു കൊണ്ടിരുന്ന ആ അടിമജീവിതത്തില്‍ എന്റെ തന്നെ വീഴ്ചകള്‍ കൊണ്ട് എനിക്ക് കുരുക്കാകുമായിരുന്ന ചില കാര്യങ്ങളില്‍ മന:പൂര്‍വം കണ്ണടച്ച് അഞ്ജലി എന്നെ ഉടമയുടെ പീഡനങ്ങളില്‍ നിന്നും സംരക്ഷിച്ചിരുന്നു. ഒരു വര്‍ഷത്തിനു ശേഷം ആ സ്ഥാപനത്തില്‍ നിന്നും മുക്തി നേടി ഒരു സഹപ്രവര്‍ത്തകന്റെ കൂടെ മറ്റൊന്നില്‍ ചെര്ന്നപോഴും അഞ്ജലിയുടെ സ്ഥാപനം ഞങ്ങളോട് കൂടി പുതിയ സ്ഥാപനതിലെയും ക്ലയന്റ് ആയി മാറി. അവിടെ ജോലി ചെയ്ത നാല് വര്‍ഷങ്ങളും ചേര്‍ത്ത് അഞ്ചു വര്‍ഷങ്ങളോളമുള്ള നിരംതരസമ്പര്‍ക്കം നന്മകളും സ്വാഭാവികതകളും നിറഞ്ഞ എല്ലാ വികാസങ്ങളും പ്രാപിക്കാന്‍ പോന്നതായിരുന്നു. വ്യക്തിപരമായ ചെറിയ അസ്വസ്ഥകളും ആശങ്കകളും പലപോഴായി പറയുന്ന ചില നേരങ്ങളില്‍, ചര്‍ച്ചില്‍ വെച്ച് പരിചയമുള്ളൊരു ചെറുപ്പക്കാരന്‍ പ്രോപോസു ചെയ്ത കാര്യം തമാശയായ് പറഞ്ഞെങ്കിലും അവളതു ആഗ്രഹിക്കുന്നുണ്ടെന്നു തോന്നിയിരുന്നു. അതിനെ പറ്റി ഒന്ന് രണ്ടു തവണ തിരക്കിയെങ്കിലും ദുരൂഹമായ ഏതോ കാരണത്താല്‍ അതൊന്നും നടക്കില്ലെന്നു പറഞ്ഞതോര്‍മയുണ്ട്. പിന്നെ... അഞ്ചു വര്‍ഷങ്ങള്‍ക് മുന്‍പൊരു വ്യാഴാഴ്ച .. വാരാന്ത്യതിന്റെ ചടുലതയും പ്രലോഭാനങ്ങളുമുള്ള ആ വൈകുന്നേരം ഓഫീസ് വിടുന്നതിനു മുന്‍പേ എന്തിനോ അവളെ വിളിച്ചപോള്‍ നാളെ അടുത്ത എമിരേറ്റിലെ കസിന്റെ വീട്ടില്‍ ലഞ്ചിന് പോകുകയാണെന്നും ശനിയാഴ്ച വിളിക്കാമെന്നും പറഞ്ഞു പതിവ് വിഷെസ് നേര്‍ന്നു പിരിഞ്ഞതാണ് നമ്മള്‍. ശനിയാഴ്ച രാവിലെ അഞ്ജലിയുടെ ഓഫീസില്‍ വിളിച്ചപ്പോള്‍ അവളില്ല എന്നാ മറുപടിയാണെന്നാദ്യം തോന്നി. പിന്നെ സ്വയം പരിചയപെടുതിയപ്പോള്‍ നിസ്സംഗമായി അങ്ങേ തലയ്കലുള്ള ആള്‍ പറഞ്ഞത് എങ്ങിനെയാണെന്റെ ബോധമനസ്സ് അംഗീകരിച്ചത്..! പിന്നെ പതുക്കെയറിഞ്ഞു .. ദുരന്തത്തിലേക്ക് ക്ഷണിച്ച ഉച്ചയൂണും റോഡ്‌ ഡിവൈഡറില്‍ തട്ടിത്തെറിച്ച കാറും അഗ്നിനാളങ്ങലായ് മാറിയ അഞ്ചു ജീവനുകളും... വെള്ളിയാഴ്ചയിലെ ആ യാത്ര തിരിച്ചു വരവില്ലാത്തതായിരുന്നു . വഴിയിലെവിടെയോ ഡിവൈഡറില്‍ തട്ടി നിയന്ത്രണം നഷ്ടപെടുന്നതിനു മുന്‍പേ തന്നെ പെട്രോള്‍ ടാങ്കിന്റെ ഭാഗം തീ പിടിച്ചു കഴിഞ്ഞിരുന്നു . ആര്തനാദങ്ങളും അട്ടഹാസങ്ങളുമായി അഞ്ചു മനുഷ്യരെ തീമൂടുന്നത് കണ്ടു നില്‍ക്കാനേ പുറത്തുള്ളവര്‍ക്ക് കഴിഞ്ഞുള്ളു.. അഞ്ജലിയും അമ്മയും രണ്ടു കസിന്‍സും അവിടെ വെച്ചും ചേട്ടന്റെ ഭാര്യ ആശുപത്രിയില്‍ വെച്ചും മരണത്തിനു കീഴടങ്ങി. ചേട്ടന്‍ ഗുരുതരമായ പരിക്കുകളോടെ ദുരന്തം അതിജീവിച്ചു. തിരിച്ചറിയാനാവാത്ത വിധം കത്തികരിഞ്ഞ് പോയിരുന്നു എല്ലാവരുടെയും ശരീരങ്ങള്‍. ഈ വാര്‍ത്തയുടെ നടുക്കത്തില്‍ വിറപൂണ്ടും നിലവിളികള്‍ അടക്കിപിടിച്ചും ഞാന്‍ നില്‍ക്കുമ്പോള്‍ അസാധാരണമായി ഒന്നും സംഭവിക്കാത്തത് പോലെ അന്നേക്കു ചെയ്യാനുള്ള ജോലികള്‍ കേബിനിലേക്ക് ചൊരിയുകയായിരുന്നു എന്റെ സുപീരിയര്‍. അഞ്ജലിയുടെ ഓഫീസില്‍ വീണ്ടും വിളിച്ചപോള്‍ അവര്‍ അന്ന് തന്നെ തീര്‍ക്കേണ്ട മറ്റും ചില പ്രോജെക്ട്സിനെ പറ്റി ആയിരുന്നു സംസാരിക്കുന്നത്. ഏഴു വര്ഷം അവള്‍ അവിടെ ജോലി ചെയ്തിടും ആ ദുരന്തം അവിടെ ആരെയും ബാധിക്കാത്തതെന്തെന്നു ഞാന്‍ കണ്ണീരണിഞ്ഞു… ഈ പ്രോഫെഷണലിസമാണോ നമ്മള്‍ മാതൃകയാക്കേണ്ടത്? ദയാശൂന്യവും മനുഷ്യത്വരഹിതവുമായ ഈ തൊഴില്‍ സംസ്കാരമാണോ മഹത്തരമെന്നു നമ്മളില്‍ പലരും വാചാലരാകുന്നതും കൊട്ടിഘോഷിക്കുന്നതും? മനുഷ്യനെ മനുഷ്യനായി കാണാന്‍ കഴിയുന്ന കണ്ണുകള്‍ നഷ്ടമാകുന്നതാണോ അനുകരണീയമായ നിയമവും നീതിയും ..! എനികറിയില്ല.... ഒന്ന് നെടുവീര്‍പ്പിടാന്‍ പോലുമാകാത്ത വിധം ഞാന്‍ ജോലിതിരക്കുകളില്‍ മൂടപ്പെട്ടു മുങ്ങിത്താണ്‌ പോകുമ്പോള്‍ മോര്‍ച്ചറിയില്‍ കത്തിക്കരിഞ്ഞ വിറകുകൊള്ളി പോലെ അഞ്ജലിയും അവളുടെ പ്രിയപെട്ടവരും.. അഞ്ചു വര്‍ഷങ്ങള്‍ കൊണ്ട് കൈമാറിയ വാകുകളൊക്കെയും സങ്കടങ്ങളുടെ കടലിരമ്പമായ്‌ എനിക്ക് ചുറ്റും വലയം ചെയ്തു.. പക്ഷെ ഞാന്‍ ചെയ്തുകൊണ്ടിരുന്നത് അന്ന് പത്രത്തിലയക്കേണ്ടിയിരുന്ന ജ്വല്ലറിയുടെ പരസ്യത്തിലുപയോഗിച്ച യുവതിയുടെ ചുണ്ടുകള്‍ക്ക് ചായം പോരെന്ന ബോസ്സിന്റെ പരാതി തീര്കുകയായിരുന്നു!

മായാത്ത മടക്കയാത്രകള്‍ 3

പ്രീഡിഗ്രിക്ക് കോളജില്‍ ചേര്‍ന്നപ്പോള്‍ ഒരേ നിരയില്‍ ഇരുന്നവരില്‍ ഒരാളായ ജയന്‍ അവന്റെ കൃശദേഹം കൊണ്ട് പെട്ടെന്ന് ശ്രദ്ധിക്കപ്പെടുന്ന ഒരു കുട്ടി ആയിരുന്നു. ഒരു മാസം കൊണ്ട് പരസ്പരം പരിചയമായപോഴും ഹൃദയത്തിന്റെ വാതിലുകള്‍ ദ്രവിച്ചിരിക്കയാനെന്നവന് പറയാന്‍ മാത്രം സൗഹൃദം പാകമായിരുന്നില്ല. ലൈബ്രറിയില്‍ ഒരുപാട് നേരം ചെലവഴിക്കുമായിരുന്ന അവന്‍ ഇടയ്ക് പുസ്തകത്തില്‍ കുറിച്ചിട്ടിരുന്ന കവിതാശകലങ്ങള്‍ രഹസ്യമായി എന്നെ കാണിക്കാറുണ്ടായിരുന്നു .. നഷ്ടവും വിലാപവും മരണവും മണക്കുന്നവ. ആരും ഒരണുപോലും തിരിച്ചറിയാന്‍ കഴിയാതെ പോകും വിധം അന്തര്മുഖനായിരുന്നു അവന്‍ . എന്റെ നിര്‍ബന്ധങ്ങള്‍ക്ക് വഴങ്ങി കോളജിലെ ചില ജാഥകളിലോക്കെ വരുമായിരുന്നുവെങ്കിലും അവന്റെ മുദ്രാവാക്യങ്ങള്‍ മൌനമായിരുന്നു. പിന്നെയും കുറച്ചു നാളുകള്‍ക്കു ശേഷം കെമിസ്ട്രി ലാബില്‍ വെച്ച് തളര്‍ന്നു വീഴാന്‍ തുടങ്ങിയ അവനെ ഞങ്ങള്‍ താങ്ങിയെടുത്തതും കോളജ് അധികൃതര്‍ ആശുപത്രിയിലാക്കിയതും മായാതെ മനസ്സിലുണ്ട്. കുറെ ദിവസങ്ങള്‍ക്കു ശേഷം ലെറ്റര്‍ ബോക്സില്‍ അവന്റെ കൈപടയില്‍ എനിക്കൊരു കത്തുണ്ടായിരുന്നു. പറയാതെ വെച്ച നേരുകളുടെ ചില നൂല്പാലങ്ങള്‍.. തിരുവനന്തപുരത്ത് ശ്രീചിത്തിര ആശുപത്രിക്കിടക്കയുടെ ഈതറിന്റെ മണമുള്ള അസ്വസ്ഥമായ അക്ഷരങ്ങള്‍.. വാല്‍വുകള്‍ പണിമുടക്കാന്‍ തുടങ്ങിയിട്ട് കാലങ്ങളേറെയായിരുന്നുവത്രേ. ശസ്ത്രക്രിയ അവസാന തുരുമ്പ്.. അവസാനം അനിവാര്യമായ കീറിമുറിക്കലിനു കിടന്നു കൊടുക്കാന്‍ പോകുന്നുവെന്നത് അവന്റെ വിടപറയല്‍ തന്നെയായിരുന്നുവെന്ന് കുറച്ചു ദിവസങ്ങള്‍ക്കുള്ളില്‍ കോളജില്‍ ഔപചാരികമായി സംഘടിപ്പിച്ച ദുഖാചരണം നമ്മെ അറിയിച്ചു . ഒരു ദിവസത്തിന്റെ അവധിയുടെ കാരണമെന്നതിനുമപ്പുറം ആരുടെയെങ്കിലും ദുസ്വപ്നങ്ങളില്‍ പോലും അന്തര്‍മുഖതയുടെ തോടുതിര്‍ത്തു ജയന്‍ വരില്ലെന്നുറപ്പു.. നിരാലംബനായ് നിത്യരോഗത്തില്‍ നീറുന്ന കവിതകളുമായി മാത്രം സങ്ങടം പങ്കിട്ട അവനെ അറിയാന്‍ എനിക്കും കഴിഞ്ഞില്ലല്ലോ..


ബിരുദത്തിനു ശേഷം ബാംഗ്ലൂരില്‍ ഡിപ്ലോമ ചെയ്യുന്ന സംഭവബഹുലമായ കാലഘട്ടത്തിലെ മറക്കാനാകാതൊരു മുഖമാണ് പവിയെട്ടന്റെത് . ഉദ്യാനനഗരത്തിലെ ആദ്യദിനം.. തല ചായ്കാനിടം കിട്ടിയത് ഏറെ അടുപ്പമുള്ളൊരു നാട്ടിലെ നല്ല മനുഷ്യന്റെ താമസ സ്ഥലത്ത് . അദ്ദേഹത്തിന് സ്ഥാപനത്തിലെ ജോലിക്കാരുടെ കൂടെയായിരുന്നു എന്റെയും താമസം എര്പാട് ചെയ്തത്. ആ വൈകുന്നേരം ഞാനാ മൂന്ന് മുറി ലൈന്‍ റുമിലെത്തുമ്പോള്‍ പവിയെട്ടന്‍ അടുക്കളയിലിരുന്നു ചപ്പാത്തി ഉണ്ടാക്കുന്നുണ്ട്. എന്നെക്കാള്‍ അഞ്ചാറു വയസ്സ് കൂടുതലുണ്ടാകും . പിശുക്കില്ലാതെ പുഞ്ചിരിച്ചു കൊണ്ടെഴുന്നെടുറ്റു വന്നെന്റെ കാര്യങ്ങളാരായാന്‍ തുടങ്ങിയ അദ്ദേഹം വാക്കുകള്‍ മുഴുമിപ്പിക്കാന്‍ പറ്റാതെ വിഭ്രമത്തില്‍ പെടുന്നത് ഞാന്‍ കണ്ടു . പിന്നെയുള്ള ദിവസങ്ങളില്‍ വല്ലാതെ വലയ്ക്കുന്ന വിക്ക് കൊണ്ട് അദ്ദേഹം വിവശനാകുന്ന പല സന്ദര്‍ഭങ്ങളിലും ഞാന്‍ സാക്ഷിയായി. നേരത്തെ പറഞ്ഞ സ്ഥാപനമുടമയുടെ അടുത്ത ബന്ധുവായിരുന്നു പവിയെട്ടന്‍. അതിന്റെ പരിഗണനകളും ആനുകൂല്യങ്ങളും ഉണ്ടായിട്ടും ഈ ഒരു വൈകല്യം അദ്ദേഹത്തെ എല്ലാറ്റില്‍ നിന്നും പിന്‍വലിയിപ്പിച്ചിരുന്നു. രുചികരമായ് ഭക്ഷണം പാകം ചെയ്യുന്ന പവിയെട്ടനായിരുന്നു എന്നും അത്താഴമോരുക്കിയിരുന്നത്. ആ പേരില്‍ നേരത്തെ സ്ഥാപനത്തില്‍ നിന്നും ഒഴിവായാല്‍ അത്രയും കുറച്ചു പെരെയല്ലേ അഭിമുഖീകരികേണ്ടി വരുമല്ലോ എന്ന് ഒരു ദിവസം ഒരു സ്വകാര്യദുഃഖത്തില്‍ അദ്ദേഹം നെടുവീര്‍പ്പിടുനത് കേട്ടപോഴാണ് ഈ ശബ്ധവൈകല്യം ആ മനുഷ്യനെ എത്ര മാത്രം ദൈന്യനും അശക്തനും ആക്കി മാറ്റിയിരിക്കുന്നതെന്നത് ഞാനറിഞ്ഞത് . അപൂര്‍വമായി വീണുകിട്ടുന്ന ഒഴിവു നേരങ്ങള്‍ എവിടെയും പോകാതെ റൂമില്‍ ചടച്ചിരിക്കുകയായിരുന്നു അദ്ദേഹം ചെയ്തത്. നിരന്തരമുള്ള നിര്‍ബന്ധത്തില്‍ വഴങ്ങി ചിലപ്പോള്‍ ചില സെകന്ട് ഷോയ്ക്ക് കൂടെ വന്നും, വീണുകിട്ടുന്ന ചില ആഘോഷവേളകളിലെ ലഹരിയുടെ പ്രലോഭനങ്ങളില്‍ നിരവാഹമില്ലാതെ സഹകരിച്ചും ചെറുതെങ്കിലും വ്യക്തമായൊരു പുരോഗതി പവിയെട്ടന്റെ വ്യ്ക്തിത്വവികാസത്തില്‍ ഉണ്ടാകാന്‍ ഞങ്ങളുടെ ഇടപെടലുകള്‍ക്ക് കഴിഞ്ഞു. ഒരു ദിവസം സ്ഥാപനതിലെതിയ ഒരു യുവതിയോട് സംസാരികേണ്ടി വന്നപ്പോള്‍ വാക്കുകള്‍ മുറിഞ്ഞും തറിഞ്ഞും നിലച്ചപ്പോള്‍ വല്ലാത്ത നിരാശയോടെ എന്റെയടുത്തു വന്നു സ്വന്തം നിസ്സഹായത വെളിവാക്കിയതിങ്ങനെയായിരുന്നു; "അവള്‍ കരുതുന്നുണ്ടാകും ഞാന്‍ ശാസ്ത്രീയ സംഗീതവും സ്വരങ്ങളും ഉരുവിടുകയാനെന്നു.. !" ചിരിച്ചു കൊണ്ട് പറഞ്ഞെങ്കിലും ഉള്ളിലെ കരച്ചിലെനിക്ക് കേള്‍കാന്‍ പാകം വാക്കുകള്‍ നനവാര്ന്നതായിരുന്നു. പിന്നെയും കുറെ മാസങ്ങള്‍ക് ശേഷം പവിയെട്ടന്റെ മൃദുലമായ ചപ്പാത്തിയുടെയും എരിവുള്ള മുട്ടക്കറിയുടെയും പ്രലോഭനങ്ങളില്‍ നിന്നും പരിത്യാഗിയായി ഞാനവിടം വിട്ടു. വിവാഹമേ വേണ്ടെന്നു പറഞ്ഞ പവിയെട്ടന്‍ നാനാ ദിശകളില്‍ നിന്നുമുള്ള സമ്മര്‍ദ്ദങ്ങള്‍ അതിജീവികാനാകാതെ കുടുംബജീവിതം തുടങ്ങിയതറിഞ്ഞു ഒരുപാട് സന്തോഷം തോന്നിയിരുന്നു. കുറച്ചു കാലം എല്ലാം ഭദ്രമെന്ന് തോന്നിച്ചെങ്കിലും അയാളുടെ ഉള്ളിലെ നെരിപ്പോടുകള്‍ നീറുക തന്നെയായിരുന്നെന്ന് പിന്നെ നമ്മലറിഞ്ഞു . തീഷ്ണമായ അപകര്‍ഷതാബോധതിന്റെ ഇരുണ്ട തടവറയില്‍ നിന്നും പവിയേട്ടന് ഒരിക്കലും പുറത്തു കടക്കാനായിരുന്നില്ല എന്നത് തന്നെയായിരുന്നു സത്യം. ബാംഗ്ലൂരില്‍ നിന്നും ഒരു രാത്രി നാട്ടിലേക്ക് പോകുന്നെന്നു പറഞ്ഞു ബസില്‍ കയറിയ അദ്ദേഹത്തിന്റെ അഴുകിയ ശവസരീരം മോര്‍ച്ചറിയില്‍ അനാഥമായി കിടക്കുകയായിരുന്നു. പിറ്റേന്ന് പുലര്‍ച്ചെ നാട്ടിലെത്തിയ അദ്ദേഹം നഗരത്തിലെ പ്രസസ്തമായ അമ്പലത്തിലെ ചിറയില്‍ ചാടി മരണത്തിലേക്ക് മുങ്ങാംകുഴിയിടുകയായിരുന്നു. പിറ്റേ ദിവസമാണ് മൃതദേഹം കണ്ടതും തിരിച്ചറിയാനാകാതെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചതും. രണ്ടു ദിവസത്തെ അന്വേഷണങ്ങള്‍ക്ക് ശേഷമാണ് വീടുകാര്‍ അത് വീണ്ടെടുത്തത്. ബാംഗ്ലൂരില്‍ താമസിച്ചിരുന്ന സമയത്ത് കുറച്ചു കാലം കൂടെ കഴിഞ്ഞിരുന്ന ഒരു റൂം മേറ്റ്‌ "ഇയാള്‍ ഒരു പക്ഷെ ആത്മഹത്യ ചെയ്തേക്കും " എന്ന് മുനിയെ പോലെ എന്നോട് പ്രവചിച്ചത് ഈ മരണവാര്‍ത്ത അറിഞ്ഞപ്പോള്‍ ഞാനോര്‍ത്തു . അയാള്‍ പറഞ്ഞതു പോലെ, ആത്മഹത്യയല്ലാതെ പവിയേട്ടന് വഴിയേതുമില്ലായിരുന്നുവോ? മരണത്തിന്റെ നിലയില്ലാക്കയങ്ങളില്‍ നെഞ്ഞുറപ്പോടെ മുങ്ങിതാഴുംപോളെങ്കിലും ആത്മവിശ്വാസക്കുറവിന്റെ അധൈര്യം താന്‍ വെടിഞ്ഞിരിക്കുന്നുവെന്നു
അദ്ദേഹം ഓര്തുകാണുമോ?


വേര്‍പാടുകളുടെ വേദനിപ്പിക്കുന്ന വിരല്‍പാടുകള്‍ ഇനിയുമേറെ. സഹപാഠിയും അയല്‍വാസിയുമായിരുന്ന വിനീഷ്. പഠനം പാതി ഉപേക്ഷിച്ചു കുടുംബം പുലര്‍ത്താന്‍ ബംഗ്ലൂരില്‍ കടയില്‍ ജോലിക്ക് നില്‍കുമ്പോള്‍ നിരന്തരം ഉപദ്രവിച്ച തലവേദനയെ സാമ്പത്തിക പരിമിതികള്‍ കൊണ്ട് അവഗണിച്ചതായിരുന്നു അവന്‍. തലച്ചോറില്‍ അപോഴെക്കും അവന്റെ വിധി വേദനിപ്പികുന്നൊരു മുഴയായി രൂപം പ്രാപിച്ചിരുന്നു. പുലര്‍ച്ചെ വെളുത്ത വസ്ത്രത്തില്‍ പൊതിഞ്ഞു അവന്റെ ഉടല്‍ വീടിലെതിക്കുമ്പോള്‍ പെയ്തു കൊണ്ടിരുന്ന പെരുമഴയുടെ തണുത്ത സ്പര്‍ശം ഓര്‍മകളുടെ നാല്കവലക്ളില്‍ പലപ്പോഴും ഞാന്‍ അറിയുന്നു.


നാട്ടിന്‍പുറത്തെ വായനസാലയിലെ സജീവസാനിധ്യമായിരുന്ന മുരളീധരന്‍ പൊടുന്നനെ ഞങ്ങളെയെല്ലാം ഉപേക്ഷിച്ചത് ഒരു കഷണം കയറിലായിരുന്നു. നാളെ കാണാമെന്നു പറഞ്ഞു പിരിഞ്ഞ അവന്റെ കണ്ണുകളില്‍ മരണം കത്തിനില്കുന്നത് ആരും കണ്ടില്ല. ജീവിതവും പരിസരങ്ങളും വര്‍ണാഭമായിരുന്ന അവന്‍ പിറ്റേന്ന് രാവിലെ പുറത്തേക്കു പോകാന്‍ തയ്യാറായി ഡ്രസ്സ്‌ ചെയ്തു ചെട്ടതിയമ്മയോട് ഭക്ഷണമെടുത്ത്‌ വെയ്കാന്‍ പറഞ്ഞു മുകളിലെ മുറിയില്‍ പോയി തൂങ്ങി മരിക്കുകയായിരുന്നു. എപ്പോഴും കളിതമാശകളില്‍ അഭിരമിച്ചിരുന്ന അവനെ പറ്റിയുള്ള വര്‍ത്തമാനങ്ങള്‍ ഒരുപാടുകാലം ഞങ്ങളുടെ കൂട്ടായ്മയില്‍ നെടുവീര്‍പ്പുകള്‍ ഉണര്‍ത്തിയിരുന്നു. കാതടപ്പിക്കുന്ന ഹൃദയമിടിപ്പുകള്‍ പോലെ ഞങ്ങളിലേക്ക് അവന്റെ ബുള്ളറ്റു കാലങ്ങളോളം കയറിവരുമായിരുന്നു.


കഴിഞ്ഞൊരു കലാപകാലത്ത് കൊലക്കതിക്കിരയായ കൂടുകാരന്‍ അനീഷ്‌ ചോര ഇരമ്പുന്ന ചിന്തയും ഓര്‍മയുമായി ഉള്ളില്‍ നിശബ്ദനാകാതെ എന്നുമുണ്ട്.. നാട്ടിലുണ്ടായിരുന്ന അവസാനകാലങ്ങളിലെ തെരഞ്ഞെടുപ്പു സമയത്തെ ചടുലവും തീഷ്ണവുമായ പ്രവര്‍ത്തനങ്ങളില്‍ അവന്‍ എവിടെയുമുണ്ടായിരുന്നു. ഏതു പാതിരാവിലും അവന്റെ M80 യുടെ അരിച്ച വണ്ടൊച്ച കേള്‍ക്കാനാകും വിധം കരമനിരതന്‍.. ആ കലാപകാലത്ത് അസമയത്ത് ബൈക്കുമെടുത്ത്‌ വീട്ടിലേക്കു പോയ അവന്റെ കഴുത്തറ്റ ശരീരം പുലര്‍ച്ചയോടെ പരിസരത്തുള്ള കാവിനു തൊട്ടുള്ള പൊന്തക്കാടില്‍ കണ്ടെത്തുകയായിരുന്നു. അതിരാവിലെ നാട്ടില്‍ നിന്നും അമ്മയുടെ വിളി.. കൈവാളുകളും ചെറുമഴുകളും കൊലക്കത്തികളും ഉള്ളില്‍ വീശി മിന്നി.. കരളു കീറിമുറിച്ചു കടന്നു വരുന്ന അവന്റെ മുദ്രാവാക്യങ്ങള്‍ നിലവിളികളായി.. ഓര്‍മ്മകള്‍ ചോര പോലെ ചീറ്റിതെറിക്കുന്നു.. പുതിയ പടയണികള്‍.. പ്രതികാരങ്ങള്‍.. അതിജീവനത്തിനുള്ള പ്രതിരോധങ്ങള്‍.. ഏകപക്ഷീയമായ പ്രചണ്ട പ്രചാരണങ്ങല്കിടയില്‍ അറിയാതെ പോകുന്ന അരുണാന്ത്യങ്ങള്‍..


ഒരൊറ്റ മാസത്തെ മധുവിധുകാലം കൊതിതീരാതെ കഴിഞ്ഞു മണല്നഗരത്തിലേക്ക് മടങ്ങി മൂനാഴ്ചകള്‍ക്കകം മഞ്ഞപിത്തത്തിനു മുന്നില്‍ മുട്ടുമടക്കിയ വല്യമ്മാമയുടെ ഏക മകന്‍ കാര്‍ത്തിക് . ദിനരാത്രങ്ങള്‍ പിന്നിട്ടു ചില്ലിട്ട പെട്ടകത്തിലെത്തിയ ഇരുണ്ടു വീര്‍ത്ത ദേഹത്തിനു മുന്നില്‍ കണ്ണീരോടെ നില്‍കുമ്പോള്‍ ഉള്ളില്‍ ഒരു പത്തുവയസ്സുകാരന്‍ കാര്‍ത്തിയേട്ടന്റെ കൂടെ സൈകിളില്‍ നാടും നാട്ടുവഴികളും കാവുകളും ഉത്സവപരംബുകളും ച്ചുട്ടിയടിക്കുന്നുണ്ടായിരുന്നു . മുപ്പതു ദിവസത്തെ ദാമ്പത്യജീവിതം ദാനം ചെയ്ത ദുരന്തത്തിലേക്ക് സജലം നീളുന്ന കണ്ണുകളെ കാണാതെ , മുപ്പതു വര്‍ഷം പ്രാര്‍തഥച്ചരടുകളും കിനാവള്ളികളും കൊണ്ട് പൊതിഞ്ഞു സൂക്ഷിച്ചിട്ടും പളുങ്കുപാത്രം ദുര്‍ബലം വീന്നുടഞ്ഞത് വിശ്വസിക്കാന്‍ കൂട്ടാക്കാത്ത വൃദ്ധ രോദനങ്ങള്‍ കേള്‍കാതെ കാലങ്ങളിപ്പോഴും കടന്നുപോകുന്നില്ല.
തിരിച്ചു വരവില്ലാത്ത എല്ലാ മടക്കയാത്രകളും കാഴ്ചകളിലും ഓര്‍മകളിലും ഉറവ തീര്‍ക്കുന്നവ തന്നെയാണ്. പ്രിയപെട്ടവര്‍ പൊടുന്നനെ പിരിഞ്ഞുപോയവരുടെ നിശബ്ദമായ നിലവിളികള്‍ നിലയ്ക്കുന്നില്ല . പാതി വെന്ത കിനാക്കളും സഫലമാകാത്ത പ്രാര്‍ഥനകളും ചേര്‍ന്നുള്ള ശേഷക്രിയകള്‍ ബാക്കി . ഇതാണവസാനത്തെ ശ്വാസമെന്നറിയാതെ പിന്നെയും സ്വപ്നങ്ങളില്‍ സ്വര്‍ണഗോപുരങ്ങള്‍ തുറക്കുന്നതും കാത്തു വെറും മനുഷ്യരായി നമ്മളോരോരുത്തരും. കിനാവിന്റെ ബീജങ്ങള്‍ പരാഗമേല്‍കാതെ പിടഞ്ഞു വീണ്‌.. വ്യാമോഹങ്ങള്‍ വിളയുന്ന വാക്കുകളുടെ വാതായനങ്ങളടഞ്ഞു.. കാലങ്ങള്‍ കടം കൊണ്ട ശ്വാസങ്ങളൊഴിഞ്ഞു.. മരണത്തിന്റെ മോഹമഞ്ഞയില്‍ മൂകം മടങ്ങിയ പ്രിയപെട്ടവര്‍, പക്ഷെ ഹൃദയത്തിന്റെ വഴിയോരങ്ങളില്‍, അകക്കാ മ്പിലെ അഴിമുഖങ്ങളില്‍, ഓര്‍മകളുടെ ചില്ലകളില്‍ ചിരിച്ചും കളിച്ചും എന്നെ മോഹിപ്പിച്ചു കൊണ്ടിരിക്കുന്നു.
മരണമാണ് ജീവിതത്തെക്കാള്‍ പരമമായ സത്യമെന്നു പറഞ്ഞതാരാണ്? എല്ലാവരും മരിക്കുന്നു, എല്ലാവരും പക്ഷെ ജീവിക്കുന്നില്ല.