Saturday, July 24, 2010

മായാത്ത മടക്കയാത്രകള്‍ 1

ഓരോ വേര്‍പാടുകളും എനിക്ക് വേവുന്ന വ്യഥകളാണ് കാലങ്ങളോളം കൂടെ തരാറു. ഇത്തിരി കാലത്തെ പരിചയമുള്ളവര്‍ പോലും അകാലം പിരിയുന്നത് ഉള്ളു ആര്ദ്രമാക്കുന്നത് ഞാനറിയാറുണ്ട്‌. അപ്പോള്‍ പിന്നെ, കളിചിരികളും കിനാവുകളും പാതി വഴിയില്‍ ബാക്കി വെച്ച് പ്രിയപെട്ടവരും പരിചയമുള്ളവരും നമ്മളില്ലാത്ത ലോകത്തേക്ക് പൊടുന്നനെ പിരിയുന്നത് എത്ര കഠിനമായിരിക്കും! ദിവസങ്ങളില്‍ വായിച്ചു കൊണ്ടിരുന്ന പുസ്തകത്തിന്റെ ഉള്ളടക്കം "മരണം" ആയതുകൊണ്ടാണെന്നു തോന്നുന്നു, പിന്നിട്ട കാലങ്ങളില്‍ കടലോളം കണ്ണീരു കൈമാറി കടന്നുപോയവര്‍ ഒന്നൊന്നായി എന്റെ ദിനരാത്രങ്ങളില്‍ കനലുകള്‍ നിറച്ചു കൊണ്ടിരിക്കുന്നത്. ജീവിതം കൊണ്ട് മുറിവേറ്റവരുടെ അവസാനവാക്കെന്ന് എന്റെ സുഹൃത്ത്‌ അടയാളപെടുത്തിയ ആത്മഹത്യയില്‍ അവസാനിച്ചവരും, അകാലമരണമെന്ന അതിര്‍വരമ്പ് അതിജീവീക്കാനാകാതെ ദാരുണവും സ്വാഭാവികവും ആയി കാഴ്ചയ്ക്കപ്പുറം മറഞ്ഞവരും ഓര്‍മകളുടെ തണുത്ത തൂവലുകള്‍ കൊണ്ടെന്നെ അനുദിനം ആര്ദ്രനാക്കുന്നു. ഓര്‍മകള്‍ ഒരു താന്തോന്നിപുഴയാണ് എന്ന് വായിച്ചതെവിടെയാണ്? അത് നേരവും നിലയും നോക്കാതെ അനുനിമിഷം പുറകോട്ടു പായുന്നു. അതെ, ഇടതടവില്ലാതെ..


പുഴവെള്ള പാചിലിനപ്പുറം, അങ്ങേയറ്റം ശാന്തമായ ബാല്യസ്മരണകളില്‍, അവധികാലം ആരവങ്ങളോടെ ആഘോഷിച്ചിരുന്ന അമ്മവീടുണ്ട്. അവിടെ ആകുലതകളേതുമില്ലാതെ കളിതമാശകളില്‍ മുഴുകിയിരുന്ന സമപ്രായക്കാര്‍. മധുരം നിറഞ്ഞ മാമ്പഴക്കാല്തിന്റെ ഓര്‍മയില്‍ കണ്ണീരിന്റെ ഉപ്പുരസവുമായി പെണ്‍കുട്ടി വന്നു നില്‍ക്കുന്നു.. ശ്രീകുട്ടി .. അയല്‍പക്കത്തെ കളിക്കൂട്ടുകാരി. എന്നെക്കാള്‍ ഒരു വയസ്സിനിളപ്പം. അപൂര്‍വ്വം കൈയില്‍ വരുന്ന നാണയത്തുട്ടുകള്‍ കൊണ്ട് ഞങ്ങള്‍ പങ്കിട്ടെടുത്ത നാരങ്ങമിട്ടായി നാവില്‍ നിറയുന്നുണ്ട് . നാട്ടുമാവില്‍ നിന്നും കാറ്റില്‍ പൊഴിയുന്ന മാമ്പഴങ്ങള്‍ക്ക് വേണ്ടി കൂട്ടുകാര്‍ മല്‍പിടുത്തം നടത്തുമ്പോള്‍ കൌശലപൂര്‍വ്വം അത് കൈക്കലാക്കി എനിക്ക് കൈമാറുന്ന കൌതുകം .. ഒരു വൈകുന്നേരം ആരോ പറഞ്ഞു അവള്‍ക്കു പനി ആയതുകൊണ്ട് കളിക്കാന്‍ വരുന്നില്ലെന്ന് . രാത്രി അമ്മയുടെ കൈയില്‍ നിന്നും ചോറുരുള വായിലാക്കുമ്പോള്‍ അവളുടെ അച്ഛന്‍ വന്നു അമ്മാമനെ വിളിച്ചു കൊണ്ട് പോകുന്നു . ഉറക്കം മൂടിയ കുഞ്ഞു കണ്‍പോളകളെ രാവേറെ ആയപ്പോള്‍ ഉണര്‍ത്തിയത് അടുത്ത വീട്ടിലെ ആര്‍ത്തനാദങ്ങള്‍ . അത്രയും പെട്ടെന്ന് അവള്‍ ഞങ്ങളില്‍ നിന്നും കണ്ണുകെട്ടി കളിച്ചു കളിച്ചു കാണാമറയത് പോയിരുന്നു . മരണം ഇത്രയും ക്ഷണികവും ദുര്‍ബലവും അഗാധവുമാനെന്നു അറിയുന്ന പ്രായമായിരുന്നില്ല അത്. എന്നിട്ടും, മാമ്പഴങ്ങള്‍ മൃദുലം പൊഴിയുന്ന നാട്ടുമാവിന്ചോട്ടില്‍ ഞാന്‍ വല്ലാതെ തനിച്ചായതറിഞ്ഞു . കൂട്ടുകാരില്‍ നിന്നും അടര്‍ത്തിയെടുത്തു ദ്രുതം എന്നിലേക്ക്‌ നീളുന്ന മധുരം ഇനിയില്ല .. പാതി മുറിച്ചു പങ്കിട്ട നാരങ്ങമിട്ടായി നിരന്തരം നീറുന്ന നേരായി ഇത്രയും കാലം നേര്‍ക്ക്‌ നേര്‍..


പെയ്തൊഴിഞ്ഞിട്ടും പിന്നെയും ഇറ്റുവീഴുന്ന മഴബാക്കി പോലെയാണ് ചില ഓര്‍മ്മകള്‍ . അരങ്ങൊഴിഞ്ഞിട്ടും അവരെ പറ്റിയുള്ള ചിന്തകള്‍ മനസ്സിന്റെ ചില്ലയില്‍.. ഇലചാര്‍ത്തില്‍.. മെല്ലെ മെല്ലെ ഇറ്റിറ്റു വീണുകൊണ്ടേ ഇരിക്കുന്നു . നീര്‍മണികളിലൊന്നായിരുന്നു ആദ്യത്തെ ആറു ക്ലാസ്സുകളില്‍ എനിക്കൊപ്പം പഠിച്ചിരുന്ന രാധ എന്നാ പെണ്‍കുട്ടി . വര്‍ഷങ്ങള്‍ക്കിപ്പുറവും വെളുത്ത മുഖത്തെ ദൈന്യം നിറയുന്ന മിഴികളും നിഷ്കളങ്കം വിരിയുന്ന ചെറുപുഞ്ചിരികളും ഞാനോര്തുവെയ്കാന്‍ കാരണമെതുമില്ലെങ്കിലും പലപ്പോഴും പഴയ ഓര്‍മകളില്‍ സ്വാസ്ഥ്യം കെടുന്നത്‌ ഞാന്‍ അറിയാറുണ്ട് . നന്നായി പഠിക്കുന്ന കുട്ടിയായിരുന്നു രാധ . യൂണിഫോം ഒന്നും ഇല്ലാതിരുന്ന കാലത്ത് നിറം മങ്ങിയ മുട്ടോളമെത്തുന്ന നീളന്‍ പാവടകളിലാണ് അവളുടെ ഓര്മചിത്രങ്ങള്‍ എന്നിലുള്ളതു . ഒരു പെരുമഴക്കാലത്ത് പുഴവെള്ളം നിറകവിഞോഴുകുന്ന കാഴ്ച കാണാന്‍ കൂട്ടുകാരനോടൊപ്പം പോയപ്പോഴാണ് അവളുടെ ഓല മേഞ്ഞ രണ്ടു മുറി കുഞ്ഞു വീട് കണ്ടത് . പുഴയിരംബം കാത് തോടുന്നത്രയും അരികെ . ഒരു പെരുമഴ കൂടി പിന്നിട്ടാല്‍ ഒരു പക്ഷെ വീടും പ്രളയത്തില്‍ ഒലിച്ചു പോകുമെന്ന് ഞാന്‍ ആകുലപ്പെട്ടു . വിമുഖത ഒന്നുമില്ലാതെ ചായ്പിലേക്ക് ഞങ്ങളെ വിളിച്ചു കയറ്റി , ഏതോ നാട്ടുവേലയ്കു പോയി അപ്പോള്‍ മടങ്ങി വന്ന അമ്മയുടെ കൈയില്‍ നിന്നും ചൂടുള്ളൊരു കട്ടന്‍ ചായയും തന്നാണ് അവള്‍ ഞങ്ങളെ അത്ബുതപെടുതിയത് . പിന്നെയും ആറേഴു മാസങ്ങള്‍ക്ക് ശേഷം ഒരു പരീക്ഷകാലത്ത് മരണം തീനാളമായ് അതിന്റെ എല്ലാ വന്യതയോടും കൂടി അവളെ വന്നു പൊതിഞ്ഞു . നേരം വൈകി പഠിക്കുകയായിരുന്ന അവളുടെ അന്നുടുത്തിരുന്ന നിറം മങ്ങിയ ഏതോ പാവാടയിലേക്ക് നിലത്തു വെച്ച മണ്ണെണ്ണവിളക്ക് തട്ടിമറിയുകയായിരുന്നു . രാവിലെ സ്കൂളില്‍ കേട്ടത് തീപോള്ളലെറ്റു അവള്‍ ആശുപത്രിയിലായെന്നാണ് . ഏതാണ്ട് മുഴുവനും കത്തിക്കരിഞ്ഞുപോയ ഉടലില്‍ നിന്നും മണിക്കൂറുകള്‍ക്കകം ശേഷിച്ച ശ്വാസവും തോര്ന്നുപോയി . മൃദശരീരം കാണാന്‍ മൂകം നിരനിരയായ് ഞങ്ങള്‍ സഹപാഠികള്‍ കുഞ്ഞുവീട്ടിലെത്തുമ്പോള്‍ കഴിഞ്ഞ പെരുമഴക്കാലം മുഴുവന്‍ എന്റെ ഉള്ളില്‍ കോരിച്ചൊരിയുകയായിരുന്നു .. ആര്ത്തലച്ചുവരുന്ന ശബ്ദവീചികള്‍ പുഴയിരമ്പമല്ല .. അതവളുടെ അമ്മയുടെ അണപൊട്ടിയോഴുകുന്ന ആത്മനൊമ്പരങ്ങളായിരുന്നു .. ഉറക്കം കെടുത്തുന്ന പരീക്ഷകളെഴുതാന്‍ ഇനി രാധയ്ക് മണ്ണെണ്ണവിളക്കിന്റെ അരിച്ച വെളിച്ചത്തില്‍ കൂനിയിരിക്കേണ്ടെന്നു വെറുതെ .. വെറുതെ ഞാന്‍ ആശ്വസിച്ചു ..


അബ്ദുള്‍ ഖാദര്‍ ഞങ്ങളുടെ നാട്ടില്‍ വന്നത് മദ്രസ അധ്യാപകനായാണ്. മലപ്പുറത്തെവിടെയോ ഉള്ള ഒരു കുഗ്രാമത്തില്‍ നിന്നും ഞങ്ങളുടെ നാട്ടിലെത്തിയ ചെറുപ്പക്കാരന്‍ മത പണ്ഡിതരുടെ സാമ്പ്രദായിക രൂപഭാവങ്ങളില്‍ നിന്നും പരമ്പരാഗത കെട്ടുപാടുകളില്‍ നിന്നും വേറിട്ട്‌ നിന്നിരുന്നു . ഞാനയാളെ ശ്രദ്ധിക്കുന്നതും പരിചയപെടുന്നതും ഞങ്ങളുടെ നാടിന്പുറത്തെ സാഹിത്യസമ്പന്നമാക്കിയിരുന്ന ലൈബ്രറിയില്‍ വെച്ചായിരുന്നു . വായനയുടെ ഭ്രാന്തു എറ്റവുമേറിയിരുന്ന എന്റെ കാലത്ത് സമാനസ്വഭാവക്കാരോട് അടുക്കാനും എനിക്കറിയാത്ത പുതിയ എഴുത്തുകാരുടെ രചനകളെ പടി അറിയാനും സമയം കണ്ടെത്തിയിരുന്ന കാലത്താണ് അബ്ദുള്‍ ഖാദര്‍ വായനമുറിയിലേക്ക്‌ എം എസിന്റെകേരളം മലയാളികളുടെ മാതൃഭൂമിയുമായി വന്നു കയറിയത് . ഖുറാനും ഇസ്ലാമിക ആത്മീയതയും അടക്കം ചെയ്യേണ്ട കൈകളില്‍ എം എസും ഇടതുപക്ഷ ചിന്തകളുടെ അക്ഷരക്കൂട്ടങ്ങളും ... അത് തന്നെയാകാം അയാളെ വ്യത്യസ്തനാകിയതും . അടുത്തറിഞ്ഞപ്പോള്‍ മനസിലായി സൂര്യന് താഴെയുള്ള ഏകദേശ കാര്യങ്ങളിലും സ്വന്തമായ അഭിപ്രായവും ചിന്തകളും വെച്ച് പുലര്‍ത്തുന്ന ഒരു യുവാവാണ് അബ്ദുള്‍ ഖാദര്‍ എന്ന് . ഇടതുപക്ഷ ആശയങ്ങളോട് അനുഭാവമില്ലാതിരുന്നിട്ടും എം എസ് എന്ത് പറയുന്നു എന്നറിയാനുള്ള ആകാംക്ഷയായിരുന്നു അന്ന് അയാളുടെ കൈയില്‍ കണ്ടത്. ചിന്തകളില്‍ പലപ്പോഴും രണ്ടു ധ്രുവ ങ്ങളില്‍ നില്കുമ്പോഴും ഏതൊക്കെയോ അദൃശ്യരേഖകളില്‍ എന്റെയും അയാളുടെയും രീതികള്‍ ഒരേ നൂല്പാലത്തിലൂടെ നീങ്ങുന്നത്‌ ഞാനറിയാരുണ്ടായിരുന്നു . വാദിച്ചും ജയിച്ചും തോറ്റും കടന്നുപോയ കുറെ സമ്പന്നദിനങ്ങള്‍ .. രണ്ടു മാസം കൂടുമ്പോള്‍ നാലോ അഞ്ചോ ദിനങ്ങള്‍ നാട്ടില്‍ പോയി വന്നിരുന്ന അബ്ദുള്‍ ഖാദര്‍ അത്തവണ മടങ്ങി വന്നില്ല . ഒരാഴ്ചയ്ക് ശേഷമാണ് അയാളിനി മടക്കയാത്രകളില്ലാത്ത മേഘലോകത്തേക്ക് നബിവചനങ്ങളും ചെഗുവേരസൂക്തങ്ങളുമായി പറഞ്ഞയക്കപെട്ടുവെന്നു ഞാനറിയുന്നത്. കൂടുതല്‍ കാര്യങ്ങള്‍ പിന്നീട് മനസിലായി . മതങ്ങളുടെ ഉപജാതികള്‍ തമ്മിലെ ഏതോ അര്‍ത്ഥരഹിതമായ പോരാട്ടത്തിനിടയില്‍ അകപ്പെട്ടുപോയ ഒരനാഥന്റെ നിസ്സഹായമുഖം.. റോഡരുകില്‍ മരിച്ചു കിടന്ന അബ്ദുള്‍ ഖാദരുടെ ശരീരം പിറ്റേന്ന് കാണുമ്പോള്‍ തലയില്‍ അഞ്ചു ഇഞ്ച് ആഴത്തില്‍ കൂര്‍ത്ത ഇരുമ്പ് കമ്പി കുത്തിക്കയറ്റിയിട്ടുണ്ടായിരുന്നുവത്രേ . അനാഥബാല്യത്തിന്റെ അവഗണനകള്‍ നിറഞ്ഞ പൊതുവഴികളിലൂടെ ആരുടെയോകെയോ കാരുണ്യത്തില്‍ യതീം ഖാനയിലെ പ്രാര്‍ഥനാ നിര്‍ഭരമായ അകത്തളങ്ങള്‍ പിന്നിട്ടും ആകുലമായ അപഹര്‍ഷ ചിന്തകളെ അതിജീവിച്ചും , ഒടുവിലതേ പഴയ പൊതുവഴിയില്‍ ആരുമില്ലാതെ ചോരവട്ടത്തില്‍ ചോര്‍ന്നു പോയൊരു ജീവിതം .. അധിനിവേശങ്ങള്‍ അതിജീവിക്കാനുള്ള കെല്പു കെട്ടുപോയ ദേശാന്തരങ്ങളിലെ ജനതയുടെ കഴിവുകേടില്‍ നനയുന്നൊരു മനസുള്ള അയാളുടെ ദുരന്തത്തില്‍ ആരെങ്കിലും ഒരിറ്റു കണ്ണീര്‍ വീഴ്ത്തിയിരിക്കുമോ? കാലങ്ങള്‍ക്കിപ്പുറവും കുറ്റിത്തലമുടിയില്‍ വിരലോടിച്ചു വലിയ കാര്യങ്ങള്‍ ചിന്തിക്കുന്ന ചെറിയ മനുഷ്യന്‍ ലളിതമായി ശാന്തനായ് എന്നോട് തര്‍ക്കത്തില്‍ ഏര്‍പ്പെട്ടുകൊണ്ടിരിക്കുന്നു..

3 comments:

ratheesh said...

കൊള്ളാം നന്നായിട്ടുണ്ട് ..................എവിടെയൊക്കയോ നഷ്ടപ്പെട്ട് പോയ കുറെ ഓര്‍മ്മകള്‍ തിരിച്ചെത്തുന്നു ..........
ഓര്‍ക്കാന്‍ ഇഷ്ടമില്ലത്തതാന്നെങ്കിലും .......................""ഒടുവിലതേ പഴയ പൊതുവഴിയില്‍ ആരുമില്ലാതെ ചോരവട്ടത്തില്‍ ചോര്‍ന്നു പോയൊരു ജീവിതം "
ബുദ്ധിയില്ലാത്ത ബുദ്ധിമാന്മാരുടെ കേരളത്തില്‍ ഇന്നും എന്നും സംഭവിച്ചു കൊണ്ടിരിക്കുന്ന ഒരു മറയില്ലാത്ത സത്യം....

swaram said...

നഷ്ടങ്ങള്‍, ഒരുതരത്തില്‍ ഓര്‍മ്മപ്പെടുത്തലുകളാണ്... ജീവിതത്തിന്റെ വെപ്രാളപ്പാച്ചിലില്‍ കണ്ടിട്ടും കാണാതെ പോകുന്ന പലതിനെക്കുറിച്ചും. വേദനകള്‍മാത്രം ബാക്കിയാക്കി പോകുന്നവര്‍ ഒരു വല്ലാത്ത നോമ്പരമായി നമ്മളെ പിന്തുടര്‍ന്നുകൊണ്ടേയിരിക്കും...ഈ എഴുത്ത് എന്തൊക്കെയോ പിന്നെയും ബാക്കിയാക്കുന്നു...മനസ്സിനു ഭാരം കൂടുന്ന പോലെ...നന്നായിരിക്കുന്നു

Ramesh Kumar said...

നനവാര്‍ന്ന സ്നേഹവും ആര്‍ദ്രമാം പ്രണയവും എന്നും ഹൃദയത്തിലെ തുടിക്കുന്ന നൊമ്പരങ്ങള്‍ആയിരിക്കും... നമ്മെ ഓരോ നിമിഷത്തിലും ജീവിക്കുവാന്‍ പ്രേരിപ്പിക്കുന്ന നിമിഷങ്ങളുടെ ജീവസുറ്റ സ്മരണകള്‍..... ധന്യം ഈ ഏകാന്ത നിമിഷങ്ങള്‍ ......... ഒരായിരം സ്നേഹാശംസകള്‍.... ഓര്‍മ്മകള്‍ വഴിവിളക്കുകളാവട്ടെ.....