Friday, December 2, 2011

ഓര്‍മകളുടെ സംഗീതം.

ഓര്‍മകളുടെ സംഗീതം.

ചില പാട്ടുകള്‍ പിന്നിട്ട ജീവിതത്തിന്റെ നാള്‍വഴികളെ കുറിച്ചുള്ള ഓര്മപ്പെടുത്തലായി മാറിയത് കൌതുകത്തോടെ ഓര്‍ക്കുകയായിരുന്നു. ഓര്‍മകള്‍ക്ക് സുഗന്ധമുണ്ടെന്നു പറയുന്നത് പോലെ അവയ്ക്ക് ഇടയ്ക്കൊക്കെ പശ്ചാത്തല സംഗീതവും ഉണ്ടെന്നു പറയേണ്ടി വരുന്നു.

രണ്ടാം ക്ലാസിലോ മറ്റോ പഠിക്കുമ്പോള്‍ ആണെന്നു തോന്നുന്നു വീട്ടില്‍ ഒരു റേഡിയോ വാങ്ങുന്നത്. ആ കാലത്തെ പരിമിതമായ ഗാനാസ്വാദന ചുറ്റുപാടില്‍ അപൂര്‍വമായ കേള്‍വി കൊണ്ടാണെങ്കിലും ഉള്ളില്‍ ഉറച്ചൊരു ഗാനം 'പാവാട വേണം മേലാട വേണം' എന്ന 'അങ്ങാടി'യിലെ പാട്ടായിരുന്നു. റേഡിയോ കിട്ടിയ ഉടന്‍ ആ പാട്ട് വെച്ചു തരാന്‍ അച്ഛനോട് അറിവില്ലാതെ ശാട്യം പിടിച്ചതോര്‍മയുണ്ട്. പിന്നെയെപ്പോഴോ, വീടിരിക്കുന്ന പറമ്പിന്റെ അകലെയൊരു കോണില്‍ കൂട്ടുകാരോത്തുള്ള കളികളില്‍ വ്യാപൃതനായ ഒരു നട്ടുച്ച നേരത്ത് അച്ഛന്‍ ഓടിക്കിതച്ചു വരുന്നു. മോന് ഇഷ്ട്ടപെട്ട പാട്ട് റേഡിയോയില്‍ വന്നിട്ടുണ്ടെന്ന് അച്ഛന്‍ പറഞ്ഞതും വീട്ടിലേക്കു ഓടി അവസാനത്തെ കുറെ ഭാഗം കേട്ടു. ഇപ്പോഴും ഈ മരുഭൂമിയില്‍ പലവിധ മാനസികാവസ്ഥയില്‍ കാറില്‍ സഞ്ചരിക്കുമ്പോള്‍ വിവിധ മലയാളം റേഡിയോ ചാനലുകളില്‍ പഴയ പാട്ടുകളുടെ കൂട്ടത്തില്‍ 'പാവാട വേണം..' ഇടയ്ക്കൊക്കെ കേള്‍ക്കും. ദുശാട്യക്കാരനായ ഒരേഴുവയസ്സുകാരന്റെ മുന്നിലേക്ക്‌, അവന്റെ ചപലവാശികളുടെ സഫലതയിലേക്ക് ധൃതിപിടിച്ചണയുന്ന പ്രിയതരമായൊരു പിതൃസാന്നിധ്യം പിന്നെയുമോരോ തവണയും കൊതിപിടിച്ചറിയും. (കൂട്ടത്തില്‍ പറയട്ടെ, അച്ഛനെയും അമ്മയെയും കാണാന്‍ നാട്ടിലേക്കുള്ള യാത്രയ്ക്ക് ദിവസങ്ങള്‍ മാത്രം ബാക്കി എന്നത് മോഹനമായൊരു കാത്തിരിപ്പ്!)

എപ്പോള്‍ കേട്ടാലും എസ് എസ് എല്‍ സി പരീക്ഷാകാലത്തെ ഓര്‍മ്മപ്പെടുത്തുന്ന പാട്ടുകളാണ് 'ഏയ്‌ ഓട്ടോ' യിലേതു. ആ സമയത്തെ ഹിറ്റ് പാട്ടുകളായ അവ സമാധാനത്തോടെ ആസ്വദിക്കാന്‍ പരീക്ഷപ്പനി കാരണം കഴിഞ്ഞിരുന്നില്ല. അവസാനത്തെ മേത്സ് പരീക്ഷ കഴിഞ്ഞു ആശ്വ്വാസ നിശ്വാസത്തോടെ വീട്ടിലേക്കു മടങ്ങുന്ന നൂറുകണക്കിന് കുട്ടികള്‍ നോട്ട് ബൂകിലെ കടലാസുകളോന്നാകെ റോഡില്‍ കീറി എറിഞ്ഞു കാറ്റില്‍ പറത്തി നടന്നു നീങ്ങുന്ന ദൃശ്യങ്ങള്‍.. അതിനൊടുവില്‍ വീട്ടിലെത്തി, അതുവരെ സ്വസ്ഥത നശിപ്പിച്ച പരീക്ഷകളെ പ്രാകിയും സ്കൂള്‍ ജീവിതത്തില്‍ ഉറക്കം കെടുത്തിയ കുറെ സുന്ദരികളെ ഓര്‍ത്ത്‌ പരവശപ്പെട്ടും മുഴുവന്‍ വോള്യത്തില്‍ സ്റ്റീരിയോ ഓണ്‍ ചെയ്തു.. 'സുന്ദരീ സുന്ദരീ ഒന്നൊരുങ്ങിവാ!...'

നാട്ടില്‍ ഡിഗ്രി കാലത്ത് പോക്കറ്റ് മണിക്കു വേണ്ടി വീഡിയോഗ്രാഫരായി ജോലി ചെയ്തിരുന്ന കാലത്തെ ഓര്‍മ്മപ്പെടുത്തിക്കൊണ്ട് ഒരു കൂട്ടം പാട്ടുകള്‍ ഇടയ്ക്കിടെ കാതിലും മനസ്സിലും മെല്ലെയെത്തും. പവിത്രത്തിലെ 'ശ്രീ രാഗമോ..', മാന്ത്രികത്തിലെ 'മോഹിക്കും നീര്മിഴിയോടെ..' അഗ്നിദേവനിലെ 'നിലാവിന്റെ നീലഭസ്മകുറിയണിഞ്ഞവളെ..', കിന്നരിപ്പുഴയോരത്തിലെ 'രാഗഹേമന്ദസന്ധ്യ പൂക്കുന്ന രാമണീയകം കണ്ടു ഞാന്‍..'. ഇവയൊക്കെ സംഭവബഹുലമായ ആ കാലഘട്ടത്തിന്റെ ശ്രുതി ചേര്‍ന്ന ഓര്മഗീതകങ്ങളാണ്. കല്യാണ കേസറ്റിന്റെ ആദ്യഭാഗത്തു കാണുന്ന യുവമിധുനങ്ങളുടെ ഔട്ട്‌ഡോര്‍ ദൃശ്യങ്ങളുടെ പശ്ചാത്തല ഗാനങ്ങള്‍ ഇവയൊക്കെ ആയിരുന്നു ആ കാലത്ത്. ഇവ കേള്‍ക്കുന്ന മാത്രയില്‍ ഒരു വീഡിയോ ദൃശ്യങ്ങള്‍ പോലെ ഓര്‍മയില്‍ സ്ക്രോള്‍ ചെയ്യുന്ന ക്ളിപ്പിങ്ങ്സ്...

കേസറ്റിന്റെ ആ ഭാഗം എഡിറ്റ് ചെയ്യാന്‍ കണ്ണൂര്‍ തെക്കി ബസാറിലെ ഭാസിയുടെ സ്റ്റുഡിയോയില്‍ ചെലവഴിച്ച രാത്രികള്‍.. അര്‍ദ്ധരാത്രി കഴിഞ്ഞാലും തിരക്കൊഴിയാത്ത സ്റ്റുഡിയോയിലെ കാത്തിരിപ്പിനെ മറികടക്കാന്‍ യാത്രിനിവാസില്‍ പോയി വാങ്ങിച്ച കിംഗ്‌ഫിഷറും കല്യാണിയും ചിക്കന്‍ വറുത്തതും. കാല്‍ടെക്സ് ജങ്ക്ഷനിലെ തട്ടുകടകളില്‍ രാത്രി രണ്ടു മണിക്ക് ശേഷം കിട്ടുന്ന ഓംലെറ്റും പുട്ടും ദോശയും കടലക്കറിയും കോഴിക്കാലും.. കല്യാണ ചെറുക്കനേയും പെണ്ണിനേയും കൊണ്ട് ധര്‍മ്മടം ബീച്ചിലോ മുഴപ്പിലങ്ങാടോ പഴശി ഡാമിലോ വെച്ച് ചെയ്യിപ്പിച്ച കോപ്രായങ്ങള്‍ നിരവധി ടി വി കളില്‍ തെളിയുന്നതും നിര്‍ദേശങ്ങള്‍ക്കനുസരിച്ചു ഉറക്കച്ചടവോടെ, ചിലപ്പോഴൊക്കെ തെറിവിളിയോട് കൂടിയും ഭാസി മിക്സ് ചെയ്യുന്നതും നോക്കിയിരിക്കെ നേര്‍ത്ത നനവാര്‍ന്ന ലഹരിയില്‍ ആ പാട്ടുകള്‍ വീണ്ടും വീണ്ടും കേട്ടു ഹൃദിസ്ഥമാകും.

അവിടെ മുള പൊട്ടിയ ഹൃദ്യമായ സൌഹൃദങ്ങളൊക്കെ കാലപ്പഴക്കത്തില്‍ പുരാവസ്തുക്കളായി മാറിപോയിരിക്കുന്നു. മഞ്ജു വാര്യരുടെ അയല്കാരനായിരുന്ന ഭാസി എവിടെയാണിപ്പോള്‍? 'തേന്മാവിന്‍ കൊമ്പത്തിന്റെ' കഥ എഴുതിയ നിര്‍മല്‍ ചേട്ടന്‍ എന്ത് ചെയ്യുന്നു? ജോണ്സന്‍ സൌദിയില്‍. പേര് പോലും മാഞ്ഞു പോയ ഒരുപാട് സഹപ്രവര്‍ത്തകര്‍.. ബിന്നി മാത്രം ഒരു ഫോണ്‍ കോളിനപ്പുറം എപ്പോഴുമുണ്ട്. ഗ്ളോഡി അമിത മദ്യപാനത്തിന്റെ പിടിയില്‍ പെട്ട് മരിചെന്നറിഞ്ഞു.. പ്രിയതരമായ പാട്ടുകളുടെ തെളിവാര്‍ന്ന ഓര്‍മകളില്‍ പക്ഷെ ഈ മുഖങ്ങളും മുറിവുകളും മറവിയുടെ, മൌനത്തിന്റെ, മരണത്തിന്റെ മഹാനദികള്‍ മറികടക്കുന്നു.

No comments: