Sunday, August 8, 2010

ചിരി ചൊരിയും ചില ചരിതങ്ങള്‍

പ്രവാസിയുടെ ദൈനംദിന ജീവിതം കടന്നു പോകുന്നത് ഓര്‍മകളുടെ പിന്ബലത്തിലാണ്. മണലാരണ്യത്തില്‍ വര്‍ഷങ്ങള്‍ ജീവിതം ഉഷ്ണിച്ചു തീര്‍ത്തവര്‍ക്ക് പോലും ഓര്മകളെന്നത് കാലങ്ങള്‍ക്കപ്പുറം കടല് കടന്ന ആ ഒരു ദിനത്തിനും പുറകിലുള്ളതാണ്. ഗള്‍ഫ് ജീവിതത്തിലെ മടുപ്പിക്കുന്ന നൈരന്തര്യം അനുഭവങ്ങളുടെ ആര്‍ദ്രപ്രതലം പോലും തരിശുഭൂമിയാക്കി മാറ്റുന്നു. ചെറിയൊരു ശതമാനം പ്രവാസികളെ മാറ്റി നിര്‍ത്തിയാല്‍ ഭൂരിപക്ഷത്തിനും പ്രസാദാത്മകമായ നന്മകളുടെ അനുഭവഭാക്കാകാന്‍ കഴിയാറില്ലെന്നതാണ് വാസ്തവം. അതുകൊണ്ട് തന്നെയാണ് ഒത്തുകൂടാന്‍ കിട്ടുന്ന അപൂര്‍വ്വം വേളകളില്‍ ഓരോരുത്തരും പഴയ നാട്ടുവഴികളുടെ നനവിലേക്കും കാമ്പസിന്റെ കൌതുകങ്ങളിലെക്കും വായനശാലകളിലെ സായന്തനങ്ങളിലേക്കും പിന്നെയും പിന്നെയും മടങ്ങിപ്പോകുന്നത്‌. കൊര്‍പ്പരെറ്റ് ലോകത്തിന്റെ ജാഡശാട്യങ്ങളില്ലാതെ നിഷ്കളങ്കമായ ഗൃഹാതുരത്വത്തിലെക്കും നിര്‍ലോഭമായ നര്മങ്ങളിലേക്കും നിരന്തരം സഞ്ചരിക്കുന്ന ഒരു ശരാശരി പ്രവാസിയുടെ പഴഞ്ചന്‍ ഓര്‍മ്മകള്‍ എന്നെയും വലയം ചെയ്തു എപ്പോഴുമുണ്ട്. ചിന്തകളില്‍ ചിരി ബാക്കിവെച്ചു പോയ ചില "ചരിത്ര സംഭവങ്ങള്‍" വെറുതെ കുത്തിക്കുറിക്കുന്നു..



ഈ പറയുന്നത് എന്റെ കാഞ്ഞങ്ങാട്ടുകാരന്‍ കൂട്ടുകാരന്‍ കൈമാറിയ ഒരു സംഭവകഥയാണു. ചില്ലറ അശ്ലീലം പോലെ തോന്നുമെങ്കിലും മലയാളിയുടെ മാത്രമായ ഒരു വിചിത്രവിചാരധാര അത് വിവരിക്കുന്നുവെന്നു തോന്നുന്നു. സദാചാരവാദികള്‍ സദയം ക്ഷമിക്കുക.



സ്ഥലം കാഞ്ഞങ്ങാട്. കാലം ചുരുങ്ങിയത് ഒരു പതിനഞ്ചു വര്‍ഷമെങ്കിലും പഴക്കം. സ്ഥലത്തെ പ്രമുഖ വ്യാപാര സ്ഥാപനം ഒരു ജ്വല്ലറി കൂടി തുറക്കാന്‍ ഒരുങ്ങുന്നു. അന്നത്തെ പ്രമുഖ ചലച്ചിത്ര നടി ശിവകാമി ആണ് റിബണ്‍ മുറിക്കുന്നത്. തമിഴിലെ നിത്യപ്രണയനായകനോടോത്തൊക്കെ അഭിനയിച്ചു പ്രശസ്തിയുടെ കൊടുമുടിയില്‍ നില്‍ക്കുന്ന സമയത്താണ് നടിയുടെ നഗര സന്ദര്ശനം. നാട്ടുകാര്‍ ആ സുദിനത്തിന് വേണ്ടി കാത്തിരുന്നു. ഒടുവില്‍ മംഗലാപുരത്തു നിന്നും റോഡ്‌ മാര്‍ഗം നഗരത്തില്‍ പുലര്‍ച്ചെ എത്തിയ നടിക്കു നഗരത്തിലെ കിട്ടാവുന്ന മുന്തിയ ഹോട്ടലില്‍ റൂമെടുത്തു കൊടുത്ത് സംഘാടകര്‍ ഒന്‍പതുമണിക്കുള്ള ഉദ്ഘാടനത്തിനുള്ള ഒരുക്കത്തിനായ് തിരക്കിലേക്ക് മടങ്ങി. ശിവകാമി ശേഷിച്ച ക്ഷീണം കൂടി ഉറങ്ങിത്തീര്‍ത്തു കുളി തേവാ രങ്ങള്‍ക്ക് ശേഷം ജ്വല്ലറിയിലെത്തി ഉദ്ഘാടിച്ചു മടങ്ങിപ്പോയി.



കാഞ്ഞങ്ങാടിനെ ഇളക്കിമറിച്ച ചരിത്രസംഭവം ഉണ്ടാകുന്നത് നടി മടങ്ങി പോയതിനു ശേഷമാണ്. ശിവകാമിയുടെ മുറി വൃത്തിയാക്കാന്‍ പോയ ക്ലീനിംഗ് ബോയ്‌, ആണ് എത്രയോ ചെറുപ്പക്കാരുടെ ഉറക്കം കെടുത്തിയ ആ ഉടലില്‍ നിന്നും ഊരിയിട്ട ഒരു അടിവസ്ത്രം ബാത്ത് റൂമിലെ ഹേങ്ങരില്‍ അനാഥമായി അവശേഷിക്കുന്നത് കണ്ടത്. തിരക്കിനിടയില്‍ ശിവകാമി എടുക്കാന്‍ മറന്നതായിരുന്നു അത്. ദിവ്യവും പാവനവുമായ ഒരു കാഴ്ച്ചയുടെ സകലമാന അനുഭൂതികളോടും കൂടി സഹപ്രവര്‍ത്തകരെ ആ വിശേഷം അറിയിക്കാന്‍ അവനോടി. വര്‍ത്തമാനം കൈമാറി കൈമാറി ആ നാട് മുഴുവന്‍ "സംഗതി" അറിഞ്ഞു. പിന്നെ കാണുന്നത് അതുവരെയും അത്രയൊന്നും ആള്സഞാരമില്ലാതിരുന്ന ആ ഹോടെലിലേക്ക് നാട്ടുകാരുടെ പ്രവാഹമായിരുന്നുവത്രേ. നാട്ടുകാര്‍ വരി വരി ആയി ആ മുറിയില്‍ എത്തിനോക്കി നിഗൂഡമായ ഒരാനന്ദ ത്തോടെ മടങ്ങി വരുമ്പോള്‍ പുതിയ ആളുകള്‍ കേട്ടറിഞ്ഞു അവിടേക്ക് എത്തിക്കൊണ്ടിരിക്കുന്നുണ്ടായിരുന്നു. ലോഡ്ജുമുറിയില്‍ അപമൃത്യു വരിച്ച ജഡത്തെ കാണാനെന്ന പോലെ അനസ്യൂതം പ്രവഹിച്ച ജനത്തിന്റെ വരവ് നിലച്ചത് ശിവകാമിയുടെ അടിവസ്ത്രം ഹോടെലധികൃതര്‍ എങ്ങോട്ടോ മാറ്റിയതിനു ശേഷം മാത്രമായിരുന്നു!



വിചിത്രമായ ഭാവനകളുടെ വികൃതികളിലൂടെ ഇക്കിളി പൂണ്ടു രസിക്കുന്ന ഒരു ജനതയുടെ ചിരിപ്പിക്കുന്നൊരു രൂപകമാണിതെന്നു തോന്നുന്നു. എത്രയോ കാലം ഇതോര്‍ത്ത് ഞാന്‍ ചിരിച്ചിട്ടുണ്ട്. കുളിമുറിയില്‍ ഇളകിയാടുന്ന ലോലമായൊരു അടിവസ്ത്രവും ആസക്തി ഒളിച്ചു വെച്ച് അത് കാണാന്‍ അനുസരണയോടെ ക്യു നില്‍ക്കുന്നൊരു ആള്‍ക്കൂട്ടവും ഭാവനയില്‍ സൃഷ്ടിച്ചു നോക്കൂ.. നിങ്ങളും ചിരിക്കും. ഇതൊന്നുമറിയാതെ പാവം ശിവകാമി അടുത്ത ലോകെഷന്‍ ലക്ഷ്യമാക്കി യാത്ര ചെയ്യുമ്പോള്‍ അവരുടെ ഒരു സ്ഥാവരജംഗമാവസ്തു ഇവിടെയൊരു നാട്ടില്‍ ക്രമസമാധാനപ്രശ്നമായി അലങ്കോലപ്പെട്ടു തൂങ്ങിയാടുകയായിരുന്നു!



..........................................................................................................................................................



പെണ്ണുകാണല്‍ ചടങ്ങു ഒരുപാട് തമാശകള്‍ക്ക് സ്കോപ്പുള്ള ഒരേര്‍പ്പാടാണ്. സ്വയം ഒരു പെണ്ണുകാണല്‍ ചടങ്ങിലെ നായകനാകാന്‍ കഴിയാതെ പോയ ലേശം നഷ്ടബോധമോക്കെ അതുകൊണ്ടുതന്നെ ഉള്ളില്‍ കൊണ്ട് നടക്കുന്നുമുണ്ട്. എന്റെ ചേച്ചിയെ പെണ്ണുകാണാന്‍ വന്നിരുന്ന ചെറുപ്പക്കാരുടെ വിറയും വേവലാതിയും പൂണ്ട മുഖങ്ങള്‍ ഓര്‍മയിലുണ്ട്. അതിനുശേഷം ഒരു കൂട്ടുകാരന് വേണ്ടി പെണ്ണ് കാണാന്‍ ഞങ്ങള്‍ കുറച്ചു ചെറുപ്പക്കാര്‍ വിനോദയാത്ര നടത്തിയ സംഭവം പലപ്പോഴും ചിന്തകളില്‍ ചിരി തീര്‍ക്കുന്നതായിരുന്നു. അതൊരു മകരമാസത്തില്‍, ശബരിമല തീര്‍ഥാടന കാലമായിരുന്നു. വടകരയിലെ ഒരു ഉള്‍നാടന്‍ ഗ്രാമത്തില്‍ ആണ് പെണ്ണിന്റെ വീട്. സുഹൃത്തിന്റെ അമ്ബാസിടെര്‍ കാറില്‍ ഏഴു പേര്‍ തിക്കിനിരചിരുന്നു ഒരുവിധം വഴിയൊക്കെ തേടിപ്പിടിച്ചു അവിടെയെത്തി. പെണ്‍കുട്ടിയുടെ അച്ഛന്‍ കറുത്ത മുണ്ടുടുത്ത് താടിയൊക്കെ വെച്ച് ശബരിമല യിലേക്ക് പോകാനുള്ള വ്രതത്തിലാണ്. മാന്യമായി സ്വീകരിച്ചിരുത്തി ഞങ്ങളോട് വിശേഷങ്ങളൊക്കെ അച്ഛന്‍ ചോദിക്കാന്‍ തുടങ്ങി. ഞങ്ങളുടെ കൂട്ടത്തില്‍ ഏറ്റവും മുതിര്‍ന്ന സിദ്ധാര്‍ഥന്‍ ആണ് ആധികാരികമായി കാര്യങ്ങളൊക്കെ സംസാരിക്കുന്നത്. മുതിര്‍ന്നതെന്ന് പറഞ്ഞാല്‍ മുതുക്കനോന്നുമല്ല. കഷ്ടിച്ച് ഒരു മുപ്പതു വയസ്സ് കാണും. കൂട്ടത്തില്‍ ആരും കല്യാണം കഴിച്ചിട്ടുള്ളതല്ല. സിദ്ധാര്‍ഥന്‍ തന്റെ ലോകവിവരവും കാര്യപ്രാപ്തിയും പെണ്ണിന്റെ അച്ഛനെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ മുഴുവനായും അറിയിക്കാനുള്ള യത്നത്തിലാണ്. സമയം വെറുതെ പോകുന്നത് കണ്ട ആരോ മെല്ലെ പെണ്ണിനെ കണ്ടില്ലല്ലോ എന്ന് ഓര്‍മ്മിപ്പിച്ചു. ആ ചോദ്യത്തിന് വേണ്ടി കാത്തിരിക്കയായിരുന്ന പിതാവ് താന്‍ ശബരിമല വൃതതിലായത് കൊണ്ട് പെണ്‍കുട്ടി തൊട്ടപ്പുറത്തുള്ള തന്റെ അനുജന്റെ വീട്ടിലാനുള്ളതെന്നു നമ്മളെ അറിയിച്ചു. സിദ്ധാര്‍ഥനൊഴികേ ബാക്കി എല്ലാവര്ക്കും കാര്യം മനസ്സിലായി. ലോകവിവരമേറെ ഉണ്ടെങ്കിലും സിദ്ധാര്‍ഥന്റെ കാര്യവിവരം വളരെ പരിമിതമായിരുന്നു എന്ന് അന്ന് മനസ്സിലായത്‌, അയാള്‍ പെണ്‍കുട്ടിയോട് വരാന്‍ പറഞ്ഞോളൂ എന്ന് അച്ഛനോട് അഭ്യര്‍ഥിച്ചപ്പോഴാണ്. താനിവിടെ സ്വാമിയായത് കാരണമാണ് മകള്‍ക്ക് തല്‍കാലം ഇങ്ങോട്ട് വരാന്‍ പറ്റാത്തത്. ഒന്നവിടം വരെ പോയി കാണാം എന്നയാള്‍ മറുപടി പറഞ്ഞപോഴും അതൊക്കെ ബുദ്ധിമുട്ടല്ലേ, കുട്ടിയോട് ഇവിടെ വരെ വരാന്പറഞ്ഞുകൂടെ എന്ന് സിദ്ധാര്‍ഥന്‍ പിടിമുറുക്കി. കൂട്ടത്തിലൊരാള്‍ മേശയ്ക്കടിയില്‍ വെച്ച് കാലമര്‍ത്തി ചവിട്ടിയിട്ടും പുള്ളിയ്ക്ക് കാര്യം മനസ്സിലായില്ല. ആ നിര്‍ണ്ണായകസമയത് കൂടെ ഉള്ള മറ്റൊരാള്‍ കയറി രംഗത്തിന്റെ നിയന്ത്രണം ഏറ്റെടുത്തു. പെണ്‍കുട്ടിയെ അവിടെ പോയി കാണാമെന്നു പറഞ്ഞു കാര്യങ്ങള്‍ അധികം കുഴയാതെ രക്ഷപ്പെടുത്തി. പെണ്ണ് കണ്ടു ചായയും കുടിച്ചു കാറില്‍ കയറിയ ഞങ്ങള്‍ സിദ്ധാര്‍ത്ഥനെ തല്ലിക്കൊല്ലാനുള്ള ആവെശത്തോടെ അവനു മേല്‍ ചാടി വീണു!



കൂടെ ജോലി ചെയ്യുന്ന തൃശ്ശൂര്‍ സ്വദേശി സുഹൃത്ത് പറഞ്ഞ രണ്ടു പെണ്ണ് കാണല്‍ സന്ദര്‍ഭങ്ങള്‍ കൂടി ഓര്‍മയില്‍ വരുന്നു. ഒന്ന്, കാര്യമായിട്ടൊന്നുമില്ല; കാണാന്‍ പോയ ചെറുക്കന്‍ അകത്തു നിന്നും പെണ്ണിറങ്ങി വന്നപ്പോള്‍ വെപ്രാളത്തില്‍ അറിയാതെ എഴുന്നേറ്റു നിന്ന് ബഹുമാനം പ്രകടിപ്പിച്ചു പോയത്രേ. മറ്റൊരു പുള്ളി പെണ്ണിനോട് ചോദിക്കാനുള്ള ചോദ്യങ്ങളൊക്കെ പ്രിപയെര്‍ ചെയ്തിട്ട് പോയതായിരുന്നു. പെണ്‍വീട്ടിലെ ചടങ്ങിലെ വേവലാതിയില്‍ എല്ലാം തകിടം മറിഞ്ഞു വാക്കുകള്‍ മുറിഞ്ഞു. പേരെന്താണ്?.. അവളുത്തരം പറഞ്ഞു. ഏതു വരെ പഠിച്ചു? അതിനുമുത്തരം കിട്ടി.. ഇനി... മനപ്പാഠം പഠിച്ച ചോദ്യങ്ങള്‍ ഓര്‍മയില്‍ നിന്നും ഓടിയോളിച്ച്ചു. അടുത്ത ചോദ്യം അവനറിയാതെ നാവില്‍ നിന്നും വെളിയിലേക്ക് വഴുതി വീണു: എവിടെയാണ് വീട്?!!........ അനന്തരം പെണ്‍കുട്ടി അകത്തളങ്ങളില്‍ അപ്രത്യക്ഷമായി എന്ന് കിംവദന്തി.



സുഹൃത്തും ബന്ധുവുമായ ഒരുത്തന്‍ താന്‍ പെണ്ണ് കാണാന്‍ പോയ കഥ പറഞ്ഞു കണ്ണീരു തൂകിയിട്ടുണ്ട്. ഇപ്പോള്‍ ഗള്‍ഫില്‍ ജോലി ചെയ്യുന്ന അവന്‍ അവധിക്കു നാട്ടിലെത്തുംപോഴേക്കും വീട്ടുകാര്‍ ജാതകപ്പൊരുത്തം ഉള്ള നാലഞ്ചു പെണ്‍കുട്ടികളെ കണ്ടു വെച്ചിരുന്നു. അതില്‍ ഏറ്റവും സുന്ദരിയെന്നു അവന്റെ സഹോദരിയും മറ്റു വീട്ടുകാരും വാനോളം പുകഴ്ത്തിയ പെണ്‍കുട്ടിയെ കാണാന്‍ നാവോളം വെള്ളവുമായി ഇറങ്ങിത്തിരിച്ചതായിരുന്നു അവന്‍. പെണ്‍വീട്ടിലെ സ്വീകരണമുറിയില്‍ നിയുക്തവധു ചായയുമായി ലജ്ജാവതിയായി ഇറങ്ങിവന്നപ്പോള്‍ ഞെട്ടിയത് എന്റെ സുഹുത്തു! നാട്ടില്‍ ചില്ലറ പുഷ്പ്പത്തരങ്ങളുമായി കറങ്ങിനടന്ന കാലത്തിന്റെ നേരറിവുള്ളൊരു ദൃക്സാക്ഷി ആയിരുന്നു ആ പെണ്‍കുട്ടി. ചങ്ങാതിക്ക് നഗരത്തിലെ ഒരു ട്രാവല്‍ എജെന്‍സിയില്‍ ജോലിയുള്ള കാലത്ത് അടുപ്പത്തിലായ ഒരു കോളേജുകുമാരിയുടെ ഏറ്റവും അടുത്ത കൂട്ടുകാരി ആയിരുന്നു ആ പെണ്‍കുട്ടി. ഈ കുട്ടി പല നിര്‍ണ്ണായകസമയത്തും ഹംസമായി രക്ഷകയും സംരക്ഷകയും ഒക്കെയായി അവതരിക്കുകയും ചെയ്തിട്ടുണ്ട്. "ചെക്കനെ" കണ്ട പെണ്ണും സിനിമയിലെന്ന പോലെ ഞെട്ടി. എന്റെ കൂട്ടുകാരനപ്പോള്‍ ഓര്‍ത്തത് ആ കലികാലത്ത് മറ്റവളുടെ പിന്നാലെ പോയിരുന്നില്ലെങ്കില്‍ ഇപ്പോള്‍ ഈ തളിര് പോലുള്ള പെണ്ണിന്റെ മുന്‍പില്‍ തല താഴ്ത്തി ഇരിക്കേണ്ടി വരില്ലായിരുന്നില്ലല്ലോ ഈശ്വരാ എന്നായിരുന്നു. മറ്റവളാണെങ്കില്‍ കെട്ടുകഴിഞ്ഞു ഒന്ന് പെറ്റെണീറ്റ് തടിച്ചു വീര്‍ത്തു അമ്മച്ചിയെ പോലെയാണിപ്പോള്‍. അതൊക്കെയോര്‍ത്തു സങ്ങടപ്പെട്ടും ചിന്താകുലനായും മുഖമുയര്‍ത്താതെ ഇരുന്നപ്പോള്‍ ഏതോ കാര്‍ന്നോരുടെ വക പല്ലില്ലാത്തൊരു പുളിച്ച തമാശ. ചെറുക്കന്‍ വലിയ നാണക്കാരനാണെന്നു തോനുന്നല്ലോ എന്ന്! ഇങ്ങനെയൊരു ത്രിശന്കുവില്‍ പെട്ടില്ലായിരുന്നെങ്കില്‍ കാണിച്ചുതരാമായിരുന്നു എന്ന് മനസ്സില്‍ പിറുപിറുക്കലല്ലാതെ വേറെന്തു വഴി. ഒരുവിധം അവിടുന്ന് രക്ഷപ്പെട്ടു പുറത്തിറങ്ങിയപ്പോള്‍ പെങ്ങളുടെ വക ചൊറിച്ചില്‍. പെണ്ണിനെ വല്ലാതെ പിടിചൂന്നു മുഖം കണ്ടാലറിയാം.. അല്ലേട.. അച്ഛനാണെങ്കില്‍ അതിനുമപ്പുറം കടന്നു കല്യാണപാര്‍ടി വരുമ്പോള്‍ ബസ് പെണ്ണ് വീടിന്റെ അടുത്തു വരെ കൊണ്ട് നിര്‍ത്താമെന്ന് ഉച്ചത്തില്‍ ചിന്തിക്കുകയായിരുന്നു. കാറില്‍ മടങ്ങുന്ന വഴിയില്‍, ഉപമകള്‍ കൊണ്ട് പെണ്ണിന്റെ മൂടുന്നതിനിടയില്‍ ഒരു ശ്വാസത്തിന്റെ ഇടവേള കിട്ടിയപ്പോള്‍ കൂട്ടുകാരന്‍ ഒറ്റവാക്കില്‍ പറഞ്ഞു കളഞ്ഞു: പെണ്ണിനെ എനിക്കിഷ്ടപ്പെട്ടില്ല. അച്ഛന്റെയും സഹോദരിയുടെയും മുഖം കണ്ടപ്പോള്‍ അവന്‍ വീണ്ടും ഞെട്ടി: വേവലാതിക്കിടയില്‍ അറിയാതെ പറഞ്ഞത് "താങ്കളെന്റെ അച്ഛനല്ല" എന്നോ മറ്റോ ആണോ ഇനി ഈശ്വരാ.. ?! അത്രയും അവിശ്വ സനീയമായിരുന്നു അവരുടെ മുഖം! നിനക്കിനി ഐശ്വര്യ റായിയെ കൊണ്ടുതരാമെടാ എന്ന പെങ്ങളുടെ ആക്രോശവും, വിശ്വാമിത്രനെ ഇളക്കാന്‍ വരുന്ന മേനകയെ നമുക്ക് കാണാമെന്ന അച്ഛന്റെ ഭീഷണിയും കേട്ടില്ലെന്നു നടിച്ചു അവന്‍ കണ്ണുമടച്ചു കാറിലിരുന്നോര്‍ക്കുകയായിരുന്നു: പ്രേമം അന്ധമാണെന്നു പറഞ്ഞതാരാണ്? ആരായാലും തൊഴണം. അങ്ങനെയല്ലെങ്കില്‍ കരിവിളക്കു പോലുള്ള ഒരെണ്ണത്തിന്റെ കണ്ണും കവിളും വര്‍ണ്ണിച്ചു നടക്കുന്ന കാലത്ത് തൊട്ടപ്പുറത്ത് വെറുതെ ഫ്രീ ആയി നടന്ന ഈ നിലവിളക്കിനെ കാണാതെ പോകുമായിരുന്നോ?!



..........................................................................................................................................................



മരണവും മരണവീടും മരണവിവരവും എപ്പോഴും ശോകമൂകവും ആര്ദ്രസാന്ദ്രവും ആയിരിക്കും. എന്നിരുന്നാലും ചിലപ്പോഴെങ്കിലും ചെറിയ ചിരികള്‍ സമ്മാനിച്ച ചില മരണ മുഹൂര്‍ത്തങ്ങളും അപൂര്‍വമായി ഉണ്ടാകാറുണ്ട്. അതിലൊന്ന് ഓര്‍മയില്‍ തങ്ങി നില്‍ക്കുന്നത് ഒരു മരണവിവരം അറിയിക്കാന്‍ പോയപ്പോള്‍ ഉണ്ടായ ചെറിയൊരു സംഭവമാണ്. അയല്പ്പക്കഗ്രാമങ്ങളില്‍ വിവരം പറയാന്‍ പോയ ചെറു സംഘത്തിലെ ഏറ്റവും മുതിര്ന്നതും ഫലിതപ്രിയനുമായ കൃഷ്ണേട്ടന്‍ തനിക്കു തോന്നുന്ന കാര്യങ്ങള്‍ വെട്ടിത്തുറന്നു പറഞ്ഞു, കേള്‍ക്കുന്ന ആളുകളെ അമ്പരപ്പിക്കുന്ന സ്വഭാവക്കാരനായിരുന്നു. മരിച്ച ആളുടെ ഒരിത്തിരി അകന്ന ബന്ധുവായ ഒരു ശാന്തചേച്ചിയുടെ വീട്ടില്‍ രാത്രി വൈകി വിവരമറിയിക്കാനെത്തുംപോള്‍ ആ വീട് ഉറക്കത്തിലായിരുന്നു. ബെല്ലടിച്ചപ്പോള്‍ വാതില്‍ തുറന്നത് ഉറക്കച്ചടവോടെ ശാന്തചേച്ചി. അസമയത് പ്രതീക്ഷിക്കാത്ത ആളുകളെ മുന്നില്‍ കണ്ടപ്പോള്‍ സ്വാഭാവികമായും അവരുടെ മുഖത്തു പരിഭ്രമം.. അടുത്ത ബന്ധുവോന്നുമല്ലാത്തത് കൊണ്ട് ലാഘവത്തോടെ വന്ന കാര്യം പറഞ്ഞു. വാര്‍ത്ത അത്രയൊന്നും ഞെട്ടലുളവാക്കുന്നതല്ലാതിരുന്നിട്ടും അനിയന്ത്രിതമായൊരു വായുസഞ്ചാരം ആ സ്ത്രീയുടെ ഉടലങ്ങോളം പാഞ്ഞു പോയിരിക്കാം.. തൊട്ടടുത്ത നിമിഷം രാത്രിയുടെ ശാന്തതയില്‍ അവരില്‍ നിന്നും ശബ്ദസഹിതം ഒരു അധോവായു കൈവിട്ടു പുറത്തേക്കു പറന്നു. വാതില്പടിക്കടുത്തു നില്‍ക്കുകയായിരുന്ന അവര്‍ ജാള്യത മറക്കാനെന്നോണം ദ്രവിച്ച വിജാഗിരിയുള്ള വാതില്‍ ഒരു തവണ അകത്തോട്ടും പുറത്തോട്ടും അടച്ചു തുറന്നു. കുടല്മാലകള്‍ക്കും ചെറുവന്‍കുടലുകള്‍ക്കും ഇടയിലെവിടെയോ ആന്തരാവയവങ്ങള്‍ സ്ഥലകാലബോധമില്ലാതെ നിര്‍ദയം ഉത്പാദിപ്പിച്ചു വിട്ട ആ ഒരു നാണക്കേട്‌ അങ്ങനെയൊക്കെ ഇല്ലാതായെന്ന് ഒട്ടൊക്കെ ആശ്വസിച്ചു നിന്ന ശാന്തചേച്ചിയുടെ വിയര്‍ത്തു തുടങ്ങിയ മുഖത്തേക്ക് കൃഷ്ണേട്ടന്റെ ചോദ്യം മിന്നല് പോലെ പതിച്ചു: അല്ല ശാന്തേ, ഒച്ച നീ വാതില് കൊണ്ട് മറച്ചു.. ഈ നാറ്റം നീ എങ്ങനെ ഇല്ലാതാക്കും?!.....


ഒരു കൂട്ടുകാരന്‍ മരണം അറിയിക്കാന്‍ പോയി ചമ്മിയ കാര്യം പറഞ്ഞു പലപ്പോഴും ചിരിച്ചിട്ടുണ്ട്. അല്പം അകലെയുള്ള ഒരു സ്ഥലത്തെ ഏതോ ഒരു ബാലനെ ആണ് കണ്ടു കാര്യം പറയേണ്ടത്. പൊതുവേ എല്ലാ നാട്ടിലും കുറെയേറെ ബാലന്‍മാര്‍ ഉണ്ടാകും എന്നറിയാവുന്നതു കൊണ്ട് അറ്റകൈയ്ക്ക് ഉപയോഗിക്കേണ്ട ഒരു അടയാളവാക്കും കൂടെ പറഞ്ഞു കൊടുത്തു മരണവീട്ടിലെ നിര്‍ദെശകന്‍. അവിടെ ആ നാല്‍കവലയില്‍ വണ്ടി നിര്‍ത്തി ആദ്യം കണ്ട ആളെ സമീപിച്ചു ഇങ്ങനെയൊരു ബാലനെ അറിയുമോ എന്ന് ആരാഞ്ഞു. കൂടുതല്‍ ഐടന്റിട്ടി ക്വോസ്റ്യന്‍സ് വരാന്‍ തുടങ്ങിയപ്പോള്‍ കണ്ഫുഷ്യന്‍ വേണ്ടെന്നു വെച്ച് അവസാനത്തേക്ക് വെച്ച ക്ളൂ അപ്പോള്‍ തന്നെ എടുത്തുപയോഗിച്ചു പുള്ളിക്കാരന്‍. "കീരി ബാലന്‍ എന്നാണു അങ്ങേരു അറിയപ്പെടുന്നതത്രേ.." ... ലേശം ഞെട്ടിക്കൊണ്ടു ഒന്ന് സൂക്ഷിച്ചു നോക്കി അയാള്‍ വന്ന വിവരം ആരായുമ്പോഴും കൂട്ടുകാരന് അപകടം മണത്തില്ല. ഇന്നെയാളുടെ മരണവിവരം അറിയിക്കാനാണ് ഇങ്ങനെയൊരു കീരി ബാലനെ തേടി ഇറങ്ങിയതെന്നൊക്കെ വിവരിക്കുമ്പോള്‍ മൂക്ക് വിറച്ചു കൊണ്ട് അയാള്‍ മെല്ലെ ചീറ്റി.. വിട്ടോ.. ഞാനങ്ങു എത്തിയേക്കാം.. ! വിവരം പറയാന്‍ പോയത് വിവരക്കേടായി മാറിയെന്നു അയാളുടെ മൂകിന്‍തുമ്പിലെ വിയര്‍പ്പുകണങ്ങള്‍ അവനെ അറിയിച്ചത് അപ്പോഴാണ്‌....!



..........................................................................................................................................................



ചമ്മലുകള്‍ വായ്നോട്ടത്തിന്റെ അനിവാര്യവും അഭിവാജ്യവുമായൊരു ഘടകമാണ്. പൂവാല ചര്ത്രത്തില്‍ രേഖപ്പെടുത്തിയ ചമ്മല്‍ മുഹൂര്തങ്ങള്‍ക്ക് കൈയും കണക്കുമുണ്ടാകില്ലെന്നുരപ്പു. പത്താം ക്ലാസ്സിലെ ആദ്യ അദ്യയന ദിനങ്ങളിലെ വിനോടങ്ങളിലോന്നു കൂട്ടുകാരുമൊത്ത് ഹൈ സ്കൂളില്‍ പുതുതായി ചേര്‍ന്നവരില്‍ കാണാന്‍ തരക്കേടില്ലാത്ത മുഖങ്ങളെ തിരയുക എന്നതായിരുന്നു. നിര്‍ദോഷമായ ഈ നെരംപോക്കുകളിലൂടെ കടന്നു പോയിരുന്ന ഒരു ദിവസം സുധീര്‍ എന്ന സുഹൃത്ത് ഞങ്ങളുടെ ഗങ്ങിന്റെ അടുത്തു ഓടിക്കിതച്ചു വന്നു അല്‍പ്പം മുന്‍പ് പുതുതായി കണ്ടെത്തിയ ഒരു സുന്ദരമുഖത്തെക്കുരിച്ചു കിതപ്പാറാതെ വര്‍ണ്ണന തുടങ്ങി. എന്റെ കൂടെയുണ്ടായിരുന്ന ബാബുവും ബിജുവുമൊക്കെ സമയം ഒട്ടും കളയാതെ സുധീര്‍ പറഞ്ഞ ക്ലാസിലേക്ക് വെച്ച് പിടിച്ചു. കുന്നിന്‍ നെറുകയിലുള്ള പത്താം ക്ലാസ്സിന്റെ ബ്ലോക്കില്‍ നിന്നും ഏറ്റവും താഴെ കിടക്കുന്ന എട്ടാം ക്ലാസ് ബ്ലോക്കില്‍ നിമിഷങ്ങള്‍ കൊണ്ടെത്തിയ ഞങ്ങള്‍ക്ക് മുന്‍പില്‍ സുധീറിന്റെ ചൂണ്ടുവിരല്‍ അവന്‍ സുന്ദരിയെ കണ്ട ബുക്ക്‌ സ്റൊരിനു നേരെ നീണ്ടു. അവിടെ പെണ്‍കുട്ടികളുടെ ചെറിയൊരു കൂട്ടത്തില്‍ തിളങ്ങി നിന്ന ആ മുഖത്തിന്റെ ഉടമയെ കണ്ടതും ഞാന്‍ പിന്നോട്ട് വലിഞ്ഞു സുധീറിനെ വലിച്ചു പുരകിലോട്ടിട്ടു. ആര്‍ത്തിയോടെ ഞങ്ങളുടെ കൂടെ, ഞങ്ങളെക്കാളും മുന്‍പേ അവിടേക്ക് പാഞ്ഞുവന്ന ബാബുവിന്റെ സഹോദരി ആയിരുന്നു അത്! അയല്വാസിയായിരുന്നത് കൊണ്ട് എനിക്കറിയാമായിരുന്നെങ്കിലും മറ്റു കൂട്ടുകാര്‍ക്കു അതുവരെയും അജ്ഞാതമായിരുന്നു ഈ കാര്യം. വളിച്ച മുഖങ്ങളുമായി തിരിച്ചു കുന്നു കയറി സ്വന്തം ക്ലാസ്സ് മുരികളിലെത്താന്‍ അന്ന് പതിവിലും ക്ലേശിച്ചു എല്ലാവരും.



ഇതേ പോലൊരു സിറ്റ്വേഷന്‍ അഭിമുകീകരിച്ച രണ്ടു പേരെ കുറിച്ച് എന്റെ നാട്ടിലെ സായാഹ്ന്നസംവാദങ്ങളില്‍ ഒരുപാട് തവണ കേട്ടിട്ടുണ്ട്. കാഞ്ഞിരക്കണ്ടി ജബ്ബാറും കണ്ണംകോട്ടു ശിവനും ആത്മസുഹൃത്തുക്കളാണ്. ഇരുവരും നാല്പ്പതുകളിലാണെങ്കിലും മനസ്സില്‍ യുവത്വം ത്രസിച്ചു തന്നെ. അതുകൊണ്ട് തന്നെ വൃത്തിയായി വായ്നോട്ടത്തിനുള്ള അവസരങ്ങളൊന്നും നഷ്ടപ്പെടുത്താറില്ല. ഒരു ദിവസം ജന്ഗ്ഷനിലേക്ക് നീളുന്ന കൈവഴിയിലൂടെ ശിവനും ജബ്ബാറും നടന്നുവരുമ്പോള്‍ അകലെ നിന്നും ഒരു പച്ചപ്പാവാടക്കാരി നടന്നടുക്കുന്നുണ്ട്. ആ അകലത്തില്‍ തന്നെ അവളുടെ ശരീരഘടനയും ആകാരസൌഭാഗവും അങ്ങലാവണ്യവും ഇരുകൂട്ടുകാര്‍ക്കും അവ്യക്തമായെങ്കിലും മനസ്സിലാകുന്നുണ്ട്. പെണ്‍കുട്ടി മന്ദം മന്ദം നടന്നു വരികയാണ്. ജബ്ബാര്‍ തന്റെ ഉള്ളിലുളവാകുന്ന കോരിത്തരിപ്പുകള്‍ നെടുവീര്‍പ്പിലൂടെ പുറത്തെടുത്തു. ഡാ.. ശിവാ.. ആ വരുന്ന കൊച്ചിന്റെ കുണുങ്ങിക്കുലുക്കിയുള്ള നടത്തം കണ്ടോ. കാര്യം ശിവനും സമ്മതിച്ചു. മൊത്തത്തില്‍ ഒരാനച്ചന്തം. അനുനിമിഷം അരികിലെക്കൊഴുകിവരുന്ന ആ അരയന്നത്തെ ജബ്ബാര്‍ മിഴികളാല്‍ തഴുകാനും വര്‍ണ്ണനകളാല്‍ മൂടാനും തുടങ്ങി. മുടിയിഴകള്‍.. കണ്ണുകള്‍.. മൂക്ക്.. ചുണ്ട്.. കഴുത്തു... പച്ചപ്പാവാടക്കാരി ഇപ്പോള്‍ വ്യക്തമായും തിരിച്ചറിയാവുന്നത്രയും അരികെ.. അടുത്ത അവയവത്തിന്റെ ഉപമകളിലേക്ക് സാവേസം കടക്കാന്‍ തുടങ്ങുന്ന ജബ്ബാറിനെ ശിവന്‍ ദയനീയമായി തടഞ്ഞുകൊണ്ട്‌ പറഞ്ഞു: എടാ ജബ്ബാറെ, അതെന്റെ മരുമോളാനെടാ.. തിരിച്ചെടുക്കാന്‍ കഴിയാതെ വിധം വാക്കുകളുടെ അതിര്‍വരമ്പുകള്‍ കടന്നു കുതിച്ചു പോയ ജബ്ബാര്‍ ഒരു നിമിഷം പകച്ചു പോയിരുന്നിരിക്കാം. മനോനില നിമിഷാര്ദം കൊണ്ട് വീണ്ടെടുത്ത ജബ്ബാര്‍ നാല് കാലില്‍ വിദഗ്ദമായി സുരക്ഷിതമായി ലാന്റു ചെയ്തു കൊണ്ട് ശിവന്റെ ചുമലില്‍ തരക്കേടില്ലാത്തൊരു തട്ട്. എന്നിട്ടിങ്ങനെ മൊഴിഞ്ഞു: കണ്ണംകോട്ടങ്ങു മലേംകാട്ടിലോന്നുമല്ലല്ലോ.. നിന്റെ മരുമോളാന്നെനിക്കറീന്നതല്ലേ.. അവള് നല്ല മോളാ കേട്ടാ .. നീ അവളെ നല്ലെടുത്തു തന്നെ പറഞ്ഞയക്കണം.. നല്ല ചെറുക്കനെ തന്നെ നോക്കണം.. എന്നിങ്ങനെയൊക്കെ ഉപദേശിച്ചുകൊണ്ട് ജബ്ബാര്‍ പെട്ടെന്ന് തന്നെ തന്റെ വികടദോഷമുള്ള പൂവാലരൂപത്തില്‍ നിന്നും കാര്യബോധമുള്ളൊരു കാരണവരിലേക്ക് മെയ് വഴക്കത്തോടെ പരകായപ്രവേശം നടത്തി!



................................................................................................................................................



ഹൃദയം തുറന്നു ചിരിക്കാനുള്ള നല്ല നിമിഷങ്ങള്‍ അനുദിനം ഇല്ലാതായികൊണ്ടിരിക്കുന്നു. എവിടെയും അശാന്തിയും പ്രതിസന്ധികളും ദുരിതങ്ങളും നമ്മളെ പൊതിഞ്ഞിരിക്കുന്നു. ഇതിനിടയില്‍ വീണുകിട്ടുന്ന നന്മകളും നര്മങ്ങളും നിറഞ്ഞ ഇത്തിരി നിമിഷങ്ങള്‍ കാണാനോ കാത്തിരിക്കാനോ ആര്‍ക്കും സാവകാശമില്ലാതായിരിക്കുന്നു. എല്ലാം പിടിച്ചടക്കാനുള്ള അശ്വമേധങള്‍ക്കിടയില് നാം അറിയാതെ പോകുന്ന പച്ചയായ നേരുകളുടെ നനവുകള്‍ വെറുതെ കിടന്നു വറ്റിവരളുന്നു. അന്യോന്യം ക്രോധപൂര്വം വിന്യസിപ്പിചെടുക്കുന്ന ആസുരതയ്ക്കിടയില്‍ നിഷ്കളങ്ങമായൊരു പുഞ്ചിരിയുടെ ഇടം അത്രമേല്‍ ചെറുതാണ്. പുതുതലമുറയുടെ കാലടികള്‍ക്ക് ചുറ്റും കൃത്യമായി അതിരുകളും ആസക്തിയും നിറച്ചു വരയ്ക്കപെട്ട ഒരു കോര്പരട്റ്റ് വൃത്തമുണ്ട്. അതിന്റെ ഇത്തിരി വട്ടം ഭേദിച്ച്, നിര്‍ദോഷമായ പുഞ്ചിരികള്‍ വിരിയിക്കപെടുന്ന ആള്‍ക്കൂട്ടസാന്നിധ്യത്തിലേക്ക് പ്ലേ സ്റ്റേഷനും ബ്ലാക്ബെറിയും ഐപാടും ഇത്തിരി നേരത്തേക്കെങ്കിലും കൈഒഴിഞ്ഞു വരുന്ന ചിലരെങ്കിലും അവശേഷിക്കുന്നുണ്ടാകാം. അവര്‍ക്ക് വേണ്ടിയെങ്കിലും ഞാന്‍ ഓര്‍മ്മകള്‍ കൊണ്ട് ഇക്കിളിപ്പെട്ടു വെറുതെ ചിരിക്കട്ടെ.

“You don't stop laughing because you grow old. You grow old because you stop laughing.”
Michael Pritchard

3 comments:

Rameez Thonnakkal said...

കൂടെ ജോലി ചെയ്യുന്ന തൃശ്ശൂര്‍ സ്വദേശി സുഹൃത്ത് പറഞ്ഞ രണ്ടു പെണ്ണ് കാണല്‍ സന്ദര്‍ഭങ്ങള്‍ കൂടി ഓര്‍മയില്‍ വരുന്നു. ഒന്ന്, കാര്യമായിട്ടൊന്നുമില്ല; കാണാന്‍ പോയ ചെറുക്കന്‍ അകത്തു നിന്നും പെണ്ണിറങ്ങി വന്നപ്പോള്‍ വെപ്രാളത്തില്‍ അറിയാതെ എഴുന്നേറ്റു നിന്ന് ബഹുമാനം പ്രകടിപ്പിച്ചു പോയത്രേ. മറ്റൊരു പുള്ളി പെണ്ണിനോട് ചോദിക്കാനുള്ള ചോദ്യങ്ങളൊക്കെ പ്രിപയെര്‍ ചെയ്തിട്ട് പോയതായിരുന്നു. പെണ്‍വീട്ടിലെ ചടങ്ങിലെ വേവലാതിയില്‍ എല്ലാം തകിടം മറിഞ്ഞു വാക്കുകള്‍ മുറിഞ്ഞു. പേരെന്താണ്?.. അവളുത്തരം പറഞ്ഞു. ഏതു വരെ പഠിച്ചു? അതിനുമുത്തരം കിട്ടി.. ഇനി... മനപ്പാഠം പഠിച്ച ചോദ്യങ്ങള്‍ ഓര്‍മയില്‍ നിന്നും ഓടിയോളിച്ച്ചു. അടുത്ത ചോദ്യം അവനറിയാതെ നാവില്‍ നിന്നും വെളിയിലേക്ക് വഴുതി വീണു: എവിടെയാണ് വീട്?!!........ അനന്തരം പെണ്‍കുട്ടി അകത്തളങ്ങളില്‍ അപ്രത്യക്ഷമായി എന്ന് കിംവദന്തി.
...

This is the ultimate... :)..

I laughed a lot on this..

Cartoonist said...

ചങ്ങായ്,
താങ്കളുടെ സാഹിത്യം
ബ്രദര്‍ ഹാസ്യത്തെ
ചമ്മന്തിയാക്കാതെ നോക്കണേ... :)

4thepeople said...

nannayittundu mashe...